കോഴിക്കോട്: കനകമല അറസ്റ്റിന് രണ്ടാണ്ട് തികയുമ്പോൾ കേസ് വിചാരണാ ഘട്ടത്തിൽ. കേരളത്തിലെ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടാകുന്നത്. കേരളത്തിലെ ഐഎസിന്റെ വേര് കണ്ടെത്തിയ കനകമല അറസ്റ്റിന് നേതൃത്വം കൊടുത്തത് മലയാളിയും എൻ.ഐ.എ എ.എസ്‌പിയുമായ എപി ഷൗക്കത്തലിയായിരുന്നു.

അതീവ ഗൗരവത്തോടെ എടുത്ത കേസിന്റെ തുടർ നടപടികൾ വേഗത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും സാക്ഷികളെയും അനുബന്ധ തെളിവുകളെയും എൻ.ഐ.എക്ക് കോടതിയിൽ ഹാജരാക്കാൻ സാധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുറ്റപത്രം വായിച്ച് കേസിൽ വിചാരണ നടന്നു വരികയാണ്. കഴിഞ്ഞ മാസം 26 ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ വിചാരണ ആരംഭിച്ചതായി എൻ.ഐ.എ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ അതീവ രഹസ്യമായും സുരക്ഷയോടും കൂടിയാണ് പ്രതികളെയും സാക്ഷികളെയും കോടതിയിൽ ഹാജരാക്കുന്നത്. വിചാരണയുടെ വിശദാംശങ്ങൾ പുറത്തു വിടരുതെന്ന് കോടതി പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. പ്രതികൾക്കും സാക്ഷികൾക്കുമെതിരെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.

ഓഗസ്റ്റ് 18ന് കുറ്റപത്രം വായിക്കാനിരുന്നതാണ്. എന്നാൽ പ്രളയം കാരണം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ സാധിക്കാതെ വന്നതിനാൽ നടപടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. എൻ.ഐ.എ അസി.പൊലീസ് സൂപ്രണ്ട് എ.പി ഷൗക്കത്തലിയാണ് കേസിന്റെ മുഖ്യ അന്വേഷകൻ. അഭിഭാഷകരായ കെ.പി മുഹമ്മദ് ശരീഫ്, റാൾഫ്, വി.ടി രഘുനാഥ്, നൗശാദ് തലശ്ശേരി എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹാജരാകുന്നത്.

കേസിൽ ആകെ 15 ഓളം പ്രതികളും 121 സാക്ഷികളുമാണുള്ളത്. കൂടാതെ ഏതാനും മാപ്പുസാക്ഷികളുമുണ്ട്. 248 രേഖകൾ, 135 തൊണ്ടിമുതൽ എന്നിവ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേരളം അടക്കമുള്ള തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ നടത്താനും ഇന്ത്യക്കെതിരെ കലാപം സൃഷ്ടിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതി. ഭീക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണയും സാമ്പത്തിക സഹായവും റിക്രൂട്ടിംഗും നടത്തിയെന്നതുമാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.

അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാമ്പിലെത്തിയ ഏതാനും മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലുള്ള സമാന ആശയക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിൽ തന്ത്രപരമായി എൻ.ഐ.എ ഉദ്യോഗസ്ഥർ കയറിപറ്റുകയായിരുന്നു. ഹൈക്കോടതി ജെഡ്ജിമാർ സംഘ്പരിവാർ നേതാക്കൾ, യുക്തി വാദികൾ എന്നിവരെ വധിക്കാനായിരുന്നു ടെലഗ്രാം ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ കൂടിക്കാഴ്ച നടത്തുന്നതിനായാണ് കനകമലയിൽ ഒത്തുകൂടുകയായിരുന്നു. എന്നാൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ ഷൗക്കത്തലിയും സംഘവും ഒക്ടോബർ രണ്ടിന് കനകമല വളയുകയായിരുന്നു.

കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്‌നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐ.എസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. പി.എഫ്.ഐ പ്രവർത്തകർക്ക് ഐ.എസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നത് കൂടിയായിരുന്നു കനകമല അറസ്റ്റ്. ഇവരെ പി.എഫ്.ഐ യിൽ നിന്ന് പുറത്താക്കിയതായി പിന്നീട് നേതാക്കൾ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

അറസ്റ്റിലായവരുടെ ലാപ്ടോപ്പുകൾ, മൊബൈൽ, ഡയറികൾ തുടങ്ങിയവ അന്നു തന്നെ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരങ്ങൾ ലഭിച്ചു. കനകമല ഓപ്പറേഷൻ കേരളത്തിലെ ഐ.എസ് വേര് കണ്ടെത്തുന്നതിന് നിർണായകമായതായും 500ൽ അധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തതായും എൻ.ഐ.എ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. ഐ.എസ് എന്ന ഒന്ന് ഉണ്ടെന്നതും അതിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ്. കനകമല അറസ്റ്റു മായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു ശേഷം ഇരുപതിൽ അധികം ഐ.എസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളായിരുന്നു ഈ അറസ്റ്റുകളിലേക്ക് നയിച്ചത്.

ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐ.എസിന്റെ അൽ മുഹാജിറൂൻ ബ്ലോഗും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കുറിച്ചും വിവരങ്ങൾ ലഭിച്ചു. ഐ.എസിന്റെ ഇന്ത്യൻ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയും താനാളൂർ സ്വദേശി മുജീബ് റഹ്മാനുമായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗിനു പിന്നിൽ പ്രവർത്തിച്ചത്. ഇവരെല്ലാം ഈ കേസിലെ പ്രതികളാണ്.

സജീറിനൊപ്പം ഐ.എസ് ക്യാമ്പിൽ പോയി പിന്നീട് തിരിച്ചെത്തിയ മുഈനുദ്ധീനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീർ ഒരു വർഷമായി ട്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്ദേശം എത്തിയിരുന്നു. യു.എ.ഇയിൽ നിന്നും എൻ.ഐ.എ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത മുഈനുദ്ദീനും ഈ കേസിലെ പ്രധാന പ്രതികളിലൊരാളാണ്.

ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 2015ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു.

കനകമല അറസ്റ്റിനു ശേഷം ഇവരുമായി ആശയ സാമ്യതകളുള്ള 500ൽ അധികം മലയാളികളെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിൽ നൂറിലധികം പേരെ തീവ്രമായ ഐഡിയോളജിയിൽ നിന്നും എൻ.ഐ.എക്ക് പിന്തിരിപ്പിക്കാൻ സാധിച്ചു. തീവ്ര ആശയത്തിൽ നിന്ന് മാറുന്നവരെ എൻ.ഐ.എ നീരീക്ഷണ വിധേയമാക്കുകയും മാറ്റം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് രീതി. കനകമലയിൽ നിന്ന് പിടിക്കപ്പെട്ടവർ വിവിധ പേരുകളിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാന ആശയക്കാരുമായി ഇവർ നിരന്തരമായി സംവിദിച്ചിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതിലൂടെ നൂറുകണക്കിന് സോഷ്യൽ മീഡിയ ഐഡികളും ഗ്രൂ്പ്പുകളും നിരീക്ഷിക്കാൻ പറ്റിയെന്നത് കനകമല അറസ്റ്റിന്റെ മറ്റൊരു നേട്ടമായി കരുതുന്നതായി എൻ.ഐ.എ പറഞ്ഞു.