- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ നാവുകൊണ്ട് തന്നെ സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കമൽഹാസൻ; സിപിഎം ഡിഎംകെ മുന്നണിയിൽ അംഗമായത് 25 കോടി കൈപ്പറ്റിയിട്ട്'; 'റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെയായതിൽ ഖേദിക്കുന്നു; യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും മക്കൾ നീതി മയ്യം നേതാവ്
കോയമ്പത്തൂർ: സിപിഐ.എമ്മിനും സീതാറാം യെച്ചൂരിക്കുമെതിരെ രൂക്ഷ വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും സിനിമ നടനുമായ കമൽഹാസൻ. സി പി എം പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്നാട്ടിൽ ഡി എം കെ മുന്നണിയിൽ ചേർന്നതെന്ന് കമൽ ഹാസൻ ആരോപിച്ചു.
ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുകയാണ്. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽഹാസൻ പരിഹസിച്ചു. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമൽ ഹാസൻ പറഞ്ഞു. സ്റ്റാലിൻ വിശ്വസിക്കാൻ കഴിയാത്തയാളാണെന്നും കമൽ ഹാസൻ വിമർശനം ഉന്നയിച്ചു.
'സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. കോൺഗ്രസ് പോലും എന്നെ ക്ഷണിച്ചിരുന്നു. തന്റേത് ചെറിയ പാർട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താൻ അങ്ങോട്ട് വരുന്നതിനെക്കാൾ നിങ്ങൾ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോൺഗ്രസിനോട് പറഞ്ഞിരുന്നു. പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്നാട്ടിൽ സിപിഎം ഡിഎംകെ മുന്നണിയിൽ ചേർന്നത്. ഡിഎംകെയിൽ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നു.''- അഭിമുഖത്തിൽ കമൽ ഹാസൻ പറയുന്നു.
കേരളത്തിലെ പോലെയല്ല തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സി പി എം മുന്നണിയിൽ ചേർന്നത്. ഫണ്ടിങ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല.
മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. തമിഴ്നാട്ടിൽ ജനങ്ങൾ ഒരാളെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിലാണ് കാര്യം എന്ന് അദ്ദേഹം പറഞ്ഞു. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമാണെന്നും കമൽ ഹാസൻ പറഞ്ഞു.
നേരത്തേ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി പലകുറി രംഗത്ത് വന്ന കമൽഹാസന്റെ നിലപാട് മാറ്റം ഇടത് പാളയത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ പരസ്യ നിലപാടുകളുമായി പലതവണ രംഗത്ത് വന്നിട്ടുള്ള കമൽഹാസൻ കേരളത്തിൽ വീണ്ടും ഇടത് മുന്നണി ഭരണത്തിൽ എത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമൽ ഹാസൻ ജനവിധി തേടുന്നത്. മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോൺഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമൽ ഹാസന്റെ എതിരാളികൾ.
'കോൺഗ്രസ് നേതൃത്വം ഞങ്ങളോട് സംസാരിച്ചിരുന്നു. എന്നാൽ അവരുമായി ഒരു ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാല്ല. അവർ ഡിഎംകെയുമായുള്ള സഖ്യമുപേക്ഷിച്ചാൽ മാത്രം സഖ്യം ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ അതിനർത്ഥം അവരെ പാർട്ടിയുടെ പ്രധാനഭാഗമാക്കും എന്നല്ല'- രണ്ട് ദിവസം മുൻപ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞു.
അതേസമയം ഔട്ട് സൈഡർ രാഷ്ട്രീയം തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ എത്രത്തോളം ഒരാളെ സ്നേഹിക്കുന്നുവെന്നതിലാണ് കാര്യമെന്നും കമൽ ഹാസൻ പറഞ്ഞു. 'തമിഴ്നാട്ടിൽ ഗാന്ധിജി ഒരു ഔട്ട്സൈഡർ ആയിരുന്നു. എന്നാൽ ജനങ്ങൾ അദ്ദേഹത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. തമിഴ്നാട് മുന്മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ കേരളത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തെയും തമിഴ്നാട് ജനത സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഈ ഔട്ട് സൈഡർ രാഷ്ട്രീയം തമിഴ്നാട്ടിൽ വിലപ്പോകില്ല,' കമൽഹാസൻ പറഞ്ഞു.
വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ മത്സരിക്കുന്നത്. മാർച്ച് 12നാണ് ഇത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽ ഹാസൻ ആണെന്ന് ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ നേരത്തെ വ്യക്തമാക്കി. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളിൽ ശരത് കുമാറിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്