- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല; രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു; വർഗ്ഗീയതയ്ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം ശരിയല്ല'; ഹിന്ദുമതം വിട്ട് ഇസ്ലാമായ എഴുത്തുകാരൻ കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിച്ചു; കേരളത്തിലും എക്സ് മുസ്ലീങ്ങളുടെ എണ്ണം വർധിക്കുന്നുവോ?
കോഴിക്കോട്: ലോകവ്യാപകമായ വലിയ മുന്നേറ്റമായി ഉയർന്നുവരുന്ന ഒന്നാണ് എക്സ് മുസ്ലിം മൂവ്മെന്റ്. ഇസ്ലാം ഉപക്ഷേിക്കുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കുതിച്ച് ഉയരുകയാണെന്ന് ബി.ബി.സി പോലുള്ള ലോക മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ അലയൊലികൾ കേരളത്തിലും എത്തിയിട്ടുണ്ട്. ജാമിദ ടീച്ചറും, ഡോ ആരിഫ്ഹുസൈൻ തെരുവത്തും, സി.എം ലിയാഖത്ത് അലിയും അടക്കമുള്ള ഒരു വലിയ വിഭാഗം ഇന്ന് കേരളത്തിൽ എക്സ്മുസ്ലീമുകൾ എന്ന പേരിൽ സജീവമായി രംഗത്തുണ്ട്.
ചലച്ചിത്ര സംവിധാകൻ അലി അക്‌ബർ ഇസ്ലാം ഉപക്ഷേിക്കുകയാണെന്ന് പ്രഖ്യാപിച്ച് 'രാമസിംഹൻ' എന്ന പേര് സ്വകീരിച്ചത് കഴിഞ്ഞ ആഴ്ച വലിയ വാർത്തയായിരുന്നു. എന്നാൽ ഇസ്ലാമിസ്റ്റുകൾ അലി അക്‌ബറെ സംഘിയെന്നും ചാണകം എന്നും വിളിച്ചു പരിഹസിക്കയാണ്. ഇയാൾ നേരത്തെ തന്നെ സംഘിയാണെന്നും മതം ഉപേക്ഷിക്കാൻ എന്താണ് ഇത്ര വൈകിയതെന്നുമായിരുന്നു ഇസ്ലാമിസ്റ്റുകളുടെ ചോദ്യം.
എന്നാൽ ഇപ്പോൾ എഴുത്തുകാരനും സാമൂഹിക പ്രവർത്തനുമായ കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിച്ചതായി അറിയിച്ചത്, ഇസ്ലാമിസ്റ്റുകൾക്ക് ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഇരവാദവും സ്വത്വവാദവും ഉയർത്തിപ്പിടിച്ചായിരുന്നു, രണ്ടുവർഷം മുമ്പ് കമൽ സി ചവറ, കമൽ സി നജ്മൽ എന്ന് പേര് മാറ്റി ഇസ്ലാം ആയത്. സാമൂഹിക പ്രവർത്തകനും മുൻ നക്‌സൽ നേതാവുമായ നജ്മൽ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇസ്ലാമിലേക്ക് മതം മാറാൻ പ്രേരിച്ചതെന്നാണ് അന്ന് കമൽ സി ചവറ പറഞ്ഞത്. നേരത്തെ ടി.എൻ ജോയി ആയിരുന്ന നജ്മൽ ബാബു മരിക്കുന്നതിന് അഞ്ചു വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. ചേരമാൻ പള്ളിയിൽ ഖബറടക്കണമെന്ന നജ്മൽ ബാബുവിന്റെ ആഗ്രഹം ലംഘിച്ച് ബന്ധുക്കളുടെ സമ്മർദ്ദത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു. ഈ സംസ്‌ക്കാരത്തിൽ പ്രതിഷേധിച്ചും 'ഇരകൾക്ക്' ഐക്യദാർഡ്യം പ്രകടിപ്പിച്ചുമാണ് കമൽ സി ചവറ ഇസ്ലാം സ്വകീരിച്ചത്.
എന്നാൽ തന്റെ നിലപാടുകൾ തെറ്റായിപ്പോയി എന്നും രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. 'മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വർഗ്ഗീയതയുടെ വിത്തുകൾക്ക് വളക്കൂറുള്ള മണ്ണ് നൽകിക്കൊണ്ടിരിക്കുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകൾക്ക് ആഗ്രഹിക്കുന്നു.'- തന്റെ പോസ്റ്റിൽ കമൽ വ്യക്തമാക്കി.
കമൽ സി നജ്മലിന്റെ ഫേസ്‌ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
'' ഇസ്ലാം വിടുന്നു
ഞാൻ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്ട്രീയ സാഹചര്യം ഏവർക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിൽ വ്യക്തത വരാതിരിക്കുകയും വർഗ്ഗീയതയ്ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തിൽ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാർക്ക് പള്ള വീർപ്പിക്കാനുള്ള ഒരിടമായി മത ധാർമ്മികത മാറിക്കഴിഞ്ഞു. വർഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതൽ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങൾ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങൾക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികൾ, വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകൾ, കോക്കസ് പ്രവർത്തനങ്ങൾ, ചില വക്തികളിൽ മാത്രം കേന്ദ്രമായ കൂടിച്ചേരലുകൾ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താൻ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പൻ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ വരമ്പുകൾ എവിടെയും ഇല്ല . ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയിൽ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ് ഞാൻ . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകൾ എന്നെ ആ സമീപനത്തിൽ മാറ്റം വരുത്താൽ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികൾ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങൾക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലർത്താതിരിക്കാൻ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വർഗ്ഗീയതയുടെ വിത്തുകൾക്ക് വളക്കൂറുള്ള മണ്ണ് നൽകിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഞാൻ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകൾക്ക് ആഗ്രഹിക്കുന്നു. ഇത് തീർത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങൾ ഉപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി.
കമൽസി.
8590492718.- ഇങ്ങനെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
കമൽ സി എന്നും വിവാദ പുരുഷൻ
അത്രയൊന്നും അറിയപ്പെടാത്ത ശരാശരി എഴുത്തുകാരൻ മാത്രമായിരുന്നു കമൽ സി ചവറ ശ്രദ്ധേയനായത്, നാലുവർഷം മുമ്പ് അദ്ദേഹത്തിന്റെ നോവലിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് കാണിച്ച് പൊലീസ് കേസ് എടുത്തതോടെയാണ്. തന്റെ നോവലായ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ കത്തിച്ചതൊക്കെ ഏറെ വിവാദമായിരുന്നു. കമൽ സി ചവറയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പുസ്തകം കത്തിക്കാനും ഒട്ടനവധി പേരാണ് എത്തിച്ചേർന്നത്.
പിന്നീട് ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിലൂടെയാണ് കമൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നത്. സാമൂഹിക പ്രവർത്തകനും മുൻ നക്‌സൽ നേതാവുമായ നജ്മൽ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇതിന് പ്രേരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ചേരമാൻ പള്ളിയിൽ ഖബറടക്കണമെന്ന നജ്മൽ ബാബുവിന്റെ ആഗ്രഹം ലംഘിച്ച് ബന്ധുക്കളുടെ സമ്മർദ്ദത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു. നേരത്തെ ടി.എൻ ജോയി ആയിരുന്ന നജ്മൽ ബാബു അഞ്ചു വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ അന്ത്യാഭിലാഷം ചേരമാൻ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതി പള്ളിക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. നേരത്തെ സൈമൺ മാസ്റ്ററുടെ മയ്യിത്തിനോട് കാണിച്ച അനീതി തന്നോടും കാണിക്കുമോയെന്നും അദ്ദേഹം ജീവിതകാലത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ നജ്മൽ ബാബുവിന്റെ ആഗ്രഹത്തിന് ഒരു വിലയും നൽകാതെ പള്ളിയിൽ ഖബറടക്കാൻ വിട്ട് കൊടുക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. നജ്മൽ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം താൽക്കാലികമായി സംസ്‌കാരം തടഞ്ഞുവെക്കുകയായിരുന്നു. ചേരമൻ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതർക്കു നൽകിയിരുന്നു. എന്നാൽ അധികൃതർ ബന്ധുക്കൾക്കൊപ്പം നിന്നതോടെ നജ്മൽ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെടുകയായിരുന്നു.ഈ വിവാദത്തോടെയാണ് കമൽ സി ചവറ മതം മാറാൻ തീരുമാനിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും, ജീവിക്കാനല്ല മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞാണ് കമൽ സി ചവറ ഇസ്ലാമിലേക്ക് മാറി കമൽ സി നജ്മൽ എന്ന പേര് സ്വീകരിച്ചത്.
ദലിത് ആക്റ്റീവിസത്തിന്റെ മറവിൽ തട്ടിപ്പെന്ന് പരാതി
അതിഗുരുതരമായ നിരവധി ആരോപണങ്ങളും ഈ കാലത്ത് കമൽ സി നജ്മലിനെതിരെ ഉയർന്നു. ആദ്യ ബന്ധത്തിലെ പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് പണം വാങ്ങി, കമൽ മതം മാറ്റാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കുട്ടിയെ ബ്രെയിൻവാഷ് ചെയ്ത് അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടി കമൽ സി നജ്മലിന്റെ ആദ്യ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണിയാണ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയത്.
പാലക്കാട്, അട്ടപ്പാടി അഗളി ഹയർ സെക്കണ്ടറി സ്‌കൂളിൽ സീനിയർ ലക്ച്ചറായ ബിന്ദു കഴിഞ്ഞ കുറേക്കാലമായി കമലുമായി പിരിഞ്ഞ് കുട്ടിയോടൊപ്പം ജീവിക്കുകയായിരുന്നു. കമൽ സി നജ്മൽ മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവർക്ക് വേറെ ഒരു കുട്ടിയുമുണ്ട്. ഈ ഭാര്യയും ഇയാൾക്കെതിരെ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് മൂന്ന് ലക്ഷം രൂപ നൽകി ഒതുക്കിത്തീർക്കുകയായിരുന്നു. ഒരു ജോലിക്കും പോകാത്ത ഇയാൾ ഈ തുക കണ്ടെത്താനായി തന്റെ മകളെ മതം മാറ്റാനായി പണം വാങ്ങിയതായി സംശയിക്കുന്നതായും ബിന്ദു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നന്നത്.
വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വലയിലാക്കി അവരുടെ ചെലവിൽ കഴിയുകയാണ് ഇയാളുടെ രീതിയെന്നും ബിന്ദു തങ്കം കല്യാണി ആരോപിച്ചിരുന്നു. ഇതിന് മുൻപും ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പൊലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് വേറൊരു കേസിൽ എട്ട് ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാന്റിലായിട്ടുണ്ട്. ഇങ്ങനെ നിരന്തരമായി കേസുകളിൽ പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാൾ കുഞ്ഞിനെ മതം മാറ്റി പണം തട്ടാൻ ഉപയോഗിക്കുകയാണ്. പല വേദികളിലും തട്ടവും പർദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം ചിത്രങ്ങൾ അയാൾ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.
ഇതുപോലെ വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ മുൻപ് ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വിവാഹ തട്ടിപ്പുനടത്തി അവരുടെ ചെലവിൽ കഴിയുകയായിരുന്നു എന്നും ഇപ്പോൾ അയാൾ വീണ്ടും ഇസ്ലാം മതക്കാരിയെ വിവാഹം കഴിക്കാൻ പോകുന്നതായാണ് അറിഞ്ഞതെന്നും ബിന്ദു പരാതിയിൽ പറഞ്ഞിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ