കുവൈറ്റ് സിറ്റി: അൽ റായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് നാലു കിലോയോളം വ്യാജ സ്വർണം പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ ഇത് കേരളത്തിലെ വൻകിട ജുവലറിയുടെ ശാഖയിൽ നിന്നാണ് കണ്ടെത്തിയതെന്ന പ്രചരണം സജീവമാകുന്നു. സ്വർണ ഭാഗങ്ങൾക്ക് ഭാരംകൂട്ടാൻ ഉള്ളിൽ മറ്റ് വിലകുറഞ്ഞ ലോഹങ്ങൾ ചേർത്തുവെന്നാണ് കുവൈറ്റ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

കൊമേഴ്‌സ് അൻഡ് ഇൻഡസ്ട്രി മന്ത്രാലയ അധികൃതരാണ് അൽ റായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് 3.940 കിലോഗ്രാം സ്വർണം പിടികൂടിയത്. ഇതിന് അരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് എത്തിയ സ്വർണം എന്നു പറയുമ്പോഴും ഇത് ഏത് ജുവലറിയിൽ നിന്നാണ് എന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. ഇതോടെ അൽറായിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ജുവലറികളിൽ വ്യാജ സ്വർണം പിടികൂടി എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു.

ഇക്കഴിഞ്ഞ 13നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. പിന്നീട് സംഭവത്തിൽ കേസെടുത്തതായും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഡിസൈനുകളിൽ ഒരുക്കിയ ആഭരണങ്ങളാണ് പിടികൂടിയത്. ഭാരം കൂട്ടാനായി ആഭരണങ്ങൾക്ക് അകത്ത് വിലകുറഞ്ഞ വസ്തുക്കൾ നിറച്ചുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മറ്റ് ജുവലറികളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ആഭരണങ്ങൾക്കൊപ്പം ചേർത്ത കല്ലുകളുടെ കാര്യത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ജുവലറിയിൽ കുവൈറ്റ് അധികൃതർ പരിശോധന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അൽ റായിയിലെ കല്യാൺ ജുവലറിയിലാണ് ഇത്തരത്തിൽ വ്യാജ സ്വർണം കണ്ടെത്തിയതെന്ന പ്രചരണവും സജീവമായി. അധികൃതർ പരിശോധന നടത്തുന്നതും വ്യാജ സ്വർണം പിടികൂടുന്നതുമായ ദൃശ്യങ്ങളിൽ ഉള്ളത് കല്യാൺ ജുവലറിയാണെന്ന് വ്യക്തമാക്കി നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുകയും ചെയ്തു.

എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കല്യാൺ ജുവലറി ഉടമ കല്യാണരാമൻ. ഗൾഫ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് കല്യാൺ ജുവലറിയിൽ നിന്നല്ല സ്വർണം പിടിച്ചതെന്ന് കല്യാണരാമൻ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ശാഖകളുള്ള ജുവലറി ഗ്രൂപ്പാണ് കല്യാൺ.

അധികൃതർ ഒരു ജുവലറിയിൽ പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉള്ളു പൊള്ളയാക്കിയ സ്വർണ ബ്രേസ് ലെറ്റുകൾക്ക് ഉള്ളിൽ മറ്റ് വസ്തുക്കൾ നിറച്ചും മറ്റും തട്ടിപ്പ് നടത്തിയതിന്റെയും വിലകുറഞ്ഞ കല്ലുകൾ ആഭരണങ്ങളിൽ ഉപയോഗിച്ചതിന്റേയും ദൃശ്യങ്ങളാണിവ. ഈ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനൊപ്പം നിരവധി പേർ ഇത് കല്യാൺ ജൂവലറിയിൽ നടന്ന പരിശോധനയുടേതാണെന്ന് പറഞ്ഞ് രംഗത്തെത്തുകയുമായിരുന്നു.

ഇതോടെയാണ് സംഭവം നിഷേധിച്ച് കല്യാൺ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ടിഎസ് കല്യാണരാമൻ വാർത്താക്കുറിപ്പ് നൽകിയത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തിക്കുന്ന മുൻ നിര ഗ്രൂപ്പായ കല്യാണിലെ ആഭരണങ്ങൾ അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്നും വിശ്വാസ്യതയും സുതാര്യതയും മുഖമുദ്രയാക്കിയ കമ്പനി മൂല്യങ്ങളിൽ മുറുകെ പിടിച്ചാണ് പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള സ്ഥാപനമാണെന്നും വ്യക്തമാക്കിയാണ് കല്യാണരാമന്റെ പത്രക്കുറിപ്പ്.

കല്യാണിൽ നൽകുന്ന ആഭരണങ്ങൾ ബ്യൂറോ ഓഫ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് വിൽക്കുന്നതെന്നും കല്യാണരാമൻ പറയുന്നു. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ബന്ധപ്പെട്ട അധികൃതരുടെ പരിശോധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കല്യാണിന് എതിരെ ഇത്തരത്തിൽ വീഡിയോ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് കല്യാണരാമൻ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത്.

ഞങ്ങളുടെ കുവൈറ്റിലെ ഷോറൂമുകളിലെ സ്വർണത്തിന്റെ മേന്മയെ ചോദ്യംചെയ്യുന്ന വീഡിയോ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റഗുലേറ്ററി അഥോറിറ്റിയുടെ പ്രതിനിധികൾ ഇടയ്ക്ക് ജുവലറി ഷോറൂമുകളിൽ ആഭരണങ്ങളുടെ നിലവാരം പരിശോധിക്കാൻ എത്താറുണ്ട്. എന്നാൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച്, തെറ്റായ വിവരങ്ങൾ നൽകി ഞങ്ങളുടെ ഷോറൂമിനെതിരെ കുപ്രചരണം നടക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. എല്ലാ മുൻനിര മാനദണ്ഡങ്ങളും പാലിച്ച് നിലവാരം ഉറപ്പുവരുത്തിയ ആഭരണങ്ങളാണ് ഞങ്ങളുടെ ഷോറൂമിൽ ഉള്ളത്. - കല്യാണരാമൻ പ്രസ്താവയിൽ പറയുന്നു.

തങ്ങളുടെ ബ്രാൻഡിനെ നശിപ്പിക്കാനുള്ള ചില സ്ഥാപിത താൽപര്യക്കാരുടെ തന്ത്രമാണ് ഇപ്പോൾ നടക്കുന്ന പ്രചരണത്തിന് പിന്നിലെന്നാണ് കല്യാൺ ഉടമ വ്യക്തമാക്കുന്നത്. അൽ റായി മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജുവലറി ഉടമകളും ഇതൊരു വ്യാജ വീഡിയോ ആണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ ജുവലറിയിൽ നിന്ന് ആഭരണം പിടിച്ചുവെന്ന വിവരം വന്നതോടെ ഇത് കേരളത്തിലെ മുൻനിര ജുവലറിയിൽ നിന്ന് ആണെന്ന വിവരം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ആലുക്കാസ്, മലബാർ ഗോൾഡ്, ഡാമസ്, കല്യാൺ തുടങ്ങിയ ജുവലറി ഗ്രൂപ്പുകൾക്കെല്ലാം അൽറായിയിൽ ശാഖകളുണ്ട്. അതിനാൽ തന്നെ പ്രചരണം സജീവമാകുകയും ഇവയിലാണ് റെയ്ഡ് നടന്നത് വ്യാജ സ്വർണം പിടിച്ചതെന്ന മട്ടിൽ പലരും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ സ്വർണം പിടിച്ചെടുത്തെങ്കിൽ ആ ശാഖ ഉടൻ അധികൃതർ അടച്ചുപൂട്ടിയേനെ എന്നും ഉടമയെ കസ്റ്റഡിയിൽ എടുത്തേനെ എന്നുമാണ് ഇവിടെയുള്ള ജുവലറി മാനേജർമാരിൽ ഒരാൾ പ്രതികരിച്ചത്.