ന്യൂയോർക്ക്: 129 നിരപരാധികളെ കൂട്ടക്കുരുതിയ്‌ക്ക്‌ ഇരയാക്കുകയും അനേകം വ്യക്തികളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌ത പാരീസ്‌ ഭീകരാക്രമണത്തിൽ ക്‌നാനായ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്ക (കാനാ) അതീവ ദുഃഖം പ്രകടിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. നവംബർ 15-ന്‌ ഞായറാഴ്‌ച ഡസ്‌പ്ലെയിൻസിലുള്ള സംഘടനയുടെ സ്ഥാപക നേതാവുകൂടിയായ ജോസ്‌ പുല്ലാപ്പള്ളിയുടെ വസതിയിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും ലോകത്തെമ്പാടും ഭീതിപരത്തി തുടർച്ചയായി നടത്തുന്ന കൂട്ടക്കുരുതികളേയും തീവ്രവാദ പ്രവർത്തനങ്ങളേയും അപലപിച്ചു.

യോഗത്തിൽ അധ്യക്ഷത വഹിച്ച കാനാ പ്രസിഡന്റ്‌ സാലു കാലായിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കൾക്ക്‌ വേണ്ടിയും, പരിക്കേറ്റവർക്ക്‌ വേഗം സൗഖ്യമേകുവാനും പ്രാർത്ഥിച്ചു. ഭീകരാക്രമണത്തിന്റെ ഞടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത ഫ്രഞ്ച്‌ ജനതയോട്‌ കാനാ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ആക്രമണം ഫ്രഞ്ച്‌ ജനതയോട്‌ മാത്രമല്ല, മാനവരാശിയോട്‌ തന്നെയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടും ഭീതിയും, നാശവും വിതച്ച്‌ പടരുന്ന ഭീകരവാദ പ്രവർത്തനങ്ങളും മത-വർഗ്ഗ തീവ്രവാദവും ഉന്മൂലനം ചെയ്യാൻ എല്ലാ രാഷ്‌ട്രങ്ങളും ജനതയും കൈകോർക്കണമെന്ന്‌ അദ്ദേഹം അഭ്യർത്ഥിച്ചു.

ഭീകരവാദികളുടെ മുഖ്യശത്രു അമേരിക്കയാണെന്ന വസ്‌തുതയുടെ അടിസ്ഥാനത്തിൽ നമ്മുടെ ഉദാര കുടിയേറ്റ നിയമത്തിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അതുവഴി ഭീകരവാദികളുടെ അമേരിക്കൻ മണ്ണിൽ പ്രവേശിക്കാനുള്ള ശ്രമങ്ങളെ തടയണമെന്നും അമേരിക്കൻ പ്രസിഡന്റ്‌ ബരാക്‌ ഒബാമയോട്‌ പ്രമേയത്തിലൂടെ കാനാ അപേക്ഷിച്ചു. ജോസഫ്‌ മുല്ലപ്പള്ളി (പി.ആർ.ഒ). അറിയിച്ചതാണിത്‌.