ചെന്നൈ: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമർശിച്ച കമൽഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കൊച്ചിയിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നടി ആക്രമിച്ച കേസിലെ പ്രതികരണം അറിയിക്കുമ്പോഴാണ് കമൽഹാസൻ നടിയുടെ പേര് പരാമർശിച്ചത്.

പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ചിരുന്നു. എന്നാൽ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കിൽ അങ്ങനെയുമാകാമെന്നായിരുന്നു കമൽഹാസന്റെ മറുപടി.

എന്നാൽ നടിയുടെ പേര് വെളിപ്പെടുത്തിയ കമൽഹാസന് വനിതാ കമ്മീഷൻ നോട്ടീസ് അയക്കുക ആയിരുന്നു. നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും കമൽഹാസൻ പറഞ്ഞിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്.

എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്മാർ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടിയിരുന്നു.