ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ കമൽഹാസനുമായി കൂടിക്കാഴ്ചയ്ക്കും അരങ്ങൊരുങ്ങുന്നു. മലേഷ്യയിൽ നടക്കുന്ന ഒരു ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കില്ല തമിഴിലെ മുൻനിര നടന്മാർ പരസ്പരം കാണുക. ചെന്നൈയിൽ നടികർ സംഘത്തിന്റെ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ പണം സ്വരൂപിക്കാൻ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനീകാന്തും കമൽഹാസനും എത്തുക. ഇരുവരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായതിനാൽ അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും മലേഷ്യയിൽ നടക്കുന്ന പരിപാടിക്കുണ്ട്.

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രജനിയും മനസ്സിലുള്ളത് തുറന്നു പറയാതെ കമൽഹാസനും നിലകൊള്ളുന്ന സാഹചര്യത്തിൽ രാഷ്ട്രീയപരമായ കാര്യങ്ങളും ഇരുവരും ചർച്ച ചെയ്‌തേക്കുമെന്നാണ് സൂചന. സിനിമാമേഖലയിൽ നിന്നുള്ള ഇരുനൂറിലേറെ പേർ മലേഷ്യയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. രജനീകാന്ത് വ്യാഴാഴ്ച രാത്രി മലേഷ്യയിലേക്കു പുറപ്പെട്ടപ്പോൾ കമൽഹാസൻ വെള്ളിയാഴ്ച എത്തും.

കഴിഞ്ഞ ദിവസം ഡിഎംകെ തലവൻ കരുണാനിധിയെ രജനീകാന്ത് ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുൻ അണ്ണാഡിഎംകെ മന്ത്രിയും ചലച്ചിത്രകാരനുമായ ആർ.എം. വീരപ്പനുമായും രജനി കൂടിക്കാഴ്ച നടത്തി. അതിനിടെ രജനീകാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാടു വ്യക്തമാക്കി സംഗീത സംവിധായകനും ഗായകനുമായ എ.ആർ.റഹ്മാനും രംഗത്ത്.

ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും രജനീകാന്ത് ഉദ്ദേശിച്ചതെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും റഹ്മാൻ പറഞ്ഞു. ആരു രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കർഷകരുടെ ജീവിതം കൂടുതൽ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ മികച്ച പ്രവർത്തനമായിരിക്കും രജനീകാന്ത് കാഴ്ച വയ്ക്കുകയെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ഹിന്ദി താരം അക്ഷയ് കുമാറും പറഞ്ഞു. എന്നാൽ ഡിഎംഡിഎ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത രജനീകാന്തിനും കമൽഹാസനുമെതിരെ പരോക്ഷ വിമർശനവുമായാണു രംഗത്തെത്തിയത്. ഇത്രയും നാളും 'ഉറങ്ങിക്കിടന്നവരാണ്' ഇപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്ന് പേരെടുത്തു പറയാതെ പ്രേമലത വിമർശിച്ചു.

തന്റെ ഭർത്താവിന് ഇപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട്. ആരംഭകാലം മുതൽക്കേ ഡിഎംഡികെ പോരാടുന്നത് കർഷകർക്കും സാധാരണക്കാർക്കും വേണ്ടിയാണെന്നും പ്രേമലത വ്യക്തമാക്കി. കൂടല്ലൂരിൽ കരിമ്പു കർഷകർക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രേമലതയെയും മറ്റു പ്രവർത്തകരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.