ഭോപ്പാൽ: വാസ്തുകല കൊണ്ടും രതിശിൽപങ്ങൾ കൊണ്ടും പ്രശസ്തമായ മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര പരിസരത്തെ കാമസൂത്ര പുസ്തകങ്ങളുടെ വിൽപന നിരോധിക്കണമെന്ന ആവശ്യവുമായി ബജ് രംഗ് സേന രംഗത്ത്.

ഖജുരാഹോ ക്ഷേത്രത്തിലെ പടിഞ്ഞാറൻ ക്ഷേത്ര സമുച്ചയങ്ങളുടെ പരിസരത്ത് കാമസൂത്ര പുസ്തകങ്ങളും അശ്ലീല ചിത്രങ്ങളും വിൽപനയ്ക്ക് വയ്ക്കുന്നു എന്നാരോപിച്ച് ബജ് രംഗ് സേന ചത്തർപുർ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

ഖജുരാഹോയിലെ ബജ് രംഗ് സേന നേതാവായ ജ്യോതി അഗർവാളിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരു നിവേദന പത്രിക തന്നെ പൊലീസിന് സേന സമർപ്പിച്ചു. കാമസൂത്ര പുസ്തകങ്ങൾക്കു പുറമെ ക്ഷേത്ര പരിസരത്ത് വിൽക്കുന്ന ചെറുപ്രതിമകളുടെ വിൽപനയും തടയണമെന്നാവശ്യം സേന ഉന്നയിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികൾക്കായുള്ള കാന്റീൻ പരിസരത്ത് വിൽക്കുന്ന കാമസൂത്ര പുസ്തകങ്ങളുടെയും ചെറു രതി പ്രതിമകളുടെയും പരസ്യ വിൽപനയ്ക്ക് തടയിടുക എന്ന ഉദ്ദേശത്തോടെയാണ് സേന പൊലീസിനെ സമീപിച്ചത്. ഇവയെല്ലാം ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ബജ് രംഗ് സേനയുടെ വാദം. പുരാവസ്തു വകുപ്പിനെയും പരാതിയുമായി ഇവർ സമീപിക്കാനൊരുങ്ങുകയാണ്.

ശിവ പ്രതിഷ്ഠയുള്ള ക്ഷേത്ര പരിസരത്ത് കാമസൂത്ര വിൽപന അംഗീകരിക്കാനാവില്ലെന്നാണ് സേനയുടെ നിലപാട്. പണ്ട് ഉണ്ടാക്കിയ 'ശിൽപങ്ങളുടെ ആവർത്തനം ഇപ്പോൾ അനുവദിക്കാനാവില്ലെന്നും അത് പുതു തലമുറയെ വഴി തെറ്റിക്കുമെന്നും, പഴയ ശിൽപങ്ങളുടെ ചെറു രൂപങ്ങൾ ഉണ്ടാക്കി എന്തിനാണ് രതിശിൽപങ്ങൾക്ക് പരസ്യം നൽകുന്നതെന്നും' അഗർവാൾ ചോദിക്കുന്നു. അതേസമയം ക്ഷേത്ര ശിൽപങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം സേന ഉന്നയിച്ചിട്ടില്ല .

മധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഖജുരാഹോ. അതിമനോഹരമായ ശിൽപങ്ങൾ കൊത്തിവെച്ച ഈ ക്ഷേത്ര സമുച്ചയങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.