കോഴിക്കോട്: കമലാ സുരയ്യയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ആമി എന്ന ചിത്രത്തെക്കുറിച്ചുള്ള ഓൺൈലൻ നിരൂപണങ്ങൾക്കെതിരെ രോഷാകുലനായി സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. പുതിയ സിനിമകളെപ്പറ്റി നവമാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന നിരൂപണങ്ങളിൽ പലതും അന്തസ്സില്ലാത്തതും വിഴുപ്പലക്കലുമാകുന്നുണ്ടെന്ന് അദ്ദേഹം കാലിക്കറ്റ് പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

ഒരു സിനിമ പ്രത്യേക കാരണം കൊണ്ട് ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ എന്നു പറയാനുള്ള അവകാശം ഓരോ പ്രേക്ഷകനും ഉണ്ട്. എന്നാൽ അതിനെല്ലാം ഉപരിയായി സിനിമയെപ്പറ്റിയോ തിരക്കഥയെപ്പറ്റിയോ സിനിമയുടെ വ്യാകരണത്തെപ്പറ്റി ധാരണയുമില്ലാത്തവർ അതിനെപ്പറ്റി നിരൂപണം നടത്തുകയും മാർക്കിടുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കിയെടുത്ത ആമി എന്ന സിനിമ മുൻവിധികളില്ലാതെ കണ്ടവർക്കെല്ലാം ഇഷ്ടമായിട്ടുണ്ട്. അവരെല്ലാം ആ സിനിമയെ സ്വീകരിച്ചു. എന്നാൽ സിനിമയെക്കുറിച്ചോ തിരക്കഥയേക്കുറിച്ചോ ധാരണയില്ലാത്ത ചിലർ സിനിമയ്ക്കെതിരെ വിമർശനങ്ങളും നിരൂപണങ്ങളുമായി രംഗത്തെത്തി. അത്തരം ആളുകളോട് തനിക്കൊന്നും പറയാനില്ല. ബയോപിക് ചെയ്യുമ്പോൾ ചില പ്രശ്നങ്ങളുണ്ട്. സെല്ലുലോയ്ഡ് ഒരുക്കുമ്പോൾ ജെ സി ഡാനിയേലിെന്റ ജീവിതം അധികം ആളുകൾക്കും അറിയില്ല. അതുകൊണ്ട് ആ സിനിമയിൽ തനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. കമലാ സുരയ്യയുടെ ജീവിതം വായനക്കാർക്ക് അടുത്തറിയാം.

അതുകൊണ്ട് അത് അവതരിപ്പിക്കുന്നത് വെല്ലുവിളിയായിരുന്നു. കമലാ സുരയ്യ ജനങ്ങൾക്കിടയിൽ ജീവിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും അവരെക്കുറിച്ച് സങ്കൽപ്പങ്ങളുണ്ടാകും. എന്നാൽ സിനിമയുടെ തിരക്കഥയിൽ നിന്നുകൊണ്ട് കഥാപാത്രമായി മാത്രമെ അവരെ അവതരിപ്പിക്കാനാവൂ. ഗാന്ധി എന്ന സിനിമ പുറത്തിറങ്ങിയപ്പോഴും ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ എന്ന നിലയിൽ താൻ കണ്ട കമലാ സുരയ്യെയാണ് അവതരിപ്പിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് മറ്റൊരു സിനിമ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലുണ്ടായിരുന്ന താരാധിപത്യത്തിന് കുറവ് വന്നിട്ടുണ്ട്. പക്ഷെ താരാധിപത്യം ഒരു യാഥാർത്ഥ്യമാണ്. അവാർഡ് പ്രഖ്യാപിച്ചാൽ നടന്റെ ഫോട്ടോ തന്നെയാണ് മാധ്യമങ്ങൾ ആദ്യം കൊടുക്കുക. അത് കഴിഞ്ഞിട്ട് മാത്രമെ കുറച്ച് ചെറുതായി സംവിധായകന്റെ പടം കൊടുക്കൂ. താരകേന്ദ്രീകൃതമാണ് സിനിമ എന്ന തോന്നൽ എല്ലായിടത്തുമുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മലയാള സിനിമയും. ഇന്ന് യുവനടന്മാർ പോലും ഒരു പടം വിജയിച്ചാൽ സ്വയം സൂപ്പർ താര ഇമേജ് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. അവരെ മാധ്യമങ്ങളും താരങ്ങളായി വിശേഷിപ്പിക്കുന്നു. അങ്ങിനെ താരാധിപത്യത്തിന് കുറവ് വരുമ്പോഴും പുതിയ താരങ്ങൾ സൃഷ്ടിക്കപ്പെടുക തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ പ്രമേയത്തിലും അവതരണത്തിലും സ്ത്രീ വിരുദ്ധത കൂടി വരുന്നുണ്ട്. മറ്റു തൊഴിൽ മേഖലകളിൽ സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ സിനിമാ മേഖലയിലും ഉണ്ട്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുതിയ ഇടങ്ങളുണ്ടാകുന്നത് നല്ലതാണ്. സിനിമാ മേഖലയിൽ ആരെയും വിലക്കരുതെന്നാണ് അഭിപ്രായം. വലിക്കുകളെ അനുകൂലിക്കുന്നില്ല. തിലകനെ മാറ്റി നിർത്തിയത് സംഘടനകൾക്ക് പറ്റിയ തെറ്റാണ്. സിനിമാകൊട്ടകകൾ സൃഷ്ടിച്ച സാംസ്‌കാരിക മണ്ഡലങ്ങൾ മാറി മൾട്ടിപ്ലക്സുകൾ വന്നപ്പോൾ അടുത്തിരുന്ന് സിനിമ കാണുന്നവരെ പരസ്പരം അറിയാതായി.

കവലകളിലെ നാടക, കഥാപ്രസംഗ വേദികൾ ഒഴിഞ്ഞുപോയ ശൂന്യതയായി. സിനിമയെന്ന കാഴ്ചയുടെ സൗന്ദര്യത്തെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രോത്സവങ്ങൾക്ക് പരിമിതിയുണ്ട്. പ്രാദേശിക ചലച്ചിത്രമേളകൾ കൂടുതൽ ജനകീയമാക്കും. അടുത്തവർഷവും കോഴിക്കോട്ട് മേള നടത്തും. ലോകോത്തര സിനിമകൾ ടൂറിങ് ടാക്കീസുകൾ വഴി ജനകീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.