- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മീശ'യുടെ പേരിൽ ദിവസും മാതൃഭൂമി മാനേജ്‌മെന്റ് ദിവസവും എന്നെ പൊരിച്ചു കൊണ്ടിരുന്നു; 15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തപ്പോൾ പലതവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയത് സംഘപരിവാറിനെതിരായ വാർത്തകൾ കൊണ്ടാണ്; സൂക്ഷ്മ തലത്തിൽ മാതൃഭൂമി നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെ; നേരത്തെ സിപിഎം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ; മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പത്രാധിപർ
കോഴിക്കോട്: 'അതിതീവ്ര ഹൈന്ദവ സംഘങ്ങൾ ഒരു മാധ്യമസ്ഥാപനത്തിന് മേൽ ഇത്ര അവിഹിതമായ സമ്മർദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തിൽ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാൻ വായിച്ചപ്പോൾ തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല മലയാളത്തിൽ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന നോവൽ എന്നും തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾ വന്നപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് രണ്ടാമത്തെ അധ്യായത്തിൽ ഒരു ഭാഗം എടുത്ത് വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടത്തേണ്ടതുണ്ട്. അതിൽ ദുരൂഹതയുണ്ട്.'- മീശ നോവൽ പ്രസിദ്ധീകരിച്ചതുമായ വിവാദത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് പത്രാധിപസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട മാധ്യമ പ്രവർത്തകൻ കമറാം സജീവ് പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര'ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹതം മാതൃഭൂമിക്കെതിരെ ആഞ്ഞടിക്കുന്നത്. സംഘപരിവാറുകാർ ഇത് വായിച്ച് ഒരു ഭാഗം
കോഴിക്കോട്: 'അതിതീവ്ര ഹൈന്ദവ സംഘങ്ങൾ ഒരു മാധ്യമസ്ഥാപനത്തിന് മേൽ ഇത്ര അവിഹിതമായ സമ്മർദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തിൽ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാൻ വായിച്ചപ്പോൾ തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല മലയാളത്തിൽ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന നോവൽ എന്നും തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾ വന്നപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് രണ്ടാമത്തെ അധ്യായത്തിൽ ഒരു ഭാഗം എടുത്ത് വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടത്തേണ്ടതുണ്ട്. അതിൽ ദുരൂഹതയുണ്ട്.'- മീശ നോവൽ പ്രസിദ്ധീകരിച്ചതുമായ വിവാദത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് പത്രാധിപസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട മാധ്യമ പ്രവർത്തകൻ കമറാം സജീവ് പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര'ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹതം മാതൃഭൂമിക്കെതിരെ ആഞ്ഞടിക്കുന്നത്.
സംഘപരിവാറുകാർ ഇത് വായിച്ച് ഒരു ഭാഗം കണ്ടെത്തി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു കോൺസ്പിറസിയുടെ ഭാഗമായി ആ ഭാഗം മാത്രമമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. നോവലിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് കേരളത്തിലെ ഒരു സംഘ് നേതാവിന് സ്ഥാപനത്തിലൊരാൾ വാട്‌സ് ആപ്പ് ചെയ്യുകയായിരുന്നു എന്ന് ഞാനറിഞ്ഞിട്ടുണ്ട്. പക്ഷെ ആ നേതാവ് പോലും തിരിച്ചു ചോദിച്ചത് ഇതൊരു കഥാപാത്രത്തിന്റെ ഡയലോഗ് അല്ലേ എന്നായിരുന്നു. പക്ഷെ ഇതൊരു സാംസ്കാരിക വിവാദമാക്കിയാൽ ഉണ്ടാകാവുന്ന സാധ്യതകൾ വാട്‌സ് ആപ് ചെയ്ത ആൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തുവെന്നാണ് ചിലർ എന്നോട് വ്യക്തമാക്കിയതെന്നും കമൽറാം തുറന്ന് പറയുന്നു.
നോവൽ വിവാദമായതോടെ എഴുത്തുകാരനെ ഒറ്റപ്പെടുത്തി അക്രമിക്കാൻ തുടങ്ങി. സമാന്തരമായി മാധ്യമസ്ഥാപനത്തിന് നേരെയും ആക്രമണം നടക്കുന്നുണ്ട്. എന്നാൽ മാനേജ്‌മെന്റിന് ഇത് പ്രതിരോധിക്കാനായില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകളുമുണ്ടായില്ല. എഡിറ്ററോ എഡിറ്ററും ഹരീഷും കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് നോവലിന്റെ പ്രസിദ്ധീകരണം നിർത്തണം എന്നായിരുന്നു മാനേജ്‌മെന്റിൽ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത്. ഹരീഷോ പത്രാധിപസമിതിയോ മാപ്പുപറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട്. എന്നാൽ തനിക്ക് മേൽ സമ്മർദ്ദമുണ്ടായി. അത് ഞാൻ ഒരിക്കലും ഹരീഷിന്റെ മേൽ ചെലുത്തിയിട്ടില്ല- കമൽറാം സജീവ് വ്യക്താമക്കി.
മീശ പിൻവലിക്കണമെന്ന് പറഞ്ഞത് ഹരീഷ് തന്നെ
പ്രശ്‌നങ്ങളും ഭീഷണികളും രൂക്ഷമായതിനെത്തുടർന്ന് ഇനി താങ്ങാനാവില്ലെന്ന് പറഞ്ഞ് ഹരീഷ് വിളിച്ചു. എന്നാൽ ഞാനും അക്രമം നേരിടുകയാണെന്നും നോവൽ നിർത്താൻ പറ്റില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ ഹരീഷിന് പിന്മാറാതെ പറ്റില്ലായിരുന്നു. എന്നാൽ നോവൽ പിൻവലവിച്ചു എന്ന വാർത്ത ഹരീഷ് തന്നെ കൊടുക്കണം അല്ലാതെ എനിക്ക് നിർത്താൻ പറ്റില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. ഇക്കാര്യം ഞാൻ മാനേജ്‌മെന്റിനെ അറിയിച്ചു. പിൻവലിക്കരുതെന്ന് എന്നോടോ ഹരീഷിനോടോ മാനേജ്‌മെന്റ് ആവശ്യപ്പെട്ടില്ല. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന മനോഭാവത്തിലായിരുന്നു മാനേജ്‌മെന്റ്. അന്നുച്ചക്ക് സംഘ് പരിവാർ സംഘടനകളുടെ എതിർപ്പിനെ ത്തുടർന്ന് ഹരീഷ് നോവൽ പിൻവലിക്കുന്നതായി സൂചിപ്പിച്ച് ഞാനാണ് വാർത്ത തയ്യാറാക്കിക്കൊടുത്തത്. അത് വെട്ടിച്ചുരുക്കി. അതിലൊരിടത്തും സംഘപരിവാർ ശക്തികളുടെ ഭീഷണികൊണ്ട് എന്നുണ്ടായിരുന്നില്ല. പകരം ചില സംഘടനകളുടെ എതിർപ്പുമൂലം എന്നാക്കി മാറ്റി. എന്തുകൊണ്ട് നോവൽ പിൻവൻലിക്കുന്നു എന്ന സംഗതി ഇല്ലാതെ അതിലെ രാഷ്ട്രീയ മജ്ജ ചോർത്തിക്കളഞ്ഞ് ലഘൂകരിച്ച് പത്രം വാർത്ത കൊടുത്തു. എന്നാൽ ദേശീയ മാധ്യമങ്ങളും സമൂഹമാധ്യങ്ങളും വാസ്തവം കൊടുക്കുകയും ചെയ്തു. ഇതുമൂലം ഹരീഷിന് തന്നെ വിശദീകരണവുമായി വീണ്ടും ഫേസ് ബുക്കിൽ വരേണ്ടിവന്നു. സംഘ്പരിവാർ എന്നോ ഹിന്ദു തീവ്ര ഗ്രൂപ്പുകൾ എന്നോ വാർത്തയിൽ വരരുതെന്ന നിഗൂഡത നിറഞ്ഞ ഒരു തരം കൺഫ്യൂഷൻ മാനേജ്‌മെന്റ നിലനിർത്തി.
സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ട്. മാതൃഭൂമിയുടെ ഹിന്ദു സെക്കുലർ വായനാസമൂഹത്തിൽ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാൻ കഴിയുക എന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ ഇന്ത്യയിൽ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. ഒരു പത്രവും അവർക്ക് ഇതുപോലെ പിടിച്ചെടുക്കാൻ കഴിയുന്ന സാഹചര്യവുമില്ല. ഞങ്ങൾ ഹിന്ദുക്കളാണ് വായനക്കാർ എന്നൊരു സമ്മർദ്ദമുണ്ടാക്കുക. അതിന്റെ ഭാഗമാണ് പരസ്യത്തിൻ മേലുള്ള സമ്മർദ്ദം. അവർ പരസ്യത്തിൽ ഞങ്ങളെ വിളിക്കൂ എന്നു പറഞ്ഞ് കൊടുത്ത നമ്പറിലേക്ക് ഈ സംഘങ്ങൾ നിരന്തരം കാമ്പയിൻ ചെയ്തു. ഈ പത്രത്തിൽ പരസ്യം കൊടുത്താൻ ഞങ്ങൾ വിളിക്കില്ല എന്നു പറഞ്ഞ്. അത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് മാനേജ്‌മെന്റ് വിധേയപ്പെടുന്നുണ്ടെങ്കിൽ അത് ശരിയായ രീതിയല്ല. വായനക്കാരും സമ്മർദ്ദ ഗ്രൂപ്പുകളും രണ്ടും രണ്ടാണ്. ഇതാണ് ഇവരാണ് ശരി എന്ന തോന്നൽ എങ്ങനെയോ മാനേജ്‌മെന്റിന് വന്നിട്ടുണ്ടാകാം. സ്ഥാപനത്തെ തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. അതിനോട് ദുർബലമായ പ്രതിരോധമുള്ള മാനേജ്‌മെന്റാണ് ഉള്ളതെങ്കിൽ സംഗതി എളുപ്പമാണ്. തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ അക്രമ സംഘമാണ് തങ്ങളുടെ വായനക്കാർ എന്ന്. ഇങ്ങനെ ധരിച്ചുവെച്ചുകഴിഞ്ഞാൽ പിടിച്ചെടുക്കാൻ എളുപ്പമാണ്.
പ്രതിഷേധത്തിനുപിന്നിൽ തീവ്രവർഗീയ ഗ്രൂപ്പുകൾ
ഹൈന്ദവ ഭൂരിപക്ഷം അല്ല പ്രതിഷേധത്തിന് പുറകിലുണ്ടായിരുന്നത്. ചെറിയ അക്രമോത്സുക തീവ്രവർഗീയ ഗ്രൂപ്പുകളാണ്. അത് മുഖ്യധാരയിലെ മാധ്യമ പ്രവർത്തകർ പോലും മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ ശബരിമല കലാപഭൂമിയാക്കാനുള്ള ശ്രമത്തിലൂടെ നമ്മൾ ഇതുവരെ അറിയാത്ത, കേൾക്കാത്ത സംഘങ്ങളും നേതാക്കളും ഉയർന്നുവരുന്നു., ഇവരാണ് ഹിന്ദുവിന്റെ പ്രതിനിധികൾ എന്ന് ഒരു പത്രം തീരുമാനിക്കുന്നു. അവർ പറയുന്നതാണ് ന്യായം എന്ന രീതിയിൽ വാർത്ത ഡിസ്‌പ്ലേ ചെയ്യുന്നു. എഡിറ്റോറിയൽ എഴുതുന്നുമില്ല. ഇത്തരം വർഗീയ ഗ്രൂപ്പുകൾ പേജുകളിൽ നിറഞ്ഞു നിൽക്കുന്നു. ആഴ്ചപ്പതിപ്പിൽ നിന്ന് നോവൽ പിൻവലിച്ചതോടെ ഹരീഷിന് വായനാ സമൂഹത്തിന്റെയും ഇടതുപക്ഷം അടക്കമുള്ളവരുടെയും സർക്കാറിന്റെ തന്നെയും ശക്തമായ പിന്തുണ ലഭിച്ചു. ഡിസി ബുക്ക്‌സ് നോവൽ പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്നു. ആരും പിന്തുണയ്ക്കാതിരുന്ന അവസ്ഥയിൽ നിന്ന് ഇതൊക്കെ നൽകുന്ന ഊർജ്ജം ചെറുതല്ല.
ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലയിൽ നിന്ന് എഡിറ്ററെ മാറ്റുകയെന്നത് സ്ഥാപനത്തിന് സ്വാഭാവികമായും ചെയ്യാവുന്ന സംഗതിയാണ്.അതിനെ ചോദ്യം ചെയ്യാനാകില്ല. എന്നാൽ ഇത് സ്വാഭാവിക മാറ്റമായിരുന്നില്ല. എന്നെ ടെലിവിഷൻ ചാനലിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതുപോലും എന്റെ ഏതെതെങ്കിലും കഴിവിനെ അംഗീകരിക്കാനുള്ള മാറ്റമായിരുന്നില്ല. പുറത്തു നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായി എടുത്ത തീരുമാനമായിരുന്നുവെന്ന് കമൽറാം സജീവ് പറയുന്നു.
മീശ എന്ന നോവൽ മൂലം പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. യഥാർത്ഥ കണക്ക് വരാനിരിക്കുന്നതേയുള്ളു. മീശയ്ക്കു ശേഷമാണ് പ്രളയം വന്നത്. എല്ലാ പത്രങ്ങളും സർക്കുലേഷൻ ഇടിവ് അനുഭവിച്ച ഘട്ടമായിരുന്നു അത്. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ട്. അതിന് മീശ കാരണമല്ല. ജൂലൈയിലാണ് നോവൽ പ്രസിദ്ധീകരണം തുടങ്ങിയത്. അതു കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് തത്പര കക്ഷികൾ വിവാദം കുത്തിപ്പൊക്കുന്നത്. എന്തായാലും സ്ഥാപനത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട്, അവരുടെ കാഴ്ചപ്പാടിൽ എഡിറ്ററുടെ സ്ഥാനമാറ്റം തെറ്റല്ല എന്നു തോന്നാം. ഒത്തുതീർപ്പ് നടത്തുമ്പോൾ അത്തരമൊരു ഒത്തുതീർപ്പ് വേണ്ട എന്നായിരന്നു എന്റെ തീരുമാനം. എന്റെ ജേണലിസം അവിടെ അവസാനിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. മതനിരപേക്ഷ പത്രപ്രവർത്തനം എന്ന നിലപാടിൽ ഉറച്ചു നിന്ന് എക്കാലവും പ്രവർത്തിച്ചയാളാണ് ഞാൻ. അത് അവസാനിപ്പിക്കണമോ വേണ്ടയോ എന്നത് എന്റെ ചോയ്‌സാണ്.
സക്കറിയയുടെ ലേഖനത്തിനും കാരണം കാണിക്കൽ നോട്ടീസ്
15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തു. പല തവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. എല്ലാ സംഘപരിവാറിനെതിരായ സ്റ്റോറികൾ ചെയ്തതുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഷെഡ്യൂൽ തെറ്റിയിട്ടോ കൃത്യനിഷ്ഠ പാലിക്കുന്നതിലെ വീഴ്ച മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ അല്ല. 'താൻ ആർഎസ്എസായിരുന്നു, അതുകൊണ്ട് അതിൽ ദുഃഖിക്കുന്നു' എന്ന് പറഞ്ഞ് ഉണ്ണി ആർ എഴുതിയ ലേഖനം കവർ സ്റ്റോറിയായി വന്നു. അതിൽ ആക്ഷേപകരമായ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അത് എന്തിന് കൊടുത്തു എന്ന് ചോദിച്ച് നോട്ടീസ് തന്നു. സക്കറിയയുടെ 'സത്‌നാം സിങ്ങിന്റെ രക്തം' എന്ന ലേഖനത്തിനും കിട്ടി നോട്ടീസ്. രാഷ്ട്രീയമായ വിയോജിപ്പിക്കുകൾ അവർ കാരണം കാണിക്കൽ നോട്ടീസുകളായി തന്നിട്ടുണ്ട്. അതാണ് എനിക്ക് കിട്ടിയ അവാർഡുകൾ. അപ്പോഴും ആഴ്ചപ്പതിന് എടുക്കുന്ന നിലപാടിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് എനിക്ക് തുടരാനായത്. ഇത്തരമൊരു മുഖം കൂടി പ്രദർശിപ്പിക്കേണ്ടത് മാനേജ്‌മെന്റിന്റെ ആവശ്യമായിരുന്നു.
എന്റെ രാജിപ്രഖ്യാപനത്തെ തുടർന്ന് നിരവധി എഴുത്തുകാർ പ്രതിഷേധിച്ചു. എഡിറ്ററെ മാറ്റി എന്നത് ചർച്ച ചെയ്യേണ്ട കാര്യമേ അല്ല. പക്ഷെ അതൊരു രാഷ്ട്രീയ തീരുമാനകമാകുമ്പോൾ എഴുത്തുകാരും വായനക്കാരും ഐഡിയോളജിക്കൽ ആയി രാഷ്ട്രീയമായി പ്രതികരിച്ചു എന്നു വരാം. അങ്ങനെയുള്ള പ്രതികരണങ്ങളായാണ് ഞാനിതിനെ കാണുന്നത്.
മീശ പ്രശ്‌നത്തിൽ മാനേജ്‌മെന്റ് ദിവസവും എന്നെ വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമ്മർദ്ദം ഞാൻ ഹരീഷ് അടക്കമുള്ളവരിലേക്ക് പകർന്നിട്ടില്ല. മീശയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് വന്നത് മാതൃഭൂമിക്കെതിരെയാണ്. മാനേ്ജമെന്റ് തന്നെയാണ് നല്ല അഭിഭാഷകനെ വെച്ച് സുപ്രധാനമായ വിധി സമ്പാദിച്ചത്. അത് സ്ഥാപനത്തിന് എക്കാലത്തും കൊണ്ടാടാവുന്ന, പത്രം എന്തിനൊക്കെ വേണ്ടി നിലകൊണ്ടിരുന്നുവോ അവയ്ക്ക് കിട്ടിയ എക്കാലത്തെയും സുപ്രധാനമായ വിധിയായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ എന്ന് സുപ്രീം കോടതി ഒരു പത്രസ്ഥാപനത്തോട് പറയുകയാണ്. ആ വിധി പ്രസിദ്ധീകരിച്ചത് എങ്ങിനെയാണ്. ഈ തീവ്ര സംഘങ്ങളെ പേടിച്ചാവാം അകത്ത് ബോക്‌സായി കൊടുത്തു. ദ ഹിന്ദു ഉൾപ്പെടെ ഇംഗ്ലീഷ് മീഡിയ ആ വാർത്ത എത്ര പ്രാധാന്യത്തോടെയാണ് കൊടുത്തത് എന്ന് നോക്കൂ. ഡിഫന്റ് ചെയ്ത്, അതല്ല ഇതാണ് ശരിയെന്ന് വാദിച്ച് വാങ്ങിയ ഭരണഘടനാ പിന്തുണ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ പത്രത്തിന് കഴിഞ്ഞില്ല. ഇത് മീശയ്ക്ക് മാത്രം കിട്ടിയ വിധിയല്ല.
വരാനിരിക്കുന്ന ഏതുതരം എഴുത്തിനെയും പിന്തുണയ്ക്കുന്ന പത്രം എന്ന വ്യവസായത്തെ നിലനിർത്തുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തന്നെ നിലനിർത്തുന്ന അടിസ്ഥാനപരമായ വിധിയാണിത്. അതുപോലും കൊണ്ടാടാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം ഒറ്റപ്പെട്ടുപോവുകയാണ്. എഡിറ്ററുടെ സ്വാതന്ത്ര്യത്തെപ്പറ്റിയുടെ ചോദ്യം റദ്ദായിപ്പോകുകയാണ്. എല്ലാതരത്തിലുള്ള എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ട്. അത് അവർ ചെയ്യുന്നുണ്ട്. ഗാന്ധി എന്നു പറയുന്നത് ഒരു പ്രതിമയോ രക്തം പുരണ്ട മണൽ തരികളോ അല്ല. ഗാന്ധിയെ മുന്നിൽ വച്ചാണ് നിങ്ങൾ പത്രപ്രവർത്തനം നടത്തുന്നതെങ്കിൽ അതിന്റെ ബാധ്യതയും നിങ്ങളുടെ പത്രത്തിനുണ്ട്. ഗാന്ധിയെ മുന്നിൽ വെച്ച് ഗോഡ്‌സെയുടെ തിയറി പ്രചരിപ്പിക്കാൻ പാടില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ആ തെറ്റിദ്ധാരണയാണ് നിരന്തരം വളർത്തിക്കൊണ്ടുവരുന്നത്. മൂല്യങ്ങളുടെ പേരുപറഞ്ഞ് വിൽക്കപ്പെടുന്ന ഒരു പത്രത്തിനും ആ മൂല്യങ്ങൾ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
സംഘപരിവാറിന്റെ ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാൽ അത് ഗോഡ്‌സെയുടെ പത്രമായി മാറുന്നു. ദലിത് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ നിലപാടുകൾ എടുക്കാൻ പാടില്ല. പിണറായി വിജയൻ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവർഷം നിശ്ചലമാക്കിവെക്കുന്നതിൽ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രു. നേരത്തെ സി പി എം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ കൂടിയായ മുഖ്യമന്ത്രി എന്ന നിലയിലാണെന്ന് മാത്രം. സൂക്ഷ്മ തലത്തിൽ പത്രം നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെയാണ്.- കമൽറാം ചൂണ്ടിക്കാട്ടി.