ഇടുക്കി: കോട്ടയം പാമ്പാടിയിൽ പൊലിസിനെ വെട്ടിച്ചു കടന്ന കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്. ഐ എന്നറിയപ്പെടുന്ന തങ്കമണി കാമാക്ഷി വലിയപറമ്പിൽ ബിജു(42)വിനായി പൊലിസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. 25-ലധികം മോഷണക്കേസുകളിലും പൊലിസിനെതിരെയുള്ള അതിക്രമ കേസുകളിലും പ്രതിയായ ഇയാളെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന പൊലിസിന്റെ ആവശ്യം ഇടുക്കി കലക്ടർ നിരാകരിച്ചിനു തൊട്ടുപിന്നാലെയാണ് പാമ്പാടിയിൽ പൊലിസ് വാഹനത്തിൽ ഉരസി ബിജു തന്റെ വാഹനവുമായി പാഞ്ഞതും ഒടുവിൽ വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റി ഉപേക്ഷിച്ചശേഷം രക്ഷപെട്ടതും. പൊലിസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന മോഷണ വീരനായ ബിജു അതിവിദഗ്ധമായാണ് പലപ്പോഴും പൊലിസിന്റെ വലയിൽനിന്നും മുങ്ങിയിട്ടുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കെ. കെ റോഡിൽ പാമ്പാടി ഭാഗത്തു പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇതുവഴിയെത്തിയ സഫാരി കാർ പൊലിസ് വാഹനത്തിലുരസി പാഞ്ഞത്. പാമ്പാടി സി. ഐ: സാജു വർഗീസ് വാഹനത്തെ പിന്തുടർന്നെങ്കിലും ചേന്നംപള്ളിക്കു സമീപം റോഡരുകിലെ വീട്ടിലേക്ക് കാർ ഇടിച്ചുകയറ്റിയശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ബിജുവാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് വ്യക്തമായത്.

പത്താഴക്കുഴിയിലെ ഒരു വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. കാറിൽ സൺ ഗ്ലാസ് ഒട്ടിച്ചായിരുന്നു യാത്ര. ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. കാർ ഉപേക്ഷിച്ചശേഷം ഒരു ഓട്ടോയിൽ വീട്ടിലെത്തി മകനെയുംകൂട്ടിയാണ് മുങ്ങിയത്. വ്യാജ മേൽവിലാസത്തിലാണ് ഇവിടെ താമസിച്ചിരുന്നത്. വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മുൻ ഉടമസ്ഥൻ നൽകിയ വിവരമാണ് ബിജുവിനെ തിരിച്ചറിയാൻ ഇടയാക്കിയത്.

കാർ വാങ്ങാൻ എത്തിയപ്പോൾ ബിജുവറിയാതെ ചിത്രം എടുത്തു സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കൂലിപ്പണിക്കാരനായാണ് ബിജു പാമ്പാടിയിൽ താമസിച്ചിരുന്നത്. ഭാര്യയും വീടുകളിൽ കൂലിപ്പണിക്ക് പോയിരുന്നു. ഭാര്യയുടെ ആദ്യവിവാഹത്തിലെ കുട്ടി വെള്ളൂരിലെ ഒരു സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. കട്ടപ്പന, തങ്കമണി സ്റ്റേഷനുകളിൽനിന്നുള്ള പൊലിസ് സംഘം പാമ്പാടിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കട്ടപ്പന സി. ഐ: വി. എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാമ്പാടിയിലെ വാടക വീടിനടുത്തുള്ള ചില വീടുകളിൽനിന്നും കുരുമുളക് മോഷണം നടത്തിയത് ബിജുവാണെന്നാണ് പൊലിസ് നിഗമനം.

ഇതിനോടകം പത്ത് വർഷത്തോളം പല കേസുകളിലായി ബിജു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായി പുറത്തിറങ്ങിയാലുടൻ വീണ്ടും മോഷണം തുടരുകയാണ് പതിവ്. പലതരം വാഹനങ്ങൾ മാറിമാറി ഉപയോഗിച്ച് അവയിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ശൈലിയാണ് ബിജുവിന്റേത്. താൻ എസ്. ഐയാണെന്ന് പറഞ്ഞ് തട്ടിപ്പുകൾ നടത്തിയതിനെ തുടർന്നാണ് ഇയാൾക്ക് കാമാക്ഷി എസ്. ഐ എന്ന പേര് ലഭിച്ചത്. തങ്കമണി സ്റ്റേഷൻ പരിധിയിലുള്ള കാമാക്ഷിയിൽ ഇയാളുടെ അമ്മ മാത്രമാണ് ഇപ്പോഴുള്ളത്.

മലഞ്ചരക്ക് ഉൽപന്നങ്ങളും ഓട്ടുപാത്രങ്ങളുമൊക്കെയാണ് കൂടുതലായി മോഷ്ടിക്കുന്നത്. ഒട്ടേറെ സ്‌കൂളുകൾ, ക്ഷേത്രങ്ങൾ, ആളില്ലാത്ത വീടുകൾ, മലഞ്ചരക്ക് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട്. പൊലിസിനെ വെട്ടിച്ചു കടക്കുന്നതിൽ വിരുതനാണിയാൾ. മോഷ്ടിച്ച വാഹനങ്ങളിലും നമ്പർ പ്ലേറ്റുകൾ മാറ്റി ഉപയോഗിച്ചും രാത്രി മോഷണത്തിനിറങ്ങുന്ന ഇയാൾ വാഹനത്തിൽ ഉപയോഗിക്കാൻ സ്ഥിരമായി ഡീസലും മോഷണം നടത്തിയിരുന്നു. കട്ടപ്പന മേഖലയിലെ സ്‌കൂൾ ബസുകളിൽനിന്നും ഡീസൽ ഊറ്റിയെടുത്താണ് ഇവിടെ രാത്രികാല സഞ്ചാരം നടത്തിയത്. പൊലിസ് വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒാടിളക്കി രക്ഷപെട്ട ഇയാൾ ഒരുതവണ തന്നെ തേടിയെത്തിയ പൊലിസുകാരെ വാക്കത്തിയുമായി നേരിട്ട് രക്ഷപെട്ടു.

മറ്റൊരിക്കൽ പൊലിസിനുനേരെ വാഹനമോടിച്ചും കടന്നുകളഞ്ഞു. മുമ്പ് ഇയാൾക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് നെടുങ്കണ്ടം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നു കോടതിയിൽനിന്നും കടന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബർ 11 നുപുലർച്ചെ നെല്ലിപ്പാറയിൽനിന്നും 175 കിലോ പച്ച ഏലക്കാ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ പൊലിസ് പിന്തുടർന്നു. അന്ന് വാഹനം ഉപേക്ഷിച്ചു ഇയാൾ രക്ഷപെട്ടു. പിന്നീട് പുളിയന്മലയിൽനിന്നും ഏലക്കാ മോഷ്ടിച്ചത് ഇയാളാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ 2014 ഒക്ടോബർ 20 ന് ഇയാളെ കട്ടപ്പന സി. ഐ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവിങ്ങിലുള്ള അപാരമായ കഴിവ് കഴിവാണ് മിക്കപ്പോഴും പൊലിസിൽനിന്നും രക്ഷപെടാൻ ഇയാൾക്ക് സഹായമാകുന്നത്.