- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ പകുതി ജനങ്ങൾ ജീവിതമാർഗ്ഗങ്ങൾ നഷ്ടമായി പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് ആയിരം കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്; തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ
ചെന്നൈ: തമിഴകത്ത് നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള പ്രചരണങ്ങളിലേക്ക് നേതാക്കൾ കടന്നു കഴിഞ്ഞു. പുതുവർഷത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ട് കളത്തിലിറങ്ങാനുള്ള ശ്രമത്തിലാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. അതേസമയം സിനിമാ രംഗത്തു നിന്നും മറ്റൊരു സൂപ്പർതാരവും രാഷ്ട്രീയത്തിലുണ്ട്. നടൻ കമൽഹാസനാണ് നേരത്തെ തന്നെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കളത്തിലുള്ളത്. കേന്ദ്രസർക്കാറിന് എതിരായ നിലപാട് സ്വീകരിക്കുന്ന കമൽഹാസൻ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉന്നയിക്കുന്നു.
പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ രംഗത്തുവന്നു. കോവിഡ് കാരണം ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമൽ ചോദിച്ചു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം എന്നും കമൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് വിഷയത്തിൽ കമൽ ചോദ്യമുന്നയിച്ചത്. നിശിദമായ ഭാഷയിലാണ് കമലിന്റെ വിമർശനം.
ചൈനയിലെ പഴയ ഭരണകാലത്തെ പരാമർശിച്ചുകൂടിയായിരുന്നു കമലിന്റെ വിമർശനം. 'ചൈനയിൽ വന്മതിൽ പണിയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിൽ എന്നാണ്.' - കമൽ ചൂണ്ടിക്കാട്ടി. നേരത്തേ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ എതിർത്തും കമൽ സംസാരിച്ചിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമൽ അന്ന് താരതമ്യം ചെയ്തു.
കർഷക സമരങ്ങളെ അനുഭാവ പൂർവ്വം പരിഗണിക്കാതെ മോദി വാരാണസി സന്ദർശനം നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കമലിന്റെ പരാമർശം. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് കമൽഹാസൻ ഇപ്പോഴുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങുകയാണ് കമൽ. തെക്കൻ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ ആണ് മക്കൾ നീതി മയ്യത്തിന്റെ ആദ്യഘട്ട പ്രചാരണം. ഇന്ന് മധുരയിൽ നിന്ന് പ്രചാരണം ആരംഭിക്കും. കോവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് സാധ്യതയുള്ളതിനാൽ പൊതുയോഗം നടത്താനായി കമലിന് സർക്കാർ അനുമതി നൽകിയിട്ടില്ല.
അതേസമയം മധുരയിൽ നിന്ന് ആരംഭിച്ച ശേഷം തേനി, തിരുനെൽവേലി, ദിണ്ടിഗൽ, വിരുദ് നഗർ, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് പര്യടനം നടത്തുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ മക്കൾ നീതിമയ്യം സ്ഥാനാർത്ഥികൾ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇത്തവണ ഗ്രാമപ്രദേശങ്ങളിൽ കൂടി വോട്ട് ശതമാനം മെച്ചപ്പെടുത്താനാണ് കമലിന്റെ ശ്രമം. രജനികാന്തുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും ആലോചനയുണ്ട്. എന്നാൽ രജനിയുടെ പാർട്ടി പ്രഖ്യാപിക്കുമ്പോഴേക്ക് ജനുവരി പകുതിയാകും. അതിന് കാത്ത് നിന്നാൽ പ്രചാരണ രംഗത്ത് പിന്നിൽപ്പോകും എന്ന വിലയിരുത്തലിന്റെ ഭാഗമായാണ് താരം ആദ്യഘട്ട പ്രചാരണം ആരംഭിക്കുന്നത്.
കമൽഹാസൻ ചെന്നൈയിലെ മൈലാപ്പൂർ മണ്ഡലത്തിൽ നിന്നോ രാമനാഥപുരത്ത് നിന്നോ മത്സരിക്കാനുള്ള സാധ്യതയാണ് ഉള്ളത്. പാർട്ടിയിലെ പ്രധാന നേതാക്കൾക്ക് പുറമെ മറ്റ് സാമൂഹ്യപ്രവർത്തകർക്കും ജനകീയ അംഗീകാരമുള്ളവർക്കും സീറ്റ് നൽകും എന്ന് മക്കൾ നീതി മയ്യം രണ്ട് മാസം മുൻപ് തീരുമാനിച്ചിരുന്നു. കമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. രജനീകാന്തുമായി കൈകോർത്തു കൊണ്ട് തെരഞ്ഞെടുപ്പിനെ നയിക്കാനും കമലിന് നീക്കമുണ്ടെന്ന സൂചനകളുമുണ്ട്. എന്നാൽ, ഇതിനോട് ഇരുവരും പരസ്യമായി സഹകരിച്ചിട്ടില്ല.
മറുനാടന് ഡെസ്ക്