ചെന്നൈ: അധികനാൾ വൈകാതെ തന്നെ ഇന്ത്യ ഡിജിറ്റൽ ലോകത്തെ നയിക്കുന്ന നാൾ വരുമെന്ന് നടൻ കമൽ ഹാസൻ. തന്റെ ജീവിതകാലത്ത് തന്നെ അത് യാഥാർഥ്യമാകുന്നത് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ കനറാ ബാങ്കിന്റെ ഡിജിറ്റൽ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് ഗ്രാമങ്ങളിലെ ഡിജിറ്റൽ ബാങ്കിങ് രംഗത്തെ പ്രധാനിയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അത് നമ്മൾ തിരിച്ചറിഞ്ഞാൽ രാജ്യത്തെ എല്ലാ പ്രശ്നങ്ങളും ശരിയാവുമെന്നും അദ്ദേഹം പറഞ്ഞു.

'ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിക്കാത്ത ഒരു ഗ്രാമീണനും ബാക്കിയുണ്ടാവില്ലെന്ന് തനിക്ക് മുൻകൂട്ടിക്കാണാനാവുന്നുണ്ട്. ഞാൻ തിരക്കേറിയ നഗരത്തിൽ ജീവിക്കില്ല. ഞാൻ ഗ്രാമത്തിലാണ് ജീവിക്കുന്നത് എന്ന് ആളുകൾ പറയുന്ന ഒരു നാൾ വരും.' അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 21 ന് എപിജെ അബ്ദുൾ കലാമിന്റെ സ്വദേശമായ രാമേശ്വരത്തുനിന്ന് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുകയാണ് കമൽഹാസൻ.