- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രം; ദൃശ്യഭാഷകൊണ്ടും പരിചരണംകൊണ്ടും വിസ്മയിപ്പിച്ച് രാജീവ് രവി; ദുൽഖർ സൂപ്പർ താര പദവിയിലേക്ക്; ഞെട്ടിച്ച് വിനായകൻ
ഇരുനിറമുള്ള നായികയെ പ്രേമിക്കുന്ന വെളുത്ത തുടുത്ത നായകനെ നിങ്ങൾ എത്ര മലയാള സിനിമകളിൽ കണ്ടിട്ടുണ്ട്, നമ്പ്യാരും വർമ്മയും മേനോനും വിട്ടുള്ള കളിയില്ലാത്ത നമ്മുടെ മുഖ്യധാരയിൽ പുലയനും പറയനും അടക്കമുള്ള ദലിതരുടെ കഥ പറഞ്ഞ എത്ര പടങ്ങൾ ഇറങ്ങിയിട്ടുണ്ട്, വികസനത്തെക്കുറിച്ച് വലിയ വാചകമടികൾ നടക്കുന്ന ഇക്കാലത്ത് വളരുന്ന നഗരങ്ങളുടെ പുറമ്പോക്കുകളെക്കുറിച്ച് പറയുന്ന എത്ര ചിത്രങ്ങൾ വന്നിട്ടുണ്ട് ( തമിഴിലെ കാക്കാമുട്ടെ നോക്കുക)....അങ്ങനെയാരു വ്യത്യസ്തമായ അനുഭവം വേണ്ടവർക്ക് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമെന്ന എ പടത്തിലേക്ക് സ്വാഗതം. (ഇതൊരു എ പടമാവുന്നത് എന്തെിലും അശ്‌ളീല രംഗങ്ങൾ കൊണ്ടല്ല.അതിൽ പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകൾ ഉള്ളതിനാലാണത്രേ!) കറുത്ത പെണ്ണിനെ പ്രേമിച്ചുപോയതിന് ഒരുത്തനെ തല്ലുന്ന ആക്ഷൻ ഹീറോ ബിജുമാർ പ്രസരിപ്പിക്കുന്ന വൃത്തികെട്ട വംശീയതയുടെ കാലത്ത്, കൃത്യമായ സാംസ്കാരിക പ്രത്യാക്രമണമാണ് ഈ ചിത്രം. ചേരികളുടെയും പുറമ്പോക്കുകളിലെയും മനുഷ്യരുമായ കൂട്ടുകൂടി വൃത്തികേടാവുന്നവരെക്കുറിച്ച് (
ഇരുനിറമുള്ള നായികയെ പ്രേമിക്കുന്ന വെളുത്ത തുടുത്ത നായകനെ നിങ്ങൾ എത്ര മലയാള സിനിമകളിൽ കണ്ടിട്ടുണ്ട്, നമ്പ്യാരും വർമ്മയും മേനോനും വിട്ടുള്ള കളിയില്ലാത്ത നമ്മുടെ മുഖ്യധാരയിൽ പുലയനും പറയനും അടക്കമുള്ള ദലിതരുടെ കഥ പറഞ്ഞ എത്ര പടങ്ങൾ ഇറങ്ങിയിട്ടുണ്ട്, വികസനത്തെക്കുറിച്ച് വലിയ വാചകമടികൾ നടക്കുന്ന ഇക്കാലത്ത് വളരുന്ന നഗരങ്ങളുടെ പുറമ്പോക്കുകളെക്കുറിച്ച് പറയുന്ന എത്ര ചിത്രങ്ങൾ വന്നിട്ടുണ്ട് ( തമിഴിലെ കാക്കാമുട്ടെ നോക്കുക)....അങ്ങനെയാരു വ്യത്യസ്തമായ അനുഭവം വേണ്ടവർക്ക് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമെന്ന എ പടത്തിലേക്ക് സ്വാഗതം. (ഇതൊരു എ പടമാവുന്നത് എന്തെിലും അശ്‌ളീല രംഗങ്ങൾ കൊണ്ടല്ല.അതിൽ പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകൾ ഉള്ളതിനാലാണത്രേ!)
കറുത്ത പെണ്ണിനെ പ്രേമിച്ചുപോയതിന് ഒരുത്തനെ തല്ലുന്ന ആക്ഷൻ ഹീറോ ബിജുമാർ പ്രസരിപ്പിക്കുന്ന വൃത്തികെട്ട വംശീയതയുടെ കാലത്ത്, കൃത്യമായ സാംസ്കാരിക പ്രത്യാക്രമണമാണ് ഈ ചിത്രം. ചേരികളുടെയും പുറമ്പോക്കുകളിലെയും മനുഷ്യരുമായ കൂട്ടുകൂടി വൃത്തികേടാവുന്നവരെക്കുറിച്ച് ( ലാൽ ജോസിന്റെ 'നീന' നോക്കുക) നാം ധാരാളം സിനിമയെടുത്തിട്ടുണ്ട്. എന്നാൽ പുസ്തകത്തിനുപകരം അവർ പോലുമറിയാതെ പിച്ചാത്തി കൈയിലത്തെുന്ന ഇരുണ്ട സാമൂഹികാവസ്ഥയെക്കുറിച്ചാണ് രാജീവ് രവി പറയുന്നത്.
ശ്രീനിവാസൻ സിനിമകളോട് തനിക്ക് പുഛമാണെന്നും നൂറുപേജ് വരുന്ന തിരക്കഥകളൊക്കെ കത്തിക്കണമെന്നൊക്കെയുള്ള രാജീവ് രവിയുടെ മുൻകാല പ്രസ്താവനകൾ വളച്ചൊടിച്ചവർ ഈ പടമൊന്നുകാണണം. തിരക്കഥയുടെ ലിഖിത ഫോർമാറ്റുകളെ എങ്ങനെയാണ് ഒരു സംവിധായകൻ പ്രതിഭകൊണ്ട് കീഴടക്കുന്നതെന്ന് നോക്കുക.ആഗോളീകരണം ഒരു ഗ്രാമത്തിലെ പാവങ്ങളെ ക്രിമിനകളാക്കുന്നതെങ്ങനെയാണെന്നും അവരെ ചവച്ചുതുപ്പി ചണ്ടികളാക്കുന്നതെന്നും ഈ ചിത്രം കാണിച്ചുതരുന്നു.ആ ഉള്ളുലക്കുന്ന രാഷ്ട്രീയ ചൂടാണ് ഈ കമ്മട്ടിപ്പാടത്തിനുള്ളത്.അല്ലാതെ മൂക്കറ്റം തിന്ന് എമ്പക്കം വിട്ടുണ്ടാവുന്ന നമ്പൂതിരി ഫലിതംപോലത്തെ നർമ്മമല്ല.
പ്രമേയവും ഉള്ളടക്കവും അത് ഉയർത്തിപ്പിടിക്കുന്ന കൃത്യമായ രാഷ്ട്രീയവും ഒന്നുകൊണ്ട് മാത്രമല്ല കമ്മട്ടിപ്പാടം അഭിനന്ദിക്കപ്പെടേണ്ടത്. അത് ഒരു നല്ല വാണിജ്യ സിനിമകൂടിയാണ്.മൂന്നുമണിക്കൂറിൽ ഒരു സെക്കൻഡ്‌പോലും ബോറടിപ്പിക്കാതെ,വിസ്മയിപ്പിക്കുന്ന ഫ്രെയിമുകളിലുടെ രാജീവ് രവി ഏതാണ്ട് അരനൂറ്റാണ്ടിന്റെ കഥ പറയുകയാണ്.അത് നാളിതുവരെ നാം കണ്ടില്ലാത്ത ഷോട്ടുകളിലൂടെ .പതിവ് പാറ്റേൺ വിട്ട കഥ,ഇതുവരെ കേട്ടിട്ടില്ലാത്ത ദലിതന്റെ തനത് സംഗീതം, വള്ളുവനാടൻ ഭാഷ വിട്ട് മണ്ണിന്റെ നാട്ടുവർത്തമാനം പറയുന്ന താരങ്ങൾ, നഗരപ്രാന്തങ്ങളിൽ നിന്ന് സ്‌ക്രീനിലേക്ക് നേരിട്ട് നടന്നുവന്നതുപോലുള്ള കഥാപാത്രങ്ങൾ.... വ്യത്യസ്തകൾ ഏറെയുണ്ട് പി.ബാലചന്ദ്രൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ എ പടത്തിന്.
നാം മലയാളത്തിൽ കണ്ടുശീലിച്ച പതിവ് ഗ്യാങ്ങ്സ്റ്റർ മൂവികളുടെ നടപ്പുരീതിയല്ല ഈ ചിത്രത്തിന്. ഹിസ്റ്ററി ഓഫ് വയലൻസ്, സിറ്റിഓഫ് ഗോഡ് തുടങ്ങിയ ചലച്ചിത്രമേളകളിൽ കണ്ട എതൊക്കെയോ ചിത്രങ്ങൾ കമ്മട്ടിപ്പാടം കണ്ടപ്പോൾ ഓർത്തുപോയി.മലയാളത്തിൽ സ്റ്റോപ്പ് വയലൻസ് എന്ന എ.കെ സാജൻ ചിത്രമാണ് സമാനമായി ഓർമ്മവരുന്നത്.അമേച്വർ നടന്മാരെ ഇട്ടിട്ടുള്ള പരീക്ഷണം തമിഴിലെ നമ്മുടെ പ്രിയപ്പെട്ട സുബ്രമണ്യപുരത്തെയും ഓർമ്മിപ്പിക്കുന്നു.
പക്ഷേ തന്റെ മുൻസിനിമയായ 'ഞാൻ സ്റ്റീവ് ലോപ്പസിന്റെ' സാമ്പത്തിക പരാജയം കൊണ്ടാവണം വാണിജ്യഘടകങ്ങളെ പൂർണമായി അവഗണിക്കാൻ രാജീവ് രവി തയാറാവുന്നില്ല.രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും പടം ഭാഗികമായി നായക കേന്ദ്രീകൃതവും ആവുന്നുണ്ട്.നായകൻ വില്ലൻ ദ്വന്ദമെന്ന പതിവ് ചേരുവ നിറച്ച കൈ്‌ളമാക്‌സിനോടും, ദുൽഖർസൽമാന്റെ ആരാധകർക്കായി സൃഷ്ടിച്ച ചില രംഗങ്ങളുമൊക്കെ നമുക്ക് ക്ഷമിക്കാം. ചുമരില്ലാതെ ചിത്രം വരക്കാൻ ആവില്ലല്ലോ? സിനിമപോലുള്ള ഒരു വലിയ വ്യവസായലോകത്ത് സാമ്പത്തിക വിജയം നിർണ്ണായകമാണെല്ലോ.
എന്നാൽ ആക്ഷൻ രംഗങ്ങളിൽ പതിവുള്ള അമാനുഷിക സൃഷ്ടി ഈ പടത്തിൽ തീർത്തുമില്ല.പലപ്പോഴും ദുൽഖറിന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം കിട്ടുന്നത് വിനായകന്റെയും നവാഗതമായ മണികണ്ഠന്റെയും വേഷങ്ങൾക്കാണ്.
കമ്മട്ടിപ്പാടത്ത് സംഭവിച്ചത്
ആദ്യത്തെ രണ്ടുസിനിമകളിലും ജാതിയും മതവും ഗുണ്ടാപ്പകയും ഭരണകൂട ഇടപെടലുകളുമായിരുന്നു രാജീവിന്റെ വിഷയം.മൂന്നാമത്തെ സിനിമയിലേക്കു വരുമ്പോഴും ആഖ്യാനപരിസരം കാര്യമായി മാറുന്നില്ല.പക്ഷേ കഥയിലെ ആന്തരിക വൈജാത്യങ്ങൾ ഏറെയുണ്ടുതാനും. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഇപ്പോഴിരിക്കുന്ന സ്ഥലമാണ് സത്യത്തിൽ കമ്മട്ടിപ്പാടം. ആ ചതുപ്പുനിലത്ത് മീൻപിടിച്ചും കൃഷിചെയ്തും ജീവിച്ചിരുന്ന കമ്മട്ടിപ്പാടത്തുകാരുടെ അരനൂറ്റാണ്ടുകാലത്തിന്റെ കഥയാണിത്.കമ്മട്ടിപ്പാടത്തെ ബാലൻ( നവാഗതനായ മണികണ്ഠൻ), ഗംഗൻ( വിനായകൻ), എന്നീ സഹോദരങ്ങളും കൃഷ്ണൻ (ദുൽഖർ സൽമാൻ) തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതവും അതിജീവനവുമാണ് സിനിമ.
കൃഷ്ണൻ കമ്മട്ടിപ്പാടത്തുകാരനല്ല. മാതാപിതാക്കൾക്കും ചേച്ചിക്കുമൊപ്പം നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയയാളാണ്. എന്നാൽ അറിയാതെ കമ്മട്ടിപ്പാടത്തിന്റെ ആവാസവ്യവസ്ഥയിൽ അയാളും പെട്ടുപോവുന്നു. അത് ആരുംകൂട്ടുകൂട്ടി ചീത്തയാക്കിയിട്ടല്ല. വളരെ ചെറുപ്പത്തിൽ തന്നെ അവരൊരു കത്തിക്കുത്തിന് മൂകസാക്ഷികളാവുന്നു.നാലുവരികോപ്പി പുസ്തകം ചോദിച്ചത്തെിയ അവർക്ക് കിട്ടുന്നത് വാറ്റുചാരായമാണ്. അവർ ആഗ്രഹിക്കാതെ തന്നെ എങ്ങനെയോക്കെയോ കത്തിയും വടിവാളും അവരുടെ കൈകളിൽ എത്തുന്നു. ബ്‌ളാക്കിൽ സിനിമാടിക്കറ്റ് വിറ്റ് തുടങ്ങുന്ന അവരുടെ ജീവിതം അബ്കാരികളുടെയും വ്യവസായ മാഫിയകളുടെയും കൂലിത്തല്ലുകാരായി പടർന്നു പന്തലിക്കുന്നു.
പക്ഷേ അപ്പോഴം കമ്മട്ടിപ്പാടത്തുകാർ ഒന്നും നേടുന്നില്ല. പണ്ട് അവർ മീൻ പിടിച്ച കുളവും പച്ചപ്പ് നിറഞ്ഞ പാടങ്ങളുമെല്ലാം ഫ്‌ളാറ്റുകൾക്ക് വഴിമാറുന്നു. മനുഷ്യത്വവിരുദ്ധവികസനത്തിൽ തങ്ങൾ പെട്ടുപോവുകയാണെന്ന് അവർ അറിയുന്നില്ല. സൈക്കിളിൽ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്ന അവർക്ക് പാടം വികസിക്കമ്പോൾ വീട്ടിലേക്കുള്ള ഇടവഴിപോലും നഷ്ടമാവുന്നു. ബാലന്റെയും ഗംഗന്റെയും മുത്തച്ഛന്റെ മൃതദേഹം പുറത്തേക്കിറക്കുന്ന ഒറ്റ രംഗത്തിൽ ഒരു ഭൂമികയുടെ മൊത്തം നിലവിളിയുണ്ട്. ഈ വികസനം തങ്ങളെ പുറത്താക്കാനാണെന്ന് വൈകിയാണ് അവർ മനസ്സിലാക്കുന്നത്.
പിന്നീടുണ്ടാവുന്ന ചില അവിചാരിത സംഭവങ്ങളോടെ കൃഷ്ണൻ എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരക്കുന്നു. മുംബൈയിൽ നിന്ന് വലിയ അധോലോക നായകനായി വാഴുന്നവരെയാണ് നാം മലയാള സിനിമയിൽ ഏറെയും കണ്ടിട്ടുള്ളതെങ്കിലും കൃഷ്ണൻ ഒന്നുമാവുന്നില്ല. ഒരു പ്രൈവറ്റ് ബോഡിഗാർഡായി തന്റെ 43ാംവയസ്സ് തള്ളിനീക്കുയാണ് അയാൾ.
എത്രയോ വർഷങ്ങൾക്കുശേഷം അയാൾക്ക് കമ്മട്ടിപ്പാടത്തെ പഴയ കൂട്ടുകാരൻ ഗംഗൻ എന്ന ഗംഗയുടെ വിളിയത്തെുന്നത്. മരണംഭയം നിറഞ്ഞ പരിഭ്രാന്തിയിൽ തന്നെയാരോ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഗംഗ പറയുന്നത്.പിന്നീടെപ്പോഴോ ഗംഗയുടെ കോൾ ഒരു സീൽക്കാരത്തോടെ മുറിയുമ്പോൾ കൃഷ്ണന് അപകടം മണക്കുന്നു.ഗംഗനെത്തേടിയുള്ള കൃഷ്ണന്റെ അന്വേഷണമാണ് കമ്മട്ടിപ്പാടത്തിന്റെ തീം. കൃഷ്ണൻ മാരകമായ രീതിയിൽ മുറിവേറ്റ് ഒരു ബസിൽ കയറുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അയാളുടെ അസ്പഷ്ടമായ വാക്കുകളിലൂടെ, കമ്മട്ടിപ്പാടത്തിന്റെ ഓർമകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. ഭൂതവും വർത്തമാനവും ഇടകലർത്തിയുള്ള ജമ്പുകട്ടുകളിലൂടെ നോൺലീനയറായി കഥപറഞ്ഞ് വേറിട്ട ആഖ്യാന കൗശലമാണ് ഇവിടെ രാജീവ് കാണിക്കുന്നത്.
വിസ്മയിപ്പിച്ച് വിനായകൻ; സൂപ്പർതാര പദവിയിലേക്ക് ദുൽഖർ
കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിങാണ് അതിനെ ഏറ്റവും ഗംഭീരമാക്കിയത്.ചുരുങ്ങിയത് മൂന്നുകാലഘട്ടത്തിൽ വരുന്ന 60ഓളം താരങ്ങൾ ഈ പടത്തിലുണ്ട്.ഈ മൂന്നു ഫിഗറുകളിലും അവരൊക്കെ ഒന്നിനൊന്ന് മെച്ചമായെന്നതാണ് ഈ പടത്തിന്റെ പ്രത്യേകത.
മലയാള സിനിമയിലെ അപ്രഖ്യാപിത വർണവിവേചനം അവസാനിപ്പിച്ചിരിക്കയാണ് ഈ പടം. കറുത്ത ജീവിതങ്ങളെ അവതരിപ്പിക്കാൻ ബ്‌ളാക്കടിച്ച് തുടുത്ത താരങ്ങളെ ഇറക്കുമതിചെയ്യുകയല്ല രാജീവ് രവി ചെയ്തത്. എല്ലാറ്റിനും ജീവിതത്തിൽനിന്ന് മുറിച്ചെടുത്തതുപോലുള്ളവരെ കണ്ടത്തെി. പ്രാന്തവത്കൃതരായ മനുഷ്യരെ അവതിരപ്പിക്കാൻ തിരഞ്ഞെടുത്തവർ സിനിമയോട് പൂർണമായും നീതി പുലർത്തുന്നു.ബാലൻ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതമായ മണികണ്ഠൻ ആർ. ആചാരിയെ മലയാള സിനിമ കാത്തിരിക്കയായിരുന്നെന്ന് തോനുന്നു. ബാഹ്യപ്രകൃതിയിൽ കുള്ളനായ ഈ ബാലനാണ് ചങ്കൂറ്റം ഒന്നുകൊണ്ട്മാത്രം പലരെയും അടിച്ചൊതുക്കുന്നത്. (ആറടിപൊക്കമുള്ള കരിമുട്ടി ഗുണ്ടകളെ കണ്ടുശീലിച്ചവർക്ക് ഒരുപക്ഷേ ബാലനെ ദഹിച്ചെന്നുവരില്ല. പക്ഷേ യാഥാർഥ്യം അതാണ്. കേരളത്തെ വിറപ്പിച്ച ചട്ടമ്പികളിൽ പലരും കൃശ ഗാത്രരായിരുന്നു!) ശരീരഭാഷയിൽ, രൂപത്തിൽ ഭാവപ്രകടനങ്ങളിൽ, സംസാരരീതിയിൽ ഒക്കെ അമ്പരപ്പിക്കുന്നുണ്ട് ഈ പുതുമുഖം.
ജീവിതമില്ലാത്ത ക്വട്ടേഷൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട നടനായിരുന്നു വിനായകൻ. എന്നാൽ ഈ പടത്തിലെ ഗംഗൻ ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. വിനായകന്റെ മാസ്റ്റർ പീസാണ് ഈ പടം.തന്റെ മരണമടുത്തെന്ന ഭീതിയിൽ കഴിമ്പോഴത്തെ ഗംഗന്റെ ഭാവങ്ങളും സൗണ്ട് മോഡുലേഷനുമൊക്കെ കാണേണ്ടതാണ്.
കരിയറിൽ അടിക്കടി നേട്ടങ്ങൾ ഉണ്ടാക്കുന്ന ദുൽഖർ സൽമാന്റെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെയൊക്കെ സ്വാഭാവികത. പൗരുഷവും ശബ്ദ നിയന്ത്രണവുമെല്ലാം വച്ചുനോക്കുമ്പോൾ മകൻ പിതാവിനെ കടത്തിവെട്ടും. കമ്മട്ടിപ്പാടം കൂടി ഹിറ്റാവുന്നതോടെ ദുൽഖറിന്റെ സൂപ്പർതാര പദവിക്ക് ഇനി അധികം ദൂരമില്ലെന്ന്
ചുരുക്കം.
ദുൽഖറിന്റെ കാമുകിയുടെ വേഷത്തിലത്തെുന്ന ഷോൺ റോമി, റോസമ്മ എന്ന കഥാപാത്രമായത്തെുന്ന അമാൽഡാ ലിസ്, എന്നീ പുതുമുഖനടിമാരും ശ്രദ്ധനേടി. അനിൽ നെടുമങ്ങാട്, അലൻസിയർ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കൊ, സൗബിൻ ഷാഹിർ, മുത്തുമണി, പി. ബാലചന്ദ്രൻ, അഞ്ജലി അനീഷ്, സുരാജ് വെഞ്ഞാമ്മൂട് എന്നിവരാണു മറ്റുറോളുകളിൽ. രണ്ടു സീനുകളിൽ വന്ന് സൗബിൻ ഷാഹിർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കൊമേഡിയനായി തിളങ്ങുന്ന ഈ താരം ഈ പടത്തിൽ കരാട്ടെക്കാരനായ ഒരു ഇറച്ചിവെട്ടുകാരനായിവന്ന് തീയറ്ററുകളെ വിറപ്പിക്കുകയാണ്.
മധു നീലകണ്ഠന്റെ കാമറയുടെ കരവിരുത് കണ്ട് അനുഭവിക്കേണ്ടതുതന്നെയാണ്. കമ്മട്ടിപ്പാടത്തിന്റെ പച്ചപ്പിൽനിന്ന് തുടങ്ങി, അംബരചുംബികൾ നിറഞ്ഞ കൊച്ചിയിലേക്കുള്ള മാറ്റമൊക്കെ മധു ചിത്രീകരിച്ചത് ചലച്ചിത്ര വിദ്യാർത്ഥികളൊക്കെ കണ്ടുപടിക്കേണ്ടതാണ്. മരണരംഗത്തെയും ആക്ഷൻ രംഗങ്ങളെയും ഭാവസന്ദ്രമാക്കുന്നതിലും ഛായാഗ്രാഹകൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൊതു പാറ്റേണിനുചേർന്ന സംഗീതമാണ് കെ., ജോൺ പി. വർക്കി, വിനായകനും ചേർന്ന് ഒരുക്കിയത്.
വാൽക്കഷ്ണം: ഈ പടം കണ്ടുതീർന്നപ്പോൾ ഒറ്റക്കാര്യമേ പിടികിട്ടാത്തതുള്ളൂ. എന്തിനാണ് ഈ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയത്. ഒറ്റ അശ്‌ളീല രംഗങ്ങളോ അമിതമായ വയലൻസോ ഈ പടത്തിൽ കാണാൻ കഴിയില്ല.പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകളാണത്രേ നമ്മുടെ സെൻസർ ബോർഡിന് അശ്‌ളീലമായതെന്ന് രാജീവി രവി ഫേസ്‌ബുക്കിൽ കുറിച്ചത് ഓർക്കുന്നു! പുലയൻ എന്ന വാക്കുപോലും തെറിയായി കാണുന്ന ഒരു സെൻസർ ബോർഡുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നത് ഞെട്ടിക്കുന്നതാണ്.റിലീസ് ഡേറ്റിന്റെ തൊട്ടുതലേന്ന് സെൻസർ ചെയ്തതിനാൽ തനിക്ക് പലകാര്യങ്ങളിലും സമരസപ്പെടേണ്ടിവന്നുവെന്ന് നേരത്തെ രാജീവ് രവി വ്യകതമാക്കിയിരുന്നു. പഹ്‌ളാജ് നിഹലാനി സെൻസർ ബോർഡ് അധ്യക്ഷനായി വന്നപ്പോൾ തന്നെ, പത്തിലേറെ പ്രത്യേക വാക്കുകൾ ചൂണ്ടിക്കാട്ടി അവ സിനിമയിൽ വന്നാൽ കട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് പിൻവലിക്കപ്പെട്ടത്. ആ പത്തുവാക്കുകളിൽ പുലയൻ എന്ന വാക്കും ഉൾപ്പെട്ടോയെന്ന് ആർക്കറിയാം.
നല്ല ചലച്ചിത്രകാരന്മാർ, കാവിവത്ക്കരിക്കപ്പെട്ട നമ്മുടെ സെൻസർ ബോർഡിനോടും യുദ്ധം ചെയ്യേണ്ട അവസ്ഥയാണ്.നേരത്തെ ജോയ്മാത്യു പറഞ്ഞതുപോലെ ഭീമൻരഘു സെൻസർബോർഡ് അംഗമായും ശശികല ടീച്ചർ സെൻസർ ബോർഡ് അധ്യക്ഷയുമായി വരുന്ന കാലം വിദൂരത്തല്ലെന്ന് ചുരുക്കം.