കോഴിക്കോട്: കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിലെ കനകമലയിൽനിന്ന് ഐ.എസ് ബന്ധമാരോപിച്ച് അഞ്ച് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതോടെ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾ തീവ്രവാദത്തിനെതിരെ ശക്തമായി രംഗത്തത്തെുമ്പോഴും ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ അനുബദ്ധസംഘടനകൾക്കും കുലുക്കമില്ല.

കനകല അറസ്റ്റിന്റെ പിന്നിൽ സംഘപരിവാർ അജണ്ടയെന്നാണ് അവർ പരസ്യമായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്ന വെൽഫെയർ പാർട്ടിയുടെയും സോളിഡാരിറ്റിയുടെയും പ്രസ്താവനകൾ ഇക്കാര്യം അടിവരയിടുകയാണ്.ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയപാർട്ടിയാണ് വെൽഫയർ പാർട്ടിയെങ്കിൽ, ജമാഅത്തെയുടെ യുവജന വിഭാഗമാണ് സോളിഡാരിറ്റി.ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമം പത്രത്തിലും നിരന്തരമായി കനകമല സംഭവം ഗൂഢാലോചനയാണെന്ന രീതിയിലാണ് റിപ്പോർട്ടുകൾ വരുന്നത്.

കനകമലയിലെ അറസ്റ്റിനുപിന്നിൽ സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നെന്ന് വെൽഫെയർ പാർട്ടി ഇന്നലെ തിരുവനന്തപുരത്ത് പ്രസ്താവനയിൽ വ്യക്തമാക്കി. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു.കനകമലയിൽ കെട്ടിടമായി ആകെയുള്ളത് ഒരു ആശ്രമം മാത്രമാണ്. സഞ്ചാരികൾ വന്നുപോകുന്ന സ്ഥലവുമാണത്. ലോക്കൽ പൊലീസിന് പോലും വിവരമില്ലാത്ത കനകമല വിഷയത്തിൽ പ്രാദേശിക ബിജെപി നേതൃത്വം നേരത്തേതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

അറസ്റ്റ് നടന്ന സ്ഥലങ്ങളിൽ സംഘ്പരിവാർ പ്രവർത്തകരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ഫെഡറൽ വ്യവസ്ഥകൾ മറികടന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിഗൂഢ പരിശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ സംഭവങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്താൻ സന്നദ്ധമാവണമെന്നും പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കനകമല സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുമ്പ് എൻ.ഐ.എ ഏറ്റെടുത്ത പല കേസുകളിലും യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങൾ ചുമത്തിയത് സംശയങ്ങൾക്കിടയാക്കിയിരുന്നു. കനകമലയിൽ തീവ്രവാദ ക്യാമ്പുകൾ നടക്കുന്നില്‌ളെന്ന് കേരള പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കെ എൻ.ഐ.എ നടപടിയിൽ ദുരൂഹതയുണ്ട്. കസ്റ്റഡിയിൽ എടുത്തവർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ തെളിയിക്കപ്പെടുന്നതിനുമുമ്പ് തീവ്രവാദ ചാപ്പയടിക്കുന്ന മാദ്ധ്യമങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും നിലപാട് അവസാനിപ്പിക്കണം. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ സംഘ്പരിവാർ അജണ്ട പൊതുസമൂഹം തിരിച്ചറിയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയിൽ, സമദ് കുന്നക്കാവ്, ഹമീദ് സാലിം എന്നിവർ സംസാരിച്ചു.

അതേസമയം ഐ.എസ് ഭീകരതക്കും അതിൽ കണ്ണികളായവർക്കും എതിരായ സർക്കാറിന്റെയും അന്വേഷണ ഏജൻസികളുടെയും നീക്കങ്ങൾക്ക് മുസ്ലിം ലീഗ് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏതാനും ചില യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും യഥാർഥ കുറ്റവാളികൾക്ക് നേരെ മാത്രമേ നടക്കുന്നുള്ളൂവെന്നത് ഭരണകൂടം ഉറപ്പാക്കണം.മജീദ് പറഞ്ഞു.

ഐ.എസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വർഷങ്ങൾക്ക് മുമ്പുതന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ മുസ്ലിം ലീഗും മറ്റു മുസ്ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികൾക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാകൂ. ഐ.എസിന്റെ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജൻസികളും സർക്കാറും ഏറ്റെടുത്തേ മതിയാകൂ. സമൂഹത്തിൽ കടുത്ത സംശയവും ആശങ്കയും നിലനിൽക്കാൻ ഇടവരുത്തുന്ന നടപടികൾ ഉണ്ടാവരുത്. കേവലം സംശയത്തിന്റെയും നിക്ഷിപ്ത താൽപര്യങ്ങളുടെയും പേരിലുള്ള എല്ലാ നടപടികളും ഐ.എസിനെതിരെയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും.

കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് ചെയ്തികൾ ഭയത്തിലാക്കിയ ന്യൂനപക്ഷ സമൂഹത്തെ ഐ.എസ് ഭീഷണിയുടെ പേരിൽ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മതസംഘടനകളും അവരുടെ വേദികളിലും വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ബോധനങ്ങളിലും വിഷയത്തിൽ സന്ദേശം നൽകണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഫേസ്‌ബുക്കിൽ വരുന്ന ചില സന്ദേശങ്ങളെ പിന്തുടർന്ന് വഴി തെറ്റുന്നത് ജാഗ്രതയോടെ കാണണമെന്നും മുസ്ലിം വിദ്യാർത്ഥി യുവജന സംഘടനകൾ കാമ്പസിനകത്തും പുറത്തും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.