തിരുവനന്തപുരം: കേരളത്തിൽ മുന്നണി രാഷ്ട്രീയമെത്തിയ ശേഷം സിപിഐയുടെ മിന്നും വിജയങ്ങളിലൊന്നാണ് ഇത്തവണത്തേത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മികവിലൂടെ വിജയ വിദൂരത്തായ പല സീറ്റുകളും സ്വന്തമാക്കി. മൂവാറ്റുപുഴയും തൃശൂരും നെടുമങ്ങാടും സിപിഐ പക്ഷത്തേക്ക് എത്തിയത് ഇതു കൊണ്ട് മാത്രമാണ്. വിജയസാധ്യതയുള്ള എല്ലാ എംഎൽഎമാരേയും മത്സരിപ്പിച്ചു. ആളു മാറിയാൽ തോൽക്കാൻ സാധ്യതയുള്ളിടത്തായിരുന്നു പഴയ മുഖങ്ങൾ തന്നെ എത്തിയത്. ആരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം പ്രതീക്ഷിച്ചായിരുന്നു ഈ തന്ത്രപരമായ നീക്കങ്ങൾ.

ഇതിലൂടെ പാർട്ടിയിൽ പിടിമുറുക്കാൻ കാനത്തിനായി. 27 ഇടത്ത് മത്സരിച്ച് 19 ഇടത്ത് ജയിച്ചു. ഒരു സാധ്യതയുമില്ലാത്ത മണ്ഡലങ്ങളിൽ മാത്രമാണ് തോറ്റത്. ഇതിനിടെയിലും ചെറിയ പേരുദോഷം കാനത്തിന് ഉണ്ടാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണി മാറ്റത്തിന്റെ സാധ്യതകൾ കാനം ആരാഞ്ഞിരുന്നു. നേരിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം അധികാരത്തിലെത്തിയാൽ മലക്കം മറിഞ്ഞ് കോൺഗ്രസ് ക്യാമ്പിലെത്തുകയായിരുന്നു ലക്ഷ്യം. വലതുപക്ഷ രാഷ്ട്രീയത്തോട് എന്നും കൂടുതൽ ആഭിമുഖ്യം പുലർത്തിയ കാനത്തിന് അതിന് വ്യക്തമായ കാരണങ്ങളും നിരത്താനുണ്ട്. സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവമായിരുന്നു അതിൽ പ്രധാനം. എന്നാൽ 91 സീറ്റിന്റെ തിളങ്ങുന്ന വിജയവുമായി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ഈ നീക്കത്തിന് ഫലമില്ലാതായി. കോൺഗ്രസിന് 22 സീറ്റ് മാത്രമാണ് കിട്ടിയത്. കോൺഗ്രസും ലീഗും സിപിഐയും ചേർന്നാലും ഭരണം യാഥാർത്ഥ്യമാകില്ല. ഈ സാഹചര്യത്തിൽ ഈ ചർച്ചകൾ ഇനി കാനം തുടരില്ല.

സിപിഎമ്മിന് സ്വതന്ത്രന്മാരുടേയും മുന്നണിയിലെ ചെറുകക്ഷികളേയും പിന്തുണ ചേർത്താൽ 69 അംഗങ്ങളുടെ പിന്തുണയുണ്ട്. സിപിഐ ഇടതുപക്ഷത്തേക്ക് പോയാൽ കേരളാ കോൺഗ്രസ് മാണി പിണങ്ങുമെന്ന് ഉറപ്പാണ്. അതിനാൽ അവരെ മറുകണ്ടം ചാടിച്ച് ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിനാകും. ഈ സാഹചര്യത്തിൽ അടുത്ത അഞ്ചു കൊല്ലവും മുന്നണി മാറ്റത്തിന്റെ സാധ്യത പരീക്ഷിക്കാൻ സിപിഐയ്ക്ക് കഴിയില്ല. ഭരണത്തിൽ സിപിഐ(എം) ഏകപക്ഷീയ നിലപാട് എടുത്താൽ പോലും അതിനെ ചോദ്യം ചെയ്യാൻ സിപിഐയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മികച്ച പ്രകടനം നടത്തുമ്പോഴും സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തെ അംഗീകരിച്ച് സിപിഐയ്ക്ക് മുന്നണിയിൽ തുടരേണ്ടി വരും. അതിനിടെ കോൺഗ്രസുമായുള്ള ചങ്ങാത്തം അവസാനിക്കണമെന്ന് പാർട്ടിയിലെ എതിർചേരിക്കാർ കാനത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

കെ ഇ ഇസ്മായിലിനേയും സി ദിവാകരനേയും പോലുള്ള നേതാക്കളെ വെട്ടിയാണ് കാനം സംസ്ഥാന സെക്രട്ടറിയായത്. ട്രേഡ് യൂണിയൻ രംഗത്ത് നിറഞ്ഞു നിന്നിരുന്ന കാനം, സികെ ചന്ദ്രപ്പനോടായിരുന്നു അടുപ്പം. കോൺഗ്രസിനോടൊപ്പം ദേശീയതലത്തിൽ ചേർന്ന് പ്രവർത്തിച്ച പരിചയമുള്ള സികെ ചന്ദ്രപ്പൻ അറിയപ്പെട്ടിരുന്നത് ഡാങ്കെ പക്ഷക്കാരനായിരുന്നു. സിപിഐയെ വലതുപക്ഷ ചേരിയിലെത്തിച്ച ഇതേ രാഷ്ട്രീയം കേരളത്തിലും പരീക്ഷിക്കണമെന്നും അതിലൂടെ സിപിഐയ്ക്ക് മുന്നോട്ട് പോകാമെന്ന ചർച്ചയുമാണ് ഈ പക്ഷം സജീവമായി നിലനിർത്തിയിരുന്നത്. സികെ ചന്ദ്രപ്പൻ പാർട്ടിയുടെ സെക്രട്ടറിയായിരുന്നപ്പോൾ സിപിഎമ്മുമായി നിരന്തര ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. പാർട്ടി സമ്മേളനത്തിലെ ഇവന്റെ മാനേജ്‌മെന്റ് വിമർശനം ഉൾപ്പെടെ പലതും ചർച്ചയാവുകയും ചെയ്തു. ഈ രാഷ്ട്രീയത്തിന്റെ തുടർച്ചയാകാനാണ് കാനവും സിപിഐ സെക്രട്ടറിയായത്. ഇതിന് കരുത്ത് പകരുന്നതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം കാനം മാത്രമാണ് തീരുമാനം എടുത്തത്. മന്ത്രിമാരുടെ കാര്യത്തിലും അതു തന്നെയാകും സ്ഥിതി. പുതുമുഖങ്ങളെ പരമാവധി മന്ത്രിമാരാക്കി ഭരണത്തിൽ പിടിമുറക്കാനാണ് കാനത്തിന്റെ നീക്കം. സി ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും പോലുള്ള മറുപക്ഷക്കാരെ മന്ത്രിമാരാക്കാതിരിക്കാനും നീക്കമുണ്ട്. പുതിയ നേതാക്കളെ വളർത്തികൊണ്ടു വരാൻ പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതിലൂടെ കഴിയുമെന്നാണ് വാദം. ഇത്തരം നീക്കങ്ങളെ ദുർബലപ്പെടുത്താനാണ് സിപിഐയിലെ മറുവിഭാഗം കരുക്കൾ നീക്കുന്നത്. കോൺഗ്രസുമായി മുന്നണി മാറ്റ ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് സിപിഐയിലെ മറുവിഭാഗത്തിന്റെ തീരുമാനം. ഇത്തരം നീക്കങ്ങൾ ചുണ്ടി ഇടതുപക്ഷ ആഭിമുഖ്യമുള്ള സിപിഐ അണികളെ ഒപ്പം കൂട്ടാനാണ് നീക്കം.

തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പലവട്ടം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.. ചെറിയ ഭൂരിപക്ഷത്തിന് ഇടതു മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യം ഉണ്ടായാൽ സിപിഐയെ കൂടെക്കൂട്ടി ഭരണതുടർച്ചയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ യുഡിഎഫിൽ എത്തിച്ചേരുമെന്ന് ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി തുറന്നു പറഞ്ഞിരുന്നു. മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിന് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണം. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന വേർതിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് അക്കൗണ്ട് തുറക്കാൻ ബിജെപിയെ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും പ്രമേചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സിപിഐയും കോൺഗ്രസും അടുക്കുന്നതിന്റെ വ്യക്തമായ സൂചനയായി ഇതും വിലയിരുത്തപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനുള്ളിൽ ഭിന്നതയുണ്ടാക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. വി എസ് അച്യൂതാനന്ദനേയും പിണറായി വിജയനേയും തമ്മിലടിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കർശന ഇടപെടൽ മൂലം സിപിഐ(എം) ഒറ്റക്കെട്ടായി തന്നെ നിന്നു. ഇതോടെയാണ് സിപിഐ അടർത്തിയെടുത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ കോൺഗ്രസ് തന്ത്രങ്ങളുമായെത്തിയത്. ഭരണതുടർച്ചയ്ക്ക് സഹായം നൽകിയാൽ മന്ത്രിസഭയിൽ അർഹിക്കുന്ന പ്രാതിനിധ്യം സിപിഐയ്ക്ക് കോൺഗ്രസ് വാക്കും നൽകി. ദേശീയ തലത്തിൽ പ്രതിച്ഛായ നിലനിർത്താൻ കേരളത്തിലെ ഭരണതുടർച്ച അനിവാര്യമാണെന്ന ഹൈക്കമാണ്ട് തിരിച്ചറിവും ഇതിന് പിന്നിലുണ്ടായിരുന്നു.

എന്നാൽ ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം കിട്ടുകയും മുന്നണിയിൽ സിപിഐ(എം) ഏറെ നേട്ടമുണ്ടാക്കുകയും ചെയ്തതോടെ സിപിഐ-കോൺഗ്രസ് സഖ്യ സാധ്യതകൾ കേരളത്തിൽ അടയുകയാണ്.