ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കമൽനാഥ്. അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനത്തിൽ കമൽനാഥ് ഒപ്പിട്ടു. 15 വർഷത്തിനു ശേഷമാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാർഷികകടം എഴുതി തള്ളുമെന്നത്.

ദേശസാൽകൃത സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ മാർച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് കമൽനാഥ് കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

ഉച്ചകഴിഞ്ഞ് ഭോപാലിൽ ജംബോരി മൈതാനത്തുനടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കമൽ നാഥ് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്ത്തള്ളുന്നതിനുള്ള ഫയലിൽ കമൽനാഥ് ഒപ്പിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കന്മാരെയും പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. ഛത്തീസ്‌ഗഡിൽ ഭൂപേഷ് ബാഗേൽ വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ ഛത്തീസ്‌ഗഢ് പിസിസി അധ്യക്ഷനായ ബാഗേൽ സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ്.