- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന 'കനൽ' കർമ്മ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകൾ. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോൾ ക്യാമ്പസുകൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീ പുരുഷ സമത്വം ഏറ്റവുമധികം പ്രതിഫലിക്കുന്നത് ക്യാമ്പസുകളിലാണ്. ഭാവി ജീവിതത്തലും അത് പിന്തുടരേണ്ടതുണ്ട്. ഒരു ദിവസം 10 കോളേജുകളെയെങ്കിലും ഇതിൽ പങ്കാളികളാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതൽ കോളേജുകൾ ഇതിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
എല്ലാ യൂണിവേഴ്സിറ്റികളിലേയും എൻ.എസ്.എസ്., എൻ.സി.സി., വിവിധ ഡിപ്പാർട്ടുമെന്റുകൾ എന്നിവയുമായി സഹകരിച്ചാണ് കനൽ കർമ്മപരിപാടി കാമ്പസുകളിൽ നടത്തുന്നത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്. ചില കോളേജുകളിൽ നേരിട്ടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മൊഡ്യൂൾ തയ്യാറാക്കി 70 ഓളം റിസോഴ്സ് പേഴ്സൺമാർക്ക് വിദഗ്ധ പരിശീലനം നൽകി. അവരാണ് ജില്ലാതലത്തിൽ പരിശീലനം നൽകുന്നത്. ജെൻഡർ റിലേഷൻസ്, സ്ത്രീ നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബാധ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ കർമപരിപാടിയിലൂടെ നടപ്പിലാക്കി വരുന്നത്. ഈ കർമ്മ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള കോളേജുകൾmskstatecell@gmail.com എന്ന മെയിലിൽ ബന്ധപ്പെടേണ്ടതാണ്.