കൊച്ചി: കനകമല ഐ എസ് കേസിലെ പ്രതി സിദ്ദിഖുൾ അസ്ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി നേരത്തെ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ധിഖുൾ അസ്ലം. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസിനെത്തുടർന്ന് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് എൻ ഐ എ പിടികൂടുകയായിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. അൻസാർ ഉൽ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിനു പദ്ധതിയിട്ടെന്നാണ് കേസ്.

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും നേരത്തെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.

തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികളുടെ ഐ എസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാൽ രാജ്യദ്രോഹ കുറ്റം നില നിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ കുറ്റക്കാരായ പ്രതികൾ തീവ്രവാദ സംഘം ആണെന്ന് നിരീക്ഷിച്ച കോടതി ഇവർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതെയും കണ്ടെത്തി. 2016 ഇൽ കനകമലയിൽ നടന്ന യോഗത്തിൽ കേരളത്തിൽ വിവിധ ഭാഗത്ത് സ്‌ഫോടനം നടത്താനും ജഡ്ജിമാർ അടക്കം ഉള്ളവരെ വധിക്കാനും പ്രതികൾ ഗൂഢാലോചന നടത്തി എന്നാണ് കേസ്

കനകമല ഐഎസ് കേസിൽ മുഹമ്മദ് പോളക്കാനി, സിദ്ദിഖുൾ അസ്്‌ലം എന്നിവർക്കെതിരെ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന, യു.എ.പി.എ 38, 39 വകുപ്പ് പ്രകാരം തീവ്രവാദ സംഘടനയിൽ അംഗമാവുക, തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക എന്നീ ആരോപണങ്ങളാണ് സിദ്ദിഖിനെതിരെയുള്ളത്. മുഹമ്മദ് പോളക്കാനിക്കെതിരെ ഭീകര പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുക എന്ന കുറ്റവും കൂടിയുണ്ട്. അൻസാറുൽ ഖലീഫ കേരള എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടത്.

മുൻപ് ശിക്ഷിക്കപ്പെട്ട പ്രതികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ സിദ്ദിഖ് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സമാന രീതിയിൽ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയ പോളക്കാനിയും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് ആരോപണം.