ദുബായ് സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരി കാമിലയ്ക്ക് സുരക്ഷയേകുന്നത് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ സ്ത്രീസുരക്ഷാ ഉദ്യോഗസ്ഥകളാണ്. ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതാദ്യമായിട്ടാണ് വനിതാ ബോഡിഗാർഡുകൾ ഇത്തരത്തിൽ ഒരു ബ്രിട്ടീഷ് രാജകുമാരിക്ക് സുരക്ഷയേകുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റിന് വേണ്ടി തന്റെ ഭർത്താവായ ചാൾസിനൊപ്പം യുഎഇ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാമില ദുബായിലെത്തിയിരിക്കുന്നത്. തനിക്ക് സംരക്ഷണമേകുന്നതിനായി വനിതാ ഗാർഡുമാരെ ഏർപ്പെടുത്തിയതിൽ തികഞ്ഞ സന്തോഷമാണുള്ളതെന്നാണ് കാമില പ്രതികരിച്ചിരിക്കുന്നത്. വിവിധ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെ ലക്ഷ്വറി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നിന്നും വനിതാ ബോഡിഗാർഡുകളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്ന കാമിലയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നല്ല രീതിയിൽ മെയ്‌ക്കപ്പിട്ടിരുന്നുവെങ്കിലും ഈ ബോഡിഗാർഡുമാരെല്ലാം പരമ്പരാഗത രീതിയിലുള്ള കറുത്ത ഹിജാബും അബയയുമാണ് ധരിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള തോക്കടക്കമുള്ള ആയുധങ്ങൾ ഇവരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. 29നും 30നും ഇടയിൽ പ്രായമുള്ള യുവതികളാണ് ഇത്തരത്തിൽ കാമിലയുടെ സുരക്ഷയ്ക്കായി എത്തിയിരിക്കുന്നത്.വിവിധ ആയോധന വിദ്യകളിൽ പരിശീലനം നേടിയവരെയാണ് രാജകുമാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നാണ് അവരോട് അടുത്ത ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. യുഎഇയിലെ എലൈറ്റ് പ്രൈവറ്റ് പ്രസിഡൻഷ്യല് ഗാർഡിൽ നിന്നും വനിതാ ഉദ്യോഗസ്ഥരാണ് കാമിലയ്ക്ക് അകമ്പടി സേവിക്കാനെത്തിയിരിക്കുന്നത്. ഈ ഫോഴ്സിൽ 50 വനിതാ അംഗങ്ങളാണുള്ളത്.

ടീമിന്റെ നേതൃത്വം വഹിക്കുന്നത് ലെഫ്റ്റനന്റ് ഷെയ്മ അൽ കാബിയാണ്. കൂടാതെ സെക്കൻഡ് വാറന്റ് ഓഫീസർ ബാസിമ അൽ കാബി, ഫസ്റ്റ് കോർപൽ നിസ്രീൻ അൽ ഹമാവി, സലാമ അൽ റിമെയ്തി, കോർപറൽ ഹന്നൻ അൽ ഹതാവി എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇതിൽ ഹന്നനാണ് കാമിലയുടെ ഡ്രൈവറായി വർത്തിക്കുന്നത്. ഇതിൽ ഷെയ്മ, നിസ്രീൻ, ഹന്നൻ എന്നിവർ ഈ മെയ് മാസത്തിൽ എവറസ്റ്റ് കീഴടക്കിയ ധീരവനിതകളും കൂടിയാണ്. യുകെയുടെ ചരിത്രത്തിൽ ഇതുവരെ രാജകുമാരിക്ക് വനിതാ ബോഡിഗാർഡുമാരെ മാത്രം ഇതു വരെ ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെയാണ് വനിതകളെ അധികം പൊതുരംഗത്തേക്കിറക്കാത്ത ഒരു ഗൾഫ് രാജ്യം ഇതിന് തയ്യാറായിരിക്കുന്നതെന്നതാണ് അതിശയകരമായ കാര്യം.

ആളുകൾ സ്ത്രീകളുടെ നേരെ വളരെ പരമ്പരാഗതവും പഴഞ്ചൻ രീതിയിലുള്ളതുമായ കാഴ്ചപ്പാടാണ് പുലർത്തുന്നതെന്നും തങ്ങളെ ഈ ചുമതലയേൽപ്പിച്ചതിനോടും ചിലർ യാഥാസ്ഥിതിക കാഴ്ചപ്പാട് പുലർത്തുന്നുണ്ടെന്നും ഇതിലെ ഒരു യുവതി പ്രതികരിക്കുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി വരുന്നതിലും തങ്ങൾക്ക് ഇതിന് അവസരം നൽകിയതിലും സന്തോഷമുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. യുകെയിൽ വനിതാ ബോഡിഗാർഡുമാർ രാജകീയ കുടുംബാംഗങ്ങൾക്കുണ്ടെങ്കിലും അവരുടെ എണ്ണം വളരെ കുറവാണ്. സ്‌കോട്ട്ലൻഡ് യാർഡ് ക്ലോസ് പ്രോട്ടക്ഷൻ ടീംസിൽ കൂടുതലായും പുരുഷന്മാർക്കാണ് ഭൂരിപക്ഷമുള്ളത്. ഗൾഫിൽ ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ കാമിലയുടെ പ്രധാന സന്ദേശം സ്ത്രീശാക്തീകരണമാണ്.നിർണായകമായ നേതൃത്വസ്ഥാനത്തിരിക്കുന്ന എമിറേറ്റി സ്ത്രീകൾ പങ്കെടുത്ത പവർ ലഞ്ചിൽ തിങ്കളാഴ്ച കാമില ഭാഗഭാക്കായിരുന്നു. ഇതിൽ രാജ്യത്തെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റായ മേജർ മറിയം അൽമൻസൂരിയും പങ്കെടുത്തിരുന്നു.