- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല യുവതീ പ്രവേശനത്തിൽ ഇടത് സർക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ; അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല, ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരെന്നും സിപിഐ സെക്രട്ടറി; കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്ന് എം എ ബേബിയും; ശബരിമല വിഷയത്തിൽ ഇടതു മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു
കൊച്ചി: ശബരിമല വിഷയം ചർച്ചയാകേണ്ടെന്ന് സിപിഎം തീരുമാനിക്കുമ്പോൾ തന്നെ വിഷയം വീണ്ടും ചർച്ചയാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടത് സർക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയതോടെ എൽഡിഎഫ് ചർച്ച ആകാതിരിക്കാൻ ആലോചിച്ച പദ്ധതി വീണ്ടും സജീവമാകുകയാണ്. യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് തുടർന്നു പോവുകയാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
യുവതീ പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവർ അന്തിമ തീരുമാനമെടുക്കണം. സത്യവാങ് മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. സ്ത്രീ-പുരുഷ സമത്വത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെ എന്നും ചാനൽ അഭിമുഖത്തിൽ കാനം ചൂണ്ടിക്കാട്ടി.
അതേതസമയം ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു. ഇത്തവണ സമാധാനപരമായി തീർത്ഥാടനം നടന്നു, അതാണ് പ്രധാനമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. മഹിളാനേതാക്കൾ തല മുണ്ഡനം ചെയ്യുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി.
അതിനിടെ ശബരിമല വികാരം കത്തിക്കാൻ തന്നെയാണ് ബിജെപിയുടെ ശ്രമം. ശബരിമല വികാരം പെട്ടെന്ന് അണയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയെങ്കിൽ പിണറായി വിജയന് അത് വ്യക്തമാക്കാമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. സത്യവാങ്മൂലം മാറ്റാൻ തയ്യാറെന്ന് പറഞ്ഞാൽ വിഷയത്തിൽ വ്യക്തത വന്നേനെ. എന്നാൽ ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണെന്ന ദുരഭിമാനബോധമാണ് അവരെ നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നേമം മണ്ഡലത്തിൽ എൽഡിഎഫിനെ തോൽപ്പിച്ച് നിയമസഭയിൽ വരാൻ കഴിയുന്നത് ബിജെപിക്കാണ്. കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിൽ കോൺഗ്രസുകാരെ എൻഎസ്എസ് സഹായിച്ചിട്ട് കാര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളിയുടെ മാപ്പു പറച്ചിലിലാണ് വിവാദം തുടങ്ങിയത്. എന്നാൽ, ഈ വിഷയത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവനയാകട്ടെ സിപിഎമ്മിന് കനത്ത പ്രഹരമായി മാറുകയും ചെയ്തു. യച്ചൂരിയുടെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും എൻഎസ്എസും രംഗത്തെത്തിയതോടെ വിഷയം തെരഞ്ഞെടുപ്പു ഗോദയിൽ നിറയുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി ശബരിമല യുവതീപ്രവേശം ഉയർത്തിക്കാട്ടാനുള്ള യുഡിഎഫ് നീക്കവും അതുമായി ബന്ധപ്പെട്ട് എൻഎസ്എസ് നടത്തിയ പ്രതികരണങ്ങളും സിപിഎമ്മിനെയും ഇടതുമുന്നണിയെയും കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നത്. നവോത്ഥാനവും വനിതാ മതിലും മറന്ന് വിശ്വാസികൾക്കൊപ്പം എന്ന തരത്തിൽ നടത്തിയ ചുവടുമാറ്റം പാർട്ടി അനുഭാവികൾക്കിടയിലും പൊതുസമൂഹത്തിലും വിശദീകരിക്കാൻ പാടുപെടുകയാണ് നേതൃത്വം. 2018 ലെ സംഭവങ്ങളിൽ എല്ലാവർക്കും ഖേദമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഏറ്റുപറച്ചിലും പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അതു തള്ളിയതും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സിപിഎമ്മിനു വലിയ തിരിച്ചടിയായി.
ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സിപിഎമ്മും ഇടതുസർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നാണ് യച്ചൂരി വ്യക്തമാക്കിയത്. 2018-ലെ നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു യച്ചൂരിയുടെ തിരുത്ത്. കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യച്ചൂരി പറഞ്ഞതോടെ സംസ്ഥാനനേതൃത്വം വെട്ടിലായി. യച്ചൂരിയുടെ പ്രതികരണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. അതേസമയം, യച്ചൂരിയുടെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കും ഉണ്ടെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം. ശബരിമലയിൽ ഇനി വിധി എന്തു തന്നെയായാലും അഭിപ്രായ ഐക്യത്തിലൂടെയേ നടപ്പാക്കൂ എന്ന ഉറപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സിപിഎം നൽകിയിരുന്നത്.
ശബരിമല യുവതീപ്രവേശനം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ യുഡിഎഫ് തീരുമാനിച്ചതോടെയാണ് തന്ത്രപൂർവമുള്ള ചുവടു മാറ്റത്തിന് സിപിഎം നിർബന്ധിതരായത്. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനവേദിയിൽ മു ന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ആദ്യ വെടിപൊട്ടിച്ചത്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച ഉമ്മൻ ചാണ്ടി, വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണു സർക്കാരെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
സ്ത്രീകൾക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്താത്തത് ചർച്ചയാക്കി എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. അധികാരത്തിലെത്തിയാൽ സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനവും അവർ മുന്നോട്ടുവച്ചു.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെയും വോട്ട് നേടാൻ സിപിഎം ശ്രമിക്കുന്നുവെന്ന പ്രതീതി സംജാതമായതോടെയാണ് ശബരിമല വിഷയം സജീവമാക്കാനും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനും യുഡിഎഫ് തീരുമാനിച്ചത്. വിശ്വാസികൾക്ക് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോർഡിനെക്കൊണ്ട് ഇടതു സർക്കാർ നിലപാട് തിരുത്തിച്ചതും വിശ്വാസികൾക്ക് അനുകൂലമായി യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചതും ചർച്ചാവിഷയമാക്കാനായിരുന്നു നീക്കം. ഇതോടെ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കു സിപിഎമ്മിനോടുള്ള കടുത്ത എതിർപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപി അനുഭാവികളുടെ വോട്ടും തങ്ങൾക്കു ലഭിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മറുനാടന് മലയാളി ബ്യൂറോ