തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാർഡ്, അഡ്വ. ഏ. നസീറ രചിച്ച 'അപൂർവ്വങ്ങളിൽ അപൂർവ്വം' എന്ന കഥയ്ക്ക് ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകൃതമായ കഥയാണ് അവാർഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. പ്രത്യേക അവാർഡിന് ഡോ. ശ്രീരേഖ പണിക്കർ ('തെറ്റിപ്പോകുന്ന കണക്കുകൾ'), അഡ്വ. ആർ. ഷഹന ('ഭ്രാന്ത്'), ബീന ചന്ദ്രശേഖരമേനോൻ ('നിയോഗം'), ജി.എസ്. ചാന്ദിനി ('അക്കമ്മ ') എന്നിവരും അർഹരായി.

ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. ബി. സന്ധ്യ ഐ.പി.എസ്, എസ്. മഹാദേവൻ തമ്പി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തി മൂന്ന് കഥകളിൽ നിന്നും അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. പബ്ലിക് റിലേഷൻസ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

ജൂലൈ 14 ചൊവ്വാഴ്ച വൈകിട്ട് 5 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കുന്ന 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലിയിൽ വച്ച് ധനകാര്യമന്ത്രി കെ.എം. മാണി അവാർഡുകൾ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അറിയിച്ചു.

ഡോ. ഡി. ബാബുപോൾ, ഡോ. ജോർജ്ജ് ഓണക്കൂർ, പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാൻസിലർ എം.എസ്. ഫൈസൽഖാൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കമലാ സുരയ്യയുടെ കവിതകളുടെ ആലാപനവും നടക്കും.