ള്ളുപൊള്ളിക്കുന്ന വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് മലയാള സാഹിത്യത്തിന് നവ്യാനുഭവം നൽകിയ, പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ഒരു ചരമവാർഷികം കൂടി ഇന്ന് കടുന്നുപോവുകയാണ്. എഴുത്തിൽ ഇത്രയേറെ ധൈര്യം കാണിച്ചൊരു സാഹിത്യകാരി മലയാളത്തിലുണ്ടാകില്ല. അതുകൊണ്ടാവാം, മരണംവരെ വിമർശനങ്ങളും അവർക്ക് കൂട്ടിനുണ്ടായി. 2009 മെയ്‌ 31ന് പൂണെയിൽ വെച്ച് അന്തരിച്ച മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ പുസ്തകങ്ങൾ ഇപ്പോഴും ബെസ്റ്റ് സെല്ലറുകളാണ്.

എന്നും സ്നേഹത്തിന്റെ തടവുകാരിയായ മാധവിക്കുട്ടി ശ്രദ്ധേയയായത് അവരുടെ തുറന്നെഴുത്തുകൾ കൊണ്ടായിരുന്നു. കപട സദാചാര വാദികളുടെ കണ്ണിലെ കരടായിരുന്നു അവർ തുടക്കം മുതൽ. സദാചാര മലയാളിയുടെ മുഖത്തേക്കുള്ള തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്നാണ് എം പി നാരായണപ്പിള്ള വിശേഷിപ്പിച്ചത്. പക്ഷേ അതിനേക്കാൾ ഏറെ കേരളത്തെ പിടിച്ചുകുലുക്കിയത് ഇസ്ലാമിലേക്കുള്ള അവരുടെ മതം മാറ്റം ആയിരുന്നു.

മാധ്യമ പ്രവർത്തക ലീലാമേനോനെയും, കനേഡിയൻ എഴുത്തുകാരി മെർളി വേഴ്സ് ബോർഡിനെപ്പോലുള്ളവരും, മാധവിക്കുട്ടിയുടെ മതം മാറ്റം, ഇസ്ലാമിനെ പഠിച്ചതുകൊണ്ടുണ്ടായ മത പരിവർത്തനം അല്ല, പ്രണയത്തിനുവേണ്ടിയുള്ള സാഹസം ആയിരുന്നെന്നാണ് പറയുന്നത്. എഴുത്തുകാരനും സിപിഐ നേതാവുമായ എ പി അഹമ്മദും ഇത് പണം പറ്റിയുള്ള മതം മാറ്റമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

പുന്നയൂർക്കുളത്ത് തളിരിട്ട ജീവിതം

1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിലാണ് കമലയെന്ന മാധവിക്കുട്ടി ജനിക്കുന്നത്. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിന്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി എം. നായർ. പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു. സുലോചന നാലപ്പാട്ട് സഹോദരിയാണ്.

കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കത്തയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കത്തയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം, ഐ.എം.എഫിന്റെ സീനിയർ കൺസൽട്ടൻഡായിരുന്നു മാധവദാസുമായി നടന്നു. പ്രായം കൊണ്ട് ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പിന്നിട്ടിരുന്നു.എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ എന്നീ മൂന്നുപേർ മക്കളാണ്.

സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണ്. മലയാളത്തിൽ മാധവിക്കുട്ടിയെന്ന പേരിലും ഇംഗ്ലീഷിൽ കമല ദാസ് എന്ന പേരിലും അവർ എഴുതി. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിത്വമാണ് അവർ.

സാമൂഹിക പ്രവർത്തനത്തിലും മാധവിക്കുട്ടി സജീവമായിരുന്നു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും ,ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്നാണ് രൂപീകരണവേളയിൽ അവർ പ്രഖ്യാപിച്ചത്. പക്ഷേ, 1984ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച അവർ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്.

1999ൽ ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.അവസാനകാലം മകന്റെ കൂടെ പൂണെയിലായിരുന്നു. 2009 മെയ്‌ 31-നു് പൂണെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിയത്. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു അവർ വ്യത്യസ്തയായി.

ഗൂഗിൾ 2018 ഫെബ്രുവരി 1ന് മാധവിക്കുട്ടിയോടുള്ള ആദരവായി ഗൂഗിൾ ഡൂഡിൾ അവതരിപ്പിച്ചു. മലയാളത്തിൽ ആദ്യമായാണ് ഒരു സാഹിത്യകാരി ഇങ്ങനെ ആദരിക്കപ്പെടുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി, 2018-ൽ ആമി എന്ന പേരിൽ കമലിന്റെ സംവിധാനത്തിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി .മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. പക്ഷേ ച താൻ എഴുതിയ പുസ്തകങ്ങളേക്കാർ മാധവിക്കുട്ടി ഇന്നും ചർച്ച ചെയ്യപ്പെടുന്നത് അവർ ഇസ്ലാമിലേക്ക് മതം മാറിയതിന്റെ പേരിലാണ്. ഇന്നും ദുരൂഹമാണ് അതിന്റെ യഥാർഥ കാരണങ്ങൾ.

ആദ്യത്തെ ലൗ ജിഹാദോ?

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മതമാറ്റവും, അതിനായി മുസ്ലിം ലീഗ് നേതാവ് അബ്ദു സമദ് സമദാനി 10 ലക്ഷം ഡോളർ സൗദിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണവും കേരളത്തിൽ കത്തിപ്പിടിച്ചത് നാലുവർഷം മുമ്പാണ്. സിപിഐയുടെ സംസ്‌ക്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എ പി അഹമ്മദാണ് ഈ വിവാദം പൊതുവേദിയിൽ എത്തിച്ചത്. എ പി അഹമ്മിന്റെ വിവാദ പ്രസംഗം ഇങ്ങനെയായിരുന്നു.

''മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളാണ് കനേഡിയൻ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോഡ്. അവരാണ് ഈ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകം രചിക്കുന്നത്. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകയാണ് ലീലാ മേനോൻ. ഇവർ ഇരുവരും നിരന്തരമായി പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം കപടമാണെന്ന്. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായിരുന്നു മാധവിക്കുട്ടി. ജീവിതത്തിന്റെ അവസാന കാലത്ത് വലിയ താങ്ങും തണലുമായി ഇമോഷണൽ പിന്തുണയുമായി വന്നതാണ് അബ്ദുൾ സമദ് സമദാനി.

സമദാനിയാണ് മതം മാറാൻ മാധവിക്കുട്ടിയോട് ആവശ്യപ്പെടുന്നത്. മാധവിക്കുട്ടി മതം മാറാൻ തയ്യാറായപ്പോൾ സമദാനി കാലുമാറി. പിന്നെ സമദാനി ഫോൺ എടുത്തില്ല. ഫോൺ സയലന്റ് മോദിൽ ആക്കിമാറ്റി. പക്ഷെ മാധവിക്കുട്ടി വാക്ക് പാലിച്ചു. മതംമാറ്റവുമായി മാധവിക്കുട്ടി മുന്നോട്ടു പോയി. ഞാൻ മതം മാറിയിരിക്കുന്നു. എന്നെ വന്നു വിവാഹം കഴിക്കൂ. ഇതാണ് അവർ ആവശ്യപ്പെട്ടത്. മാധവിക്കുട്ടി തിരികെ മതം മാറാതിരിക്കാൻ സമയം ചെലവിട്ടത് ഇസ്ലാമിക തീവ്രവാദികളാണ്. അവർ പിന്നെ മാധവിക്കുട്ടിക്ക് കാവലിരുന്നു. ഇവർ കാരണം എനിക്ക് വരെ മാധവികുട്ടിയെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്''-അഹമ്മദ് പറയുന്നു.

''മാധവിക്കുട്ടി എന്ത് പറയണം എന്ത് പറയരുത് എന്ന് എന്നാവശ്യപ്പെട്ടത് മാധവിക്കുട്ടിക്ക് കാവൽ നിന്ന ഈ ഇസ്ലാമിക തീവ്രവാദികൾ ആയിരുന്നു. മാധവിക്കുട്ടിയെ മതം മാറ്റിയ ശേഷം ഈ പേരിൽ സമദാനി 10 ലക്ഷം ഡോളർ സൗദി സംഘടനയിൽ നിന്നും കൈപ്പറ്റി. വളരെ ആധികാരികമായാണ് പുസ്തകത്തിൽ ഈ പരാമർശം വന്നത്. സമദാനിയുമായി പ്രണയത്തിൽപ്പെട്ടുപോയ ആളാണ് മാധവിക്കുട്ടി. നമുക്ക് ദീർഘമായി സംസാരിക്കാം എന്ന് പറഞ്ഞാണ് കോഴിക്കോട്ടെ റിസോർട്ടിലേക്ക് മാധവിക്കുട്ടിയെ സമദാനി വിളിച്ചു വരുത്തുന്നത്. റിസോർട്ടിലെ പുഴവക്കിലെ കൽക്കെട്ടിൽ ഇട്ടു സമദാനി മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തു. അവർ ഷോക്ക്ഡ് ആയിപ്പോയി. നീ എന്നെ നശിപ്പിച്ചില്ലേ എന്ന് പറഞ്ഞു മാധവിക്കുട്ടി പൊട്ടിത്തെറിക്കുന്നുണ്ട്. മാധവിക്കുട്ടിയെപ്പോലുള്ള ഒരാൾ പൊട്ടിത്തെറിച്ചാൽ എന്ത് വിപത്ത് വരും എന്ന് സമദാനിക്ക് അറിയാം. ഉടനെ സമദാനി പറഞ്ഞത്. എന്റെ പ്രണയം നിത്യസത്യമാണ് എന്നാണ്. ഞാൻ നിങ്ങളെ വിവാഹം കഴിക്കാം എന്നാണ് സമദാനി പറയുന്നത്.

രണ്ടു ഭാര്യമാരില്ലേ എന്നാണ് മാധവിക്കുട്ടി തിരിച്ചു ചോദിക്കുന്നത്. എന്തായാലും എനിക്ക് ഭാര്യ വേണം. ഞാൻ നിങ്ങളെ ഡൽഹി ഭാര്യയാക്കാം. ഞാൻ ഇന്ത്യൻ പാർലമെന്റ് മെമ്പർ ആണ്. ഈ മറുപടിയാണ് സമദാനി നൽകുന്നത്. ഇങ്ങിനെ ലെജൻഡറിയായ പേഴ്‌സണാലിറ്റിയെ മതം മാറ്റി 10 ലക്ഷം ഡോളർ വാങ്ങുകയാണ് സമദാനി ചെയ്തത്. ആ പുസ്തകത്തിന്റെ മലയാളം പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' ഇറങ്ങിയപ്പോൾ സമദാനി ബിജെപിയുടെ ശ്രീധരൻ പിള്ള വഴി ഒരു കോടിക്ക് ഗ്രീൻ ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പിന്നെ സമദാനി അനങ്ങിയില്ല. ഈ മൗനം തന്നെ സംഭവം സത്യമാണെന്നതിന്റെ തെളിവാണ്. ഇത്രലും കാലം കഴിഞ്ഞിട്ടും മാധവിക്കുട്ടിയുടെ ജീവിതം, മരണം, മതപരിവർത്തനം, തുടങ്ങിയ സംഭവങ്ങളുടെ ദുരൂഹത നീങ്ങുന്നില്ല എന്നോർക്കണം. വലിയ കുറ്റവാളികൾ ഇങ്ങിനെ പുറത്ത് സർവതന്ത്ര സ്വതന്ത്രരായി നടക്കുമ്പോൾ മാധവിക്കുട്ടിയുടെ ആത്മാവ് പൊറുക്കുന്നില്ലാ എന്നോർക്കേണ്ടിയിരിക്കുന്നു.''- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.

താൻ പറഞ്ഞതിൽ നൂറുശതമാനവും ഉറച്ചു നിൽക്കുന്നുവെന്ന് മെറിലി വെയ്സ് ബോർഡ് മുമ്പ് 'ആമി' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ സമയത്ത് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സാഹിത്യകാരന്മാരോടും ആക്റ്റീവിസ്റ്റുകളോടും താൻ എഴുതിയതിൽ ഒരു തരിപോലും ഭാവനയില്ലെന്നാണ് അവർ പ്രതികരിച്ചത്. എന്നാൽ സംഘപരിവാർ സംഘടനകൾ മാധവിക്കുട്ടിയുടേത് ഇന്ത്യയിലെ ആദ്യത്തെ ലൗ ജിഹാദ് ആണെന്നാണ് പറയുന്നത്.

മതം മാറ്റത്തിന്റെ അടിസ്ഥാനം പ്രണയം തന്നെ

രണ്ട് എഴുത്തുകാരികൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്നുണ്ടായ ഒരപൂർവ്വ ആഖ്യാനമാണ് കനേഡിയൻ എഴുത്തുകാരിയും ഡോക്യുമെന്ററി സിനിമ നിർമ്മാതാവുമായ മെറിലി വെയ്സ് ബോർഡിന്റെ ദ ലവ് ക്വീൻ ഓഫ് മലബാർ എന്ന എന്ന പുസ്തകം. മാധവിക്കുട്ടിയുടെ മതംമാറ്റത്തിന്റെ അടിസ്ഥാനം പ്രണയം മാത്രമായിരുന്നെന്ന് ഈ പുസ്തകം അടിവരയിട്ടു പറയുന്നു. അല്ലാതെ ആശയപരമായി അവർക്ക് ഇസ്ലാമിനോട് യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. പുനർ വിവാഹത്തിനുവേണ്ടി തന്നെയായിരുന്നു അവരുടെ മതം മാറ്റം. സാദിഖലി എന്ന പേരിൽ പുസ്തത്തിൽ വിശേഷിപ്പിക്കപ്പെടുന്ന മലബാറുകാരനായ എം പി അബ്ദുസമദ് സമദാനി തന്നെയാണെന്ന് പുസ്തകം വായിക്കുന്ന ആർക്കും മനസ്സിലാവും.

ഭർത്താവിൽ നിന്നൊക്കെ വളരെ മോശമായ ലൈംഗിക അനുഭവങ്ങൾ മാത്രമുണ്ടായിരുന്ന മാധവിക്കുട്ടി എന്നും സ്നേഹത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു. വിധവയായ അവരുടെ മനസ്സിലേക്ക് ഉറുദു കവിതയും ഗസലുമായി വന്ന് സാദിഖലി ഹൃദയം കീഴടക്കുകയും പിന്നീട് ശാരീരികമായി ബന്ധപ്പെടുകയും ആയിരുന്നു. അതിനുശേഷമാണ് മതം മാറിയാൽ വിവാഹം കഴിക്കാമെന്ന ഓഫർ അയാൾ മുന്നോട്ടുവെക്കുകയും അതനുസരിച്ച് മാധവിക്കുട്ടി നീങ്ങുകയുമായിരുന്നെന്ന് പുസ്തകം അടിവരയിടുന്നു. എന്നാൽ മതം മാറ്റം കഴിഞ്ഞ് വിവാഹം എന്ന ഓഫറിൽ നിന്ന് സാദിഖലി പിന്മാറുകയായിരുന്നു. അയാളുടെ ഭാര്യ മാധവിക്കുട്ടിയെ വിളിച്ച് പല തവണ വഴക്ക് പറയുന്നതിന് താൻ സാക്ഷിയാണെന്നും പുസ്തകത്തിൽ മെറിലി വെയ്സ്ബോർഡ് ചൂണ്ടിക്കാട്ടുന്നു.

മതം മാറിയതിന് ശേഷം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ മഹിളാ ചന്ദ്രികയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മെറിലി വെയിസ് ബോർഡും സംസാരിച്ചിരുന്നു. കമല സുരയ്യയായ മാധവിക്കുട്ടിക്ക് ഒപ്പം അക്കാലത്ത് അവർ ഒപ്പമുണ്ടായിരുന്നു. തീവ്രവാദികളായ ചിലരാണ് ഇപ്പോൾ തന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്നും അവർ കൊല്ലാൻപോലും മടിക്കില്ലെന്ന് മാധവിക്കുട്ടി പറഞ്ഞതും അവർ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

ചില മത പണ്ഡിതരുടെ നേതൃത്വത്തിൽ തത്തയെ പഠിപ്പിക്കുന്നപോലെ മതം പഠിപ്പിക്കുകയായിരുന്നു. തന്റെ പ്രണയവും പൂവണിഞ്ഞില്ല, ഇല്ലാത്ത പൊല്ലാപ്പ് എടുത്ത് തലയിൽ വെക്കുകയും ചെയ്യേണ്ടി വന്നു എന്നായിരുന്നു അക്കാലത്ത് അവരുടെ നിലപാട്. എന്നാൽ സൗദിയിൽനിന്ന് സാദിഖലിക്ക് ഈ മതംമാറ്റത്തിന് പത്തുലക്ഷം ഡോളർ കിട്ടിയെന്നതിന് തെളിവുകൾ ഒന്നും പുസ്തകം മുന്നോട്ടുവെക്കുന്നില്ല. മാധവിക്കുട്ടിയുടെ ബന്ധുവായ ഒരാൾ സാദിഖലി അങ്ങനെ സമ്മതിച്ചു എന്ന് തന്നോട് പറഞ്ഞുവെന്നാണ് മെറിലി വെയ്സബോർഡ് പറയുന്നത്. പക്ഷേ അന്നത്തെ സാഹചര്യം വെച്ച് ഈ സാധ്യത വിദൂരമല്ലെന്ന് പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്. ലോകം അറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഇസ്ലാമിലേക്ക് കൊണ്ടുവന്നതിന് വലിയ ഫണ്ട് കിട്ടിയിട്ടുണ്ടെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ആരോപിച്ചിട്ടുണ്ട്. അത് ശരിവെക്കുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തൽ വന്നത്.

പക്ഷേ എല്ലാവരും വഞ്ചിച്ചു

കമലയുടെ ദുരിത ദാമ്പത്യത്തെക്കുറിച്ചും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 'എന്റെ ഭർത്താവിന് ആവശ്യം വലിയ ജനസമ്മിതിയുള്ള ഒരു ഭാര്യയെയായിരുന്നു. ഞാൻ പ്രശസ്തയായപ്പോൾ അദ്ദേഹം എന്നെ ബഹുമാനിക്കുവാൻ തുടങ്ങി. എന്നെ ആലിംഗനം ചെയ്യുവാനും എന്റെ കാലുകൾ തടവിത്തരാനും തുടങ്ങി. അതിനുശേഷം തന്റെ ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതായി.'' രോഗബാധിതനായ ഭർത്താവിനെ ശുശ്രൂഷിച്ചും നിരന്തരം എഴുതിയും കഠിനാധ്വാനം ചെയ്യുന്ന കമലയോട് മരണം അടുത്തെത്തിയെന്ന ബോധ്യം വന്ന സമയത്ത് ഭർത്താവ് 'നീ എനിക്കൊരു ജീവിതം തന്നു നന്ദി'' എന്ന് പറയുന്നു. നന്ദിയോ അതെന്തിന് എന്ന ചോദ്യത്തിന് എനിക്കുതന്ന സ്നേഹത്തിനും എന്നെ ശുശ്രൂഷിച്ചതിനും എന്നാണ് ഉത്തരം കിട്ടുന്നത്. ഭർത്താവിൽ നിന്നു കമല അനുഭവിച്ച അവഗണയും സ്നേഹ ശൂന്യതയും എകാന്തതയും തിരസ്‌ക്കരണങ്ങളും കഠിനമായിരുന്നു എന്നിട്ടും കമല ഭർത്താവിനെ തളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല തനിക്കാവുന്ന രീതിയിൽ ഭർത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുമുണ്ട്. അതുകൊണ്ടുള്ള കുറ്റബോധത്തിൽനിന്നായിരിക്കാം ഈ നന്ദി പറച്ചിൽ ഉണ്ടാവുന്നത്.- മെറിലി എഴുതി.

കമല മതം മാറിയെന്ന വാർത്തകേട്ടപ്പോൾ മെറിലിക്ക് ഒന്നും മനസ്സിലായില്ല. അതിനെകുറിച്ച് മെറിലി എഴുതുന്നു. 'ഇതെപ്പോൾ സംഭവിച്ചു എന്നെനിക്കറിയില്ല. എന്തുകൊണ്ടെന്ന് ഊഹിക്കാനുമാകുന്നില്ല. യാഥാസ്ഥിതികയായ, ഹിന്ദു മതത്തിലെ ഉന്നത ജാതിയിൽ പിറന്ന, കൃഷ്ണനെ സ്നേഹിക്കുന്ന, രാജകുടുംബ പാരമ്പര്യമുള്ള, കമലാദാസ് പെട്ടെന്നു ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു. എന്നോടു അതിന് മുമ്പ് ഒരു സൂചനപോലും നൽകിയിരുന്നില്ല. അപകീർത്തി മാത്രം കേട്ടിട്ടുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകീർത്തിയുമായി സി എൻ എന്നിലും ഏഷ്യാനെറ്റിലും ഏഷ്യയിലെമ്പാടുമുള്ള മാധ്യമങ്ങളിലും കമലദാസ് പ്രത്യക്ഷപ്പെടുന്നു. 1999 ഡിസംബർ പതിനാറാം തിയ്യതി, വിവാദങ്ങളുടെ നടുക്കടലിൽ, വീട്ടിൽ വെച്ച് നടന്ന ഒരു മിനിറ്റ് നീണ്ടുനിന്ന ചടങ്ങിൽ അവർ മതം മാറി.'' തന്റെ മതം മാറ്റത്തിന് ശേഷം ഒരു മാസം കഴിഞ്ഞു കമല മെറിലിക്ക് വിശദമായി ഒരു കത്തെഴുതുന്നു. അതിൽ മുപ്പത്തിയെട്ടുകാരനായ ചെറുപ്പക്കാരനോട് ഉണ്ടായ പ്രണയത്തെക്കുറിച്ചും അയാളുടെ നിർദ്ദേശപ്രകാരമാണ് താൻ മതം മാറിയതെന്നും തുറന്നെഴുതിയിട്ടുണ്ട്. അവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കുമുള്ള മറുപടി കമല മെറിലിക്കയച്ച ആ എഴുത്തിലുണ്ട്.

മതം മാറ്റത്തിന് ശേഷം മെറിലി വീണ്ടും കമലയെ കാണാനെത്തുന്നുണ്ട്. അപ്പോഴേക്കും പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദാനങ്ങളിൽനിന്നും അയാൾ പിൻവാങ്ങുകയും കമല പുതിയ മതത്തിന്റെ ചട്ടക്കൂടിൽ പുറത്തുകടക്കാനാവാത്ത വിധം നിസ്സഹായയായി കുരുങ്ങിപ്പോകുന്നുമുണ്ട്. പ്രശസ്തയായ ഒരാൾ തങ്ങളുടെ മതത്തിലേക്ക് കടന്നുവന്നപ്പോൾ ഒരു വിഭാഗം അതൊരു ആഘോഷമാക്കി. കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് പുതിയ മതത്തെകുറിച്ച് സംസാരിക്കാൻ അവർ നിർബ്ബന്ധിതയായി. ജനിച്ചുവളർന്ന മതത്തിൽ നിന്നു അവർക്ക് കടുത്ത ഭീഷണികൾ നേരിടേണ്ടിവന്നു. അക്കാലത്ത് അവരനുഭവിച്ച മാനസിക സംഘർഷങ്ങൾ മെറിലി തൊട്ടടുത്തുനിന്നു അനുഭവിച്ചറിയുന്നുണ്ട്. രോഗിയും അവശയുമായ അവരെ ആൾക്കൂട്ടത്തിൽ നിന്നു രക്ഷിക്കാൻ മെറിലിക്കും ഇടപെടേണ്ടിവരുന്നുണ്ട് പലപ്പോഴും. കമലയുടെ മതം മാറ്റത്തിന് കാരണക്കാരനായ പുരുഷൻ സമൂഹത്തിൽ മാന്യനായി ജീവിക്കുമ്പോൾ കമല സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കല്ലെറിയപ്പെടുകയായിരുന്നു.

മെറിലി കമലയെ കാണാൻ വരുമ്പോഴൊക്കെ കമലയ്ക്ക് ചുറ്റും ആരാധകരുടെയും അവരെ കാണാനെത്തുന്ന പത്രക്കാരുടെയും പരിപാടികൾക്ക് ക്ഷണിക്കാൻ വരുന്നവരുടെയും ഒരു നീണ്ട നിര തന്നെയുണ്ടാകുമായിരുന്നു. എത്രതന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവർ കമലയെ വെറുതെവിട്ടിരുന്നില്ല. സ്നേഹമായിരുന്നു കമലയുടെ മതം. തന്നെ കാണാൻ വരുന്നവരെയും തന്റെ ആരാധകരെയും അവർ സ്നേഹത്തോടെ മാത്രം സ്വീകരിച്ചു. അവർക്ക് സമ്മാനങ്ങൾ നൽകി. പ്രകടിപ്പിക്കുന്ന സ്നേഹത്തിലാണ് അവർ വിശ്വസിച്ചിരുന്നത്. അണിഞ്ഞൊരുങ്ങാനും സുന്ദരിയായി നടക്കാനും അവർ എപ്പോഴും ആഗ്രഹിച്ചു. തരിശായിപ്പോയ തന്റെ ജീവിതത്തിൽ പ്രണയം പുതിയ വെളിച്ചം നിറയ്ക്കുമെന്ന് അവർ കരുതി. പക്ഷേ എല്ലാവരും അവരെ വഞ്ചിച്ചു- മെർലി തന്റെ പുസ്തകത്തിൽ എഴുതി.

സന്തോഷ് ജോർജ്കുളങ്ങര സാക്ഷി

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച കമലിന്റെ ആമി എന്ന ബയോപിക്കിലും അവരുടെ പ്രണയം പറയുന്നുണ്ട്. അതിൽ അനൂപ് മേനോൻ അഭിനയിക്കുന്ന സാഹിർ അലി എന്ന കഥാപാത്രത്തിന് ഒരു നേതാവിന്റെ രൂപസാദൃശ്യവും കാണുന്നവർക്കെല്ലാം സ്വാഭാവികമായും തോന്നുകയും ചെയ്യാം. അക്കാലത്തും ആമിയുടെ പ്രണയം പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു.മാധവിക്കുട്ടിയുടെ മതം മാറ്റത്തിനുപിന്നിൽ പ്രണയമാണെന്ന് പറയുന്ന ഒരു തെളിവുകൂടി ഇതിനിടെ വീണ്ടും പുറത്തായി. മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം ഫെയ്സ് ബുക്കിലെ റീഡേഴ്സ് സ്‌ക്വയർ എന്ന ഗ്രൂപ്പിലിട്ട ഒരു പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ലേബർ ഇന്ത്യാ പബ്ലിക്കേഷൻസ് മരങ്ങാട്ട്പള്ളിയിൽ സംഘടിപ്പിക്കുന്ന ഒരു സാംസ്‌കാരിക പരിപാടിയിലേയ്ക്ക് ക്ഷണിക്കാൻ സന്തോഷ് ജോർജ് കുളങ്ങരയും സഞ്ചാരം പരിപാടിയുടെ സ്‌ക്രിപ്റ്റ് റെറ്റർ എ യു രതീഷ് കുമാറും ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരവും മാധവിക്കുട്ടിയുടെ ഫ്ളാറ്റിലെത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് പോസ്റ്റിന്റെ കാതൽ.

തന്റെ പ്രണയത്തെ പറ്റി മാധവിക്കുട്ടി അവരോട് പറഞ്ഞെന്നും അത് അന്ന് എഴുതിയെടുക്കാനോ റിക്കോർഡ് ചെയ്യാനോ കഴിയാത്തതിൽ അതിയായ നിരാശ ഉണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. സാംസ്‌കാരിക പ്രഭാഷകൻ എന്ന നിലയിൽ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താൻ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ് വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകർഷിച്ചത്. എകാന്തമായ രാത്രികളിൽ അദ്ദേഹം വിളിക്കാറുള്ളതും പ്രണയം തുളുമ്പുന്ന കവിതകൾ ഉരുവിടാറുള്ളതും അറിയിച്ചു. എത്രയോ രാത്രികൾ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങൾ. അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്ക്കൽ എന്ന് മാധവിക്കുട്ടി കരുതി. അതാണ് ഷഷ്ഠിപൂർത്തി കഴിഞ്ഞകാലത്തിലും തന്നെക്കാൾ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്- ഉണ്ണിക്കൃഷ്ണൻ എഴുതുന്നു.

പ്രണയനാളുകളിലൊന്നിൽ മാധവിക്കുട്ടി ആ നേതാവിന്റെ വീട്ടിലേയ്ക്ക് പോയിരുന്നെന്നും ആ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു. നേതാവും മാധവിക്കുട്ടിയും അവിടെ ഏതാനും ദിവസം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്നും മാധവിക്കുട്ടി പറഞ്ഞതായി ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ തിരിച്ചുവന്നപ്പോഴേയ്ക്കും അവരുടെ പ്രണയം പൊലിഞ്ഞിരുന്നു. പണ്ട് ഒട്ടേറെ രാത്രികളിൽ താനെഴുതിയതു എന്ന് പറഞ്ഞു അയാൾ പാടിക്കേൾപ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകൾ മോഷ്ടിച്ച് പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോൾ അവർ തകർന്നുപോയി. പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓർത്തു അവർ തേങ്ങി. ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു- ഉണ്ണിക്കൃഷ്ണൻ എഴുതി. ആലോചനയില്ലാത്ത ഒരു മതപരിവർത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കിൽ പെട്ടൊരാളുടെ വിലാപമായിരുന്നു മാധവിക്കുട്ടിയുടേതെന്ന് അദ്ദേഹം പറയുന്നു.

കനേഡിയൻ എഴുത്തകാരി പറഞ്ഞത് നുണ

എന്നാൽ കനേഡയിൽ എഴുത്തുകാരി മെർലി വെയ്സ് ബോർഡ് 'ദ ലൗ ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകത്തിൽ പറയുന്ന പലകാര്യങ്ങളും നുണയാണെന്നാണ് മാധവിക്കുട്ടിയുടെ മകനും എഴുത്തുകാരനുമായ എം ഡി നാലപ്പാട് പറയുന്നത്. മാധവിക്കുട്ടിയെ വികൃതമായി അവതരിപ്പിച്ചതിനെതിരെ, കനേഡിയൻ എഴുത്തുകാരിക്കെതിരെ താൻ കേസ് കൊടുക്കണമെന്ന് പലരു പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിയിൽ, മലയാളത്തിലെ പ്രതിഭകളായ അമ്മമാരെ മക്കൾ ഓർക്കുന്ന പംക്തിയായ 'അമ്മയോർമ്മകളിലാണ്', മോനു എന്ന് മാധവിക്കുട്ടി വിളിച്ചുരുന്ന, മാധവ്ദാസ് നാലപ്പാട്ട് എന്ന എംഡി നാലപ്പാട് ഈയിടെ മനസ്സുതുറക്കുന്നത്.

എം.ഡി നാലപ്പാടിന്റെ വാക്കുകളുടെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ഒരു കനേഡിയൻ എഴുത്തുകാരി അമ്മയുടെ യഥാർഥ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാത്ത തരത്തിൽ ഒരു പുസ്തകം എഴുതി. അമ്മയുടെ അവസാനകാലത്തായിരുന്നു അവർ സംസാരിച്ചത്. സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതകാലം മുഴുവൻ പോരാടിയ ഒരു സ്ത്രീയെ, ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് സ്ത്രീത്വത്തെ ശാക്തീകരിക്കാൻ കരുത്തേകിയ ഒരു വ്യക്തിയെ, എല്ലാത്തരം സ്വാധീനങ്ങൾക്കും വിധേയപ്പെടുന്നവളായിട്ടാണ് ആ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയൻ എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചതിനെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പലരും വ്യക്തിപരമായി എന്നോടാവശ്യപ്പെട്ടു. സൺഡേ ഗാർഡിയനിൽ ഒരു കോളം എഴുതിക്കൊണ്ടായിരുന്നു ഞാൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന മൂന്ന് കാര്യങ്ങളെയാണ് അമ്മ തന്റെ ജീവിതാവസാനം വരെ നിരാകരിച്ചത്. ഒന്നാമതായി സ്ത്രീകൾ തങ്ങളുടെ പിതാക്കന്മാരെ പൂർണമായും അനുസരിക്കുക, രണ്ടാമതായി ഭർത്താക്കന്മാരെ, പിന്നെ ആൺമക്കളെ. ഇത് മൂന്നും എതിർത്തുതന്നെ ജീവിക്കാൻ അമ്മ തുടക്കം മുതലേ തീരുമാനിച്ചു.

ഒരു മകൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നത് എന്റെ അമ്മയുടെ ധൈര്യത്തിലും പരാശ്രയമില്ലാത്ത ജീവിതത്തിലുമായിരുന്നു. അമ്മയുടെ അച്ഛൻ, അമ്മ കാരണമുണ്ടാകുന്ന വിവാദങ്ങളിൽ അസ്വസ്ഥനായപ്പോൾ, വിയോജിപ്പുകൾ പ്രകടിപ്പിച്ചപ്പോൾ, എന്റെ അച്ഛൻ മാധവദാസ് അമ്മയെ എക്കാലവും പിന്തുണയ്ക്കുകയാണ് ചെയ്തത്. അങ്ങനെയായിരുന്നു അമ്മയോടുള്ള സ്നേഹവും കരുതലും അച്ഛൻ കാണിച്ചിരുന്നത്. മറ്റുള്ളവരുടെ ഇച്ഛകൾ അടിച്ചേൽപ്പിക്കാൻ പറ്റിയ ഒരാളോ, ഏതെങ്കിലും തരത്തിലുള്ള പ്രേരണകൾക്കോ പ്രലോഭനങ്ങളിലോ വീണുപോകുന്ന സ്ത്രീയോ ആയിരുന്നില്ല അമ്മ. എന്നാൽ അമ്മ മരിച്ച് പിറ്റെ വർഷം പ്രസിദ്ധീകരിക്കപ്പെട്ട ആ കനേഡിയൻ പുസ്തകവും അക്കാലത്തെ നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളും വന്നത് അമ്മയെ അത്തരത്തിലുള്ള ഒരുവളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു. കനേഡിയൻ എഴുത്തുകാരിയുടെ പുസ്തകം പ്രചരിപ്പിക്കപ്പെട്ടപ്പോൾ 'എന്റെ കഥ'യ്ക്കുസമാനമായ അന്തരീക്ഷം എനിക്കനുഭവപ്പെട്ടു.''- എം.ഡി നാലപ്പാട് ചൂണ്ടിക്കാട്ടി.

'അമ്മ തിരഞ്ഞെടുത്ത മതത്തിൽ നിന്നും തിരികെ വരുന്നതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. അമ്മ അക്കാലത്ത് താമസിച്ചിരുന്നതു കൊച്ചിയിലായിരുന്നു. അച്ഛന്റെ മരണ ശേഷം സ്വന്തം താമസിക്കുന്നു എന്നത് അമ്മയുടെ തീരുമാനമായിരുന്നു. അമ്മ സ്വതന്ത്രമായിട്ടാണ് അതുവരെ ജീവിച്ചത്. മക്കളുടെ തണലിൽ കഴിയാൻ തയ്യാറുമല്ല. തന്നോട് സംസാരിക്കാൻ വന്നവർ സന്തോഷത്തോടെ മടങ്ങിപ്പോകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. വളരെയധികം സെൻസിറ്റീവായി മാറിക്കഴിഞ്ഞിരുന്നു അമ്മ. കനേഡിയൻ എഴുത്തുകാരി കൊച്ചിയിലെ ഫ്‌ളാറ്റിൽ വന്നാണ് അമ്മയോട് സംസാരിച്ചിരുന്നത്. അമ്മയുടെ വാക്കുകളേക്കാൾ കൂടുതൽ അവരുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും അമ്മയിൽ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിച്ചത്.''- എം.ഡി നാലപ്പാട് വ്യക്തമാക്കി.

വർഷങ്ങൾക്ക് മുന്നേ ഇസ്ലാമിൽ ആകൃഷ്ടയായിരുന്നു

മതം മാറുന്നു എന്ന് അമ്മ പ്രഖ്യാപിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ മാധവിക്കുട്ടി ഇസ്ലാമിൽ ആകൃഷ്ടയായിരുന്നെന്നും നാലപ്പാട് വ്യക്തമാക്കുന്നു. 'ക്ഷേത്രങ്ങളിൽ പോകാതെയും താൻ ജനിച്ച മതത്തിലെ ആചാരങ്ങളിൽ പങ്കുചേരാതെയും പതുക്കെയായിരുന്നു ആ മാറ്റം. പുറത്തുപോകുമ്പോൾ ഇടയ്ക്കിടെ ബുർഖ ധരിക്കുമായിരുന്നു. കുടുംബത്തിലെ ചില അംഗങ്ങളെ ബാധിക്കുമല്ലോ എന്ന കാരണത്താൽ അമ്മ തന്നെ അത് പുറത്തുപറയാതിരുന്നതാണ്. ഒരു ദിവസം അമ്മ എന്നെയും ഭാര്യ ലക്ഷ്മിയെയും വിളിപ്പിച്ചു. അമ്മ മതപരിവർത്തനം ആഗ്രഹിക്കുന്നു, പരസ്യമായി അതു പ്രഖ്യാപിച്ചാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. മൂത്ത മകൻ എന്ന നിലയിൽ, അമ്മയ്ക്ക് എന്റെ അഭിപ്രായം അറിയേണ്ടതുണ്ടായിരുന്നു. ഒരു പ്രശ്നവുമില്ല എന്ന് ഞാനും ഭാര്യയും ഉറപ്പുനൽകി. അമ്മ വളരെയധികം സന്തോഷവതിയായി.

അമ്മ പോയതിനുശേഷം എന്നെക്കുറിച്ച് പലരും മോശമായി എഴുതി. തിരിച്ച് ഹിന്ദുവായി എന്നുപറയാതിരിക്കാൻ ഞാൻ അമ്മയെ നിർബന്ധിച്ചു എന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം.

അവസാനം രോഗക്കിടക്കയിലായിക്കേ അമ്മ പറഞ്ഞത് എന്നെ ചുടാൻ പാടില്ലെന്നായിരുന്നെന്നും എംഡി നാലപ്പാട് എഴുതിയിട്ടുണ്ട്.''അമ്മയുടെ ഭൗതികശരീരം ഏത് ആചാരപ്രകാരം സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് സംസാരമുണ്ടായി. മൂത്ത മകനെന്ന നിലയിൽ എന്റെ തീരുമാനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. അമ്മയുടെ ആജ്ഞ അനുസരിക്കുക എന്നതാണ് മകനെന്ന നിലയിലുള്ള എന്റെ കടമ. അതു ഞാൻ നിറവേറ്റി. ഞാനും സഹോദരങ്ങളും സനാതനധർമപ്രകാരം ജീവിക്കുന്നവരാണ്. എല്ലാ മതങ്ങളുമായും സൗഹാർദ്ദവും സാഹോദര്യവുമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അമ്മ എന്തായിരുന്നുവോ അതിനാണ് ഞങ്ങൾ പ്രാമുഖ്യം കൊടുത്തത്, അമ്മയുടെ മതമോ, എഴുത്തോ, പ്രശസ്തിയോ ഒന്നുമല്ലായിരുന്നു.''- എം.ഡി നാലപ്പാട് വ്യക്തമാക്കി.

ഈ രീതിയിലാണ് എം ഡി നാലപ്പാട് മാധവിക്കുട്ടിയുടെ ജീവിതം പറയുന്നത്. എന്നാൽ മെർലി വെയ്സ് ബോർഡും, ലീലാമേനോനും അടക്കമുള്ള അവരുടെ അടുത്ത സൃഹുത്തുക്കൾ പറയുന്നത് പ്രണയക്കെണിയിൽ കുടുക്കി മാധവിക്കുട്ടിയെ മതം മാറ്റുക ആയിരുന്നെന്നുമാണ്. എന്തായാലും മരിച്ചിട്ട് 13 വർഷം തികയുമ്പോഴും മാധവിക്കുട്ടിയുടെ മതം മാറ്റം സംബദ്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല.

വാൽക്കഷ്ണം: മാധവിക്കുട്ടിയുടെ മതം മാറ്റ വിവാദം വാർത്തയായപ്പോൾ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും മടുത്തു എന്ന് തോനുന്നു. മതം മാറിയപ്പോൾ അവരെ ആഘോഷിച്ച ഇസ്ലാമിസ്റ്റ് സംഘടനകളും, പത്രങ്ങളും ഇപ്പോൾ മാധവിക്കുട്ടിയെന്ന കമല സുരയ്യയെ വല്ലാതെ അങ്ങോട്ട് അനുസ്മരിക്കയോ ആഘോഷിക്കയോ ചെയ്യാറില്ല. പക്ഷേ വായനക്കാരുടെ മനസ്സിൽ ഒരു സ്നേഹ മന്ദാരമായി അവർ എന്നും നിറഞ്ഞു നിൽക്കും.