ഉലകനായകൻ കമൽഹാസൻ സിനിമയിൽ കളം നിറഞ്ഞാടാൻ തുടങ്ങിയിട്ട് 58 വർഷമായി.തന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന 70 ചിത്രങ്ങളുടെ പട്ടിക അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദമാക്കി. സൂപ്പർ ഹിറ്റായ മഹാനദി എന്ന ചിത്രത്തിന് പ്രമേയമായത് തന്റെ തന്നെ ജീവിതത്തിൽ സംഭവിച്ച ഒരു ഗൂഢാലോചനയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

നായകന്റെ മകളെ വേശ്യാവൃത്തിക്കായി തട്ടിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിന്റെ കഥ. മഹാനദിയിയുടെ തിരക്കഥ രചിക്കാൻ കാരണമായത് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം തന്നെ. തന്റെ കുട്ടികൾക്ക് ഇപ്പോൾ ഇത് മനസിലാക്കാനുള്ള പക്വത ആയെന്ന് ഞാൻ തിരിച്ചറിയുന്നു. തന്റെ വീട്ടിലെ ജോലിക്കാർ ഒരിക്കൽ എന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു. മകളെ കടത്തിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശമെന്നും കമൽ പറഞ്ഞു.

അവരുടെ ഗൂഢാലോചന താൻ കണ്ടുപിടിച്ചതോടെ നീക്കം പാളി. തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ കൊല്ലാൻ പോലും താൻ തയ്യാറായിരുന്നെന്നും കമൽ പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥ എഴുതാനിരുന്നപ്പോൾ ഈ സംഭവത്തിന്റെ ആഘാതം എഴുത്തിലും പ്രതിഫലിക്കുകയായിരുന്നെന്നും കമൽ കൂട്ടിച്ചേർത്തു.

1994 ൽ പുറത്തിറങ്ങിയ മഹാനദിയുടെ പിന്നാമ്പുറക്കഥ ഇതാദ്യമായാണ് കമൽഹാസൻ വെളിപ്പെടുത്തുന്നത്.