- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതയുടെ കാലത്തെ സഹിഷ്ണുത കാഴ്ചകൾ; ക്ഷേത്രത്തിനും പള്ളിക്കും ഉൽസവമാഘോഷിക്കാൻ ഒറ്റ കമാനം മതി; മതമൈത്രിയുടെ കല്ലൂപ്പാറ വിശേഷങ്ങൾ ഇങ്ങനെ
പത്തനംതിട്ട: മതമൈത്രിയുടെ പുതു മാതൃക തീർക്കുകയാണ് പത്തനംതിട്ടയിലെ കല്ലൂപ്പാറ. ചിരപുരാതനമായ ദേവിക്ഷേത്രവും പള്ളിയും അടുത്തടുത്തുള്ള സ്ഥലം. രണ്ടിടത്തും ഉൽസവം ഒരേ സമയത്ത് വരിക പതിവുള്ളതല്ല. എന്നാൽ ഇത്തവണ അതു സംഭവിച്ചു. രണ്ടിടത്തും ഉൽസവം ഒരേ സമയത്ത്. പരസ്പരം മത്സരിച്ച് മികവുകാട്ടാനായിരുന്നില്ല പള്ളി അധികാരികളുടേയും ക്ഷേത്രത്തി
പത്തനംതിട്ട: മതമൈത്രിയുടെ പുതു മാതൃക തീർക്കുകയാണ് പത്തനംതിട്ടയിലെ കല്ലൂപ്പാറ. ചിരപുരാതനമായ ദേവിക്ഷേത്രവും പള്ളിയും അടുത്തടുത്തുള്ള സ്ഥലം. രണ്ടിടത്തും ഉൽസവം ഒരേ സമയത്ത് വരിക പതിവുള്ളതല്ല. എന്നാൽ ഇത്തവണ അതു സംഭവിച്ചു. രണ്ടിടത്തും ഉൽസവം ഒരേ സമയത്ത്. പരസ്പരം മത്സരിച്ച് മികവുകാട്ടാനായിരുന്നില്ല പള്ളി അധികാരികളുടേയും ക്ഷേത്രത്തിന്റേയും തീരുമാനം. മറിച്ച് സഹവർത്തിത്വത്തിന്റെ പാതിയിൽ നാടിന് ആഘോഷമാകുന്ന ഉത്സവകാലം. അതിന് അവർ ഒരുമിച്ചപ്പോൾ അത് നാടിന് അഭിമാനിക്കാവുന്ന വേറിട്ട കാഴ്ചയുമായി. ചരിത്രത്തിലെ സൗഹൃദം ഓർമിപ്പിച്ചുള്ള ഒത്തു ചേരൽ.
കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉൽസവം ഈ മാസം 12 മുതൽ 18 വരെയാണ്. കല്ലൂപ്പാറ വലിയ പള്ളി പെരുന്നാൾ 13,14,15 തീയതികളിലും. സാധാരണ ക്ഷേത്രത്തിന്റെ എഴുന്നള്ളിപ്പ് കടന്നുപോകുമ്പോൾ പള്ളിക്ക് മുമ്പിൽ അൽപ്പ സമയം നിർത്തും. കഴിഞ്ഞ ഉത്സവാകലത്ത് പള്ളി മതിലിൽ ചിരാതുകൾ തെളിച്ച് സൗഹൃദത്തിന്റെ സന്ദേശവും പള്ളി നൽകി. കല്ലൂപ്പാറ വലിയ പള്ളിയുടെ റാഫ കടന്നുപോകുമ്പോൾ ക്ഷേത്രാധികാരികളുംആദരവുമായെത്തും. ഈ മതമൈത്രിയുടെ പുതിയകാല കാഴ്ചയാണ് അമ്പലത്തിന്റേയും പള്ളിയുടേയും പെരുന്നാളുകൾ ഒരോ സമയത്തുമ്പോൾ കാണുന്നത്. പരസ്പരം മത്സരിക്കാതെ ഇരുകൂട്ടരും നാടിന്റെ ആഘോഷമാക്കി ആരാധനാലയങ്ങളുടെ ഉൽസവം മാറ്റുന്നു.
പള്ളിപ്പെരുന്നാളിനും ക്ഷേത്ര ഉൽസവത്തിനും ഒരു കമ്മാനം മാത്രം. പള്ളിയുടെ ആഘോഷത്തിലും അമ്പലത്തിന്റെ ഉത്സവത്തിലും പരസ്പര സഹകരണം. ക്ഷേത്ര ചടങ്ങുകളിലും മതാതീതമായ ഇടപെടലുകൾ കാണാം. ഉൽസവത്തിന്റെ കൊടിയേറ്റ് ദിവസമായ 12ന് സേവാ പന്തൽ ഉദ്ഘാടനമുണ്ട്. ഇടപ്പള്ളി തമ്പുരാനായ അഡ്വക്കേറ്റ് ശർരാജയാണ് ഉദ്ഘാടകൻ. അനുഗ്രഹ പ്രഭാഷണത്തിന് എത്തുന്നത് മാർത്തോമാ സഭയുടെ വലിയ മെത്രോപൊലീത്ത മാർ ക്രിസോസ്റ്റം തിരുമേനിയും. കല്ലൂപ്പാറപ്പള്ളിയിലെ ഫാദർ ജോജി എം എബ്രഹാമും ആശംസാ പ്രാസംഗികനാകുന്നു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കുഴിക്കാട്ടില്ലത്ത് നാരാണൻ വാസുദേവൻ ഭട്ടതിരിപ്പാടും പങ്കെടുക്കുന്നു. അങ്ങനെ സഹിഷ്ണുതയുടെ നേർ ചിത്രമാണ് കല്ലൂപ്പാറയിലെ ഇത്തവണത്തെ ഉൽസവങ്ങൾ.
നിർദ്ധനരായ രണ്ട് യുവതികളുടെ വിവാഹവും ഇത്തവണ നടക്കുന്നു. ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായി ഭാഗവത സപ്താഹം നടക്കുന്നുണ്ട്. ഇതിൽ രുഗ്മീണീ സ്വയംവരാവതരണ ദിവസമാണ് വിവാഹം. അഞ്ച് പവനും വിവാഹ ചെലവുകളും ക്ഷേത്രം വഹിക്കും. അങ്ങനെ മൈത്രിയുടേയും സാഹോദര്യത്തിന്റെയും പ്രതീക്ഷയുടേയും ഉൽസവക്കാലത്തിലേക്കാണ് കല്ലൂപ്പാറയെന്ന കൊച്ചു ഗ്രാമത്തിന്റെ യാത്ര. അമ്പലം കമ്മറ്റിയുടേയും പള്ളി ഇടവകയുടേയും സ്‌നേഹാദരങ്ങൾ തന്നെയാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. പരസ്പര സഹകരണത്തോടെ എല്ലാം ഭംഗിയാക്കുമെന്ന് ക്ഷേത്ര കമ്മറ്റിയുടെ സെക്രട്ടറി രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ദാരുക നിഗ്രഹത്തിനെ ശേഷം, ശാന്ത ഭാവത്തിൽ ഇരിയ്കുന്ന മാതാ കാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മൂലബിംബം ശ്രീ ചക്രമാണ്. മകര മാസത്തിലെ, ഭരണി അമ്മയുടെ തിരുനാളായി കണ്ടു ആഘോഷിക്കുന്നു. അന്നേ ദിവസത്തെ ചമയ വിളക്കാണ് പ്രധാന വഴിപാട്. കുംഭ മാസത്തിലെ ഭരണിയോടു ചേർന്നും ഉത്സവം ഉണ്ട്. ഇതിന്റെ ഭാഗമായി പടയണിയും നടക്കുന്നു. മേടത്തിലെ മകയിരം പുന പ്രതിഷ്ഠ ദിനം ആയി ആചരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കും കിഴക്കും പ്രദക്ഷിണാകൃതിയിൽ മണിമല ആറ് ഒഴുകുന്നത്, വസ്തു പരമായ ഔന്നത്ത്യത്തെയാണ് ഇത് കാണിക്കുന്നത്. പാറയ്ക്ക് മുകളിൽ ഒരിക്കലും വറ്റാത്ത ക്ഷേത്രത്തിനുള്ളിലെ കണിറും പ്രത്യേകതയായുണ്ട്. മുൻകാലത്ത് എലങ്ങല്ലൂർ സ്വരൂപം ആയിരുന്നു ക്ഷേത്ര ഭരണം നടത്തിയത്. ഇപ്പോൾ, 5 കരകളിലെ വിശ്വാസികൾ അടങ്ങിയ ട്രസ്റ്റാണ് ഭരണം നടത്തുന്നത്.
മതമൈത്രിയുടെ ഉത്തമോദാഹരണമാണ് കല്ലൂപ്പാറ പള്ളിയുടെ ചരിത്രം. നൂറ്റാണ്ടുകൾക്ക് മുമ്പ് കല്ലൂപ്പാറയിൽ ക്രൈസ്ത ആരാധനാലങ്ങളൊന്നും ഇല്ലായിരുന്നു. പരുമല പള്ളിയായിരുന്നു അടുത്ത ആരാധനാലയം. അതുകൊണ്ട് തന്നെ ശവമടക്കിനും മറ്റും തോണിയിൽ വളരെ ദൂരം യാത്ര ചെയ്യണം. അങ്ങനെ ഒരുനാൾ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മഠത്തിൽ കടവിലെ കൊട്ടാരത്തിൽ ഇടപ്പള്ള തമ്പുരാൻ വിശ്രമിക്കുകയായിരുന്നു. ഈ സമയം മരിച്ചയാളുടെ മൃതദേഹവുമായി ക്രിസ്ത്യാനികൾ തോണിയിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് കല്ലൂപ്പാറയിൽ പള്ളി ഇല്ലെന്ന കാര്യം ഇടപ്പള്ളി തമ്പുരാന്റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഇടപ്പള്ളി തമ്പുരാൻ നൽകി സ്ഥലത്ത് ക്ഷേത്രത്തിനടുത്തായി പള്ളി ഉയർന്നത് അങ്ങനെയാണ്.
ഏഴു നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കല്ലൂപ്പാറ വലിയപള്ളി ഇന്ന് മദ്ധ്യ തിരുവിതാംകൂറിലെ പ്രസിദ്ധമായ ദേവാലയങ്ങളിൽ ഒന്നാണ്. ക്ഷേത്രങ്ങളുടെ മേൽക്കൂരയെ അനുകരിക്കുന്ന ദേവാലയത്തിന്റെ മേൽക്കൂര വളരയേറെ ആകർഷകമാണ്. എഡി 1339 ഇൽ ആണ് ഈ ദേവാലയത്തിന്റെ അടിസ്ഥാനം ഇട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ സഭയുടെ നിരണം ഭദ്രാസനത്തിൽ ഈ ദേവാലയം സ്ഥിതി ചെയ്യുന്നു. അർമീനിയൻ കാതോലിക്ക പരിശുദ്ധ അരാം പ്രഥമൻ ബാവാ ദേവാലയം സന്ദർശിച്ചിട്ടുണ്ട്. 2009 ഇൽ ഈ ദേവാലയത്തെ മരിയൻ തീർത്ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവ പ്രഖ്യാപിച്ചിരുന്നു.