കോട്ടയം: കണമല ബാങ്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല; ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർക്ക് ഒരു കൈത്താങ്ങ് സഹായവുമായി എത്തുന്നതാണ് ഈ സഹകരണ സ്ഥാപനത്തിന്റെ പാരമ്പര്യം. ഇതൊരു ബിസിനസല്ല സേവനമാണെന്ന് ലോകത്തെ ഓർമിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവരുടെത്.

ഈ കോവിഡ്കാലത്ത് രോഗികളെ പിഴിയുന്ന സ്വകാര്യ ആശുപത്രികളുടെയും മെഡിക്കൽ സ്‌റ്റോറുകളുടെയും കൊള്ളയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കണമല ബാങ്ക്. വെറുതെ പ്രതിഷേധമറിയിച്ച് മാറിനിൽക്കുകയല്ല മറിച്ച് പ്രതിരോധ സാമഗ്രികൾ ഹോൾസെയിൽ വിലയ്ക്ക് തന്നെ നീതി മെഡിക്കൽ സ്റ്റോറിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് ഇവർ. കേരളത്തിൽ നടക്കുന്നത് എംആർപി കൊള്ളയാണെന്ന് ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസ് പറയുന്നു. ഉൽപ്പന്നത്തിന്റെ യഥാർത്ഥ വിലയുടെ 25 ഇരട്ടിയോളമാണ് എംആർപി നൽകിയിരിക്കുന്നത്. മൂന്ന് രൂപാ എൺപത് പൈസാ ഹോൾ സെയിൽ വില വരുന്ന എൻ 95 മാസ്‌ക്കിന് മാക്‌സിമം റീട്ടെയ്ൽ പ്രൈസായി രേഖപ്പെടുത്തിയിരിക്കുന്നത് 129 രൂപയാണ്. 300 രൂപയ്ക്ക് ലഭിക്കുന്ന പിപിഇ കിറ്റിന്റെ എംആർപി 1500 ഉം 800 രൂപയിൽ താഴെ ലഭിക്കുന്ന അഞ്ച് ലിറ്റർ സാനിറ്റെസറിന്റെ എംആർപി 2500 രൂപയുമാണ്. 1000 രൂപ ആക്ച്വൽ വിലയുള്ള പൾസ് ഓക്‌സി മീറ്ററിന് 5000 രൂപ വരെയാണ് എംആർപി വരുന്നത്. ഈ വില തന്നെയാണ് ആശുപത്രിക്കാർ അവരുടെ ബില്ലിലും നൽകുന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിൽ അഡ്‌മിറ്റായിരിക്കുന്ന ഒരു രോഗിക്ക് അഞ്ച് പിപിഇ കിറ്റുകൾ ആവശ്യമായി വന്നാൽ 7500 രൂപ വരെ അവരിൽ നിന്നും ഈടാക്കാം എന്നാൽ ചെലവ് വരുന്നത് വെറും 1500 രൂപ മാത്രമാണ്.

ആശുപത്രിക്കാർക്കും മരുന്നു കച്ചവടക്കാർക്കും തടിച്ചു കൊഴുക്കാൻ വേണ്ടി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉല്പാദന ചെലവിന്റെ ഇരുപതും മുപ്പതും ഇരട്ടി വരെ വിലയിട്ട് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഇടപാട് കോവിഡ് മഹാമാരിയുടെ കാലത്തെങ്കിലും നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തോടെയാണ് കണമല ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും കോവിസ് പ്രതിരോധത്തിനാവശ്യമായ പിപിഇ കിറ്റ്, സാനിറ്റെസർ, മാസ്‌ക്ക്, ഇൻഹൈലർ, പൾസ് ഓക്‌സിമീറ്റർ, ഗ്ലൗസ് എന്നീ വസ്തുക്കൾ ഹോൾസ് സെയ്ൽ വിലയ്ക്ക് ലഭ്യമാക്കുന്നത്.

പ്രിയപ്പെട്ടവർ അത്യാസന്ന നിലയിൽ കിടക്കുയോ മരണപ്പെടുകയോ ചെയ്തവരുടെ നിസഹായ അവസ്ഥയെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രവർത്തനമാണ് കണമല ബാങ്ക് നടത്തുന്നതെന്ന് ബിനോയ് ജോസ് പറയുന്നു. കോവിഡ് രോഗികൾക്കായുള്ള സന്നദ്ധപ്രവർത്തനം നടത്തുന്നവർക്ക് പ്രതിരോധ സാമഗ്രികൾ സൗജന്യമായും ബാങ്ക് നൽകുന്നുണ്ട്.

മുമ്പ് കാന്താരി വിപ്ലവം, പോത്ത് വിപ്ലവം, തേൻ വിപ്ലവം, മീൻ വിപ്ലവം എന്നിങ്ങനെ കാർഷികരംഗത്ത് ബാങ്ക് നടത്തിയ ഇടപെടലുകളും ഹിറ്റായിരുന്നു. സാമൂഹ്യസേവനരംഗത്തും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് രോഗികൾക്ക് വേണ്ടി മറ്റനേകം സഹായങ്ങളും ബാങ്ക് ചെയ്യുന്നുണ്ട്. സഹായം ആവശ്യമുള്ള കോവിഡ് രോഗികൾക്കും അവരുടെ കുടുംബാഗങ്ങൾക്കും ഭക്ഷണവും മരുന്നും എത്തിച്ചുനൽകാനും ബാങ്ക് മുൻനിരയിലുണ്ട്.