ഇടുക്കി: നൂറുപേരുള്ള സംഘടനയിൽപോലും നാലുതരം ഗ്രൂപ്പിസം രൂക്ഷമാകുന്ന കാലത്ത് പതിനായിരത്തിലധികം പേർ ഒരേ ശബ്ദവുമായി സമരരംഗത്ത് പിടിമുറുക്കുക, അതും വെയിലും മഴയും അവഗണിച്ച് തെരുവിൽ ഒൻപതു ദിവസം. മൂന്നാർ സമരത്തിന് ചൂടും ചൂരും പകർന്നതാര്? പ്രതിഷേധ മുദ്രാവാക്യങ്ങളിലൊതുങ്ങിയ സംഘർഷം ഒരിക്കൽപ്പോലും അക്രമത്തിന്റെ പാതയിലേയ്ക്ക് തിരിയാത്തതിന്റെ രഹസ്യമെന്തായിരുന്നു? അന്തർസംസ്ഥാന കലാപത്തിലേയ്ക്ക് വരെ നയിക്കുമായിരുന്ന പ്രക്ഷോഭം മൂന്നാർ മലമേഖലകളുടെ അടിവാരത്ത് ഒതുങ്ങി നിന്നതെങ്ങനെ? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളുയർത്തിയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയപര്യവസായിയായത്.

ഇവിടെയാണ് നേതൃപാടവത്തിന്റെ ശക്തിയും അണികളുടെ ഐക്യവും ഭരണ സംവിധാനത്തിന്റെ നയതന്ത്രജ്ഞതയും വെളിപ്പെടുന്നത്. നേതാവില്ലാത്ത സമരത്തെ സ്ത്രീ സഹസ്രങ്ങൾ സ്വയം നയിച്ചുവെന്ന പ്രചാരണങ്ങൾ പൂർണമായും തിരസ്‌കരിക്കപ്പെടുകയാണ്. അതേസമയം തമിഴ് മഹാഭൂരിപക്ഷ തൊഴിലാളികളുടെ സമരത്തെ ഭാഷാതീവ്രവാദമെന്ന കൊടിമരത്തിൽ തളയ്ക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയേറ്റു. വർഷങ്ങളായി ഒരു നാടിന്റെയുള്ളിൽ ഉറങ്ങിക്കിടന്ന അസ്വസ്ഥതയുടെ കനലുകളെ ഊതിത്തെളിക്കാൻ തൊഴിലാളികളുടെ ബോണസ് പ്രശ്‌നം കാരണമായി എന്നു മാത്രമേയുള്ളൂ. പതിറ്റാണ്ടുകൾക്കപ്പുറം മുതൽ എറാന്മൂളികളായി അടിമപ്പണിയെടുക്കുന്ന സ്ത്രീകളുടെ സാമൂഹ്യ നിലവാരമുയർന്നതും ജാഗ്രത വർധിച്ചതും വിദ്യാഭ്യാസ പുരോഗതിയുമെല്ലാം ഒത്തുചേർന്നതോടെ സമരത്തിന് ഭാരതചരിത്രത്തിൽത്തന്നെ ഇടം നേടാനായി. സമരത്തെയും അതുണ്ടാക്കാവുന്ന സൂമൂഹ്യ പ്രത്യാഘാതത്തെയും അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും സംസ്ഥാന പൊലിസ് സേനയ്ക്കും വിജയിക്കാനും കഴിഞ്ഞു. ആടുകൾ ഏറ്റുമുട്ടുമ്പോൾ ചോര കൊതിച്ച കുറുക്കന്റെ കഥയെ ഓർമിപ്പിച്ച്, സമരവേദിയിൽ രാഷ്ട്രീയ കണ്ണോടെയെത്തിയ നേതാക്കൾക്കു കിട്ടിയിത് പ്രതിഷേധവും പരിഹാസമായതു ഭാവിയുടെ മുന്നറിയിപ്പുമാണ്.

ബോണസും ശമ്പളവും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതാവില്ലാതെ പതിനായിരത്തിലധികം തൊഴിലാളികൾ തെരുവിലിറങ്ങിയത് വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണെന്ന് പകൽപോലെ വ്യക്തമാക്കുന്നതാണ് ഒൻപതു ദിവസത്തെ സമരത്തിന്റെ ഗതി. നേതൃനിരയിൽ ആരെയും കാണാതെ മാദ്ധ്യമങ്ങളും ട്രേഡ് യൂണിയനുകളും കൺമിഴിച്ചു. തമിഴ് മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പിന്നിലെന്ന് ചില നേതാക്കൾ ആരോപണമുന്നയിച്ചു. തൊഴിലാളികൾക്കിടയിലെ അടുപ്പക്കാരിൽനിന്നു രഹസ്യങ്ങൾ ചോർത്താൻ തൊഴിലാളി സംഘടനാ നേതാക്കൾ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇവിടെയാണ് സ്ത്രീസംഘത്തിന്റെ ഇച്ഛാശക്തിയും മനോബലവും വ്യക്തമായത്. ഓരോ നിമിഷവുമുള്ള നീക്കങ്ങളിൽ അതീവ സൂക്ഷ്മതയും ആസൂത്രണ മികവും അവർ പ്രകടമാക്കി. ഇന്നലെവരെ തലൈവർ (നേതാവ്) എന്നു വിളിച്ചവരെ സമരവേദിയിൽനിന്നു തുരത്തിയോടിക്കാനും പിന്തുണയുടെ പേരിൽ മുതലെടുപ്പിനെത്തിയവർക്കെതിരെ ചെരുപ്പും വടിയുമേന്താനും അവർ മടിച്ചുമില്ല. നേതാക്കളും തങ്ങളും നാളെയും മുഖാമുഖം കാണേണ്ടവരാണെന്ന ഭയവും അവരെ ബാധിച്ചിരുന്നില്ല. അത്രയേറെ മുന്നൊരുക്കവും മാനസിക ശക്തിയും അവർ നേടിയിരുന്നു.

സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകകളിലൊന്നായി മൂന്നാറിലെ തൊഴിലാളി സ്ത്രീകൾ മാറിയതിന്റെ ഫലമാണിത്. ഭാഷാതീവ്രവാദമൊട്ടുമില്ലാതെ അവരെ നയിച്ച ചില ഘടകങ്ങൾ പിന്നിലുണ്ട്. തമിഴ്‌നാടുമായി അഭേദ്യമായ ബന്ധം നിലനിൽക്കുന്ന കണ്ണൻ ദേവൻ തോട്ടങ്ങളിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും തോട്ടത്തിലും വീടിന്റെ ചുമരുകൾക്കിടയിലുമായി ജീവിതം തളച്ചിട്ടിരുന്നൊരു കാലമുണ്ടായിരുന്നത് ഏറെ മുമ്പാണ്. വിദ്യാഭ്യാസവും സാമൂഹ്യമാറ്റങ്ങളും അവരിലും സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് കാരണമായി. വർഷങ്ങളായി ആത്മീയ, ഭൗതീക പുരോഗതിക്കായി അവർ ശ്രമിക്കുകയാണ്. ഏറ്റവും നിർണായകമായത് കുടുംബശ്രീകൾ വഴിയുള്ള പ്രവർത്തനങ്ങളാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനും മാറ്റത്തിനായി ചിന്തിക്കാനും ഇത്തരം കൂട്ടായ്മകൾ തൊഴിലാളികളെ സഹായിച്ചിരുന്നു.

ശക്തമായ ആത്മീയ ചിന്തകളാണ് തമിഴ് വനിതകൾക്കിടയിൽ, പ്രത്യേകിച്ച് താഴേക്കിടയിലുള്ളവരിൽ ദൃശ്യമാകുന്നത്. ചെന്നൈ ചെങ്കൽപ്പേട്ടയിലെ പ്രശസ്ത ക്ഷേത്രത്തിലേയ്ക്ക് മൂന്നാറിലെ സ്ത്രീകളുടെ ഒഴുക്കുതന്നെ അടുത്ത വർഷങ്ങളിലുണ്ടായി. പ്രാർത്ഥനകളും പൂജകളും മാത്രമല്ല, ജീവിത പശ്ചാത്തലം വിശകലനം ചെയ്യുന്ന കൗൺസിലിങ് പോലെയുള്ള പ്രവർത്തനങ്ങളിലും ക്ഷേത്രാചര്യന്മാർ വ്യാപൃതരായിരുന്നു. തുച്ഛമായ കൂലിക്കു അടിമസമാനമായ ജോലി ചെയ്യുന്നവരെ കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങളിലേയ്ക്ക് നയിക്കാൻ ക്ഷേത്രാചര്യന്മാർ ശ്രമിച്ചിരുന്നു. അവരിൽനിന്നുള്ള ഉദ്‌ബോധനങ്ങളും ഉപദേശങ്ങളും അടിസ്ഥാന ജീവിത സൗകര്യങ്ങൾ വേണമെന്ന ചിന്ത സ്ത്രീകളിൽ വളർത്തി.

മദ്യപാനം, ലഹരി ഉപയോഗം പോലെയുള്ള തിന്മകൾക്കെതിരെ ലഭിച്ച അവബോധം അവർ സ്വന്തം താമസസ്ഥലങ്ങളിൽ നടപ്പിൽ വരുത്താനും ശ്രമിച്ചിട്ടുണ്ട്. തുച്ഛമായ കൂലിയും ജോലിക്കൂടുതലും ചോദ്യം ചെയ്യപ്പെടുന്നതിൽ തെറ്റില്ലെന്നു ചൂണ്ടിക്കാട്ടിയ ആത്മീയനേതാക്കൾ അതിനായി വേണ്ട മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുകയും ചെയ്തു. പ്രത്യക്ഷ പ്രതിഷേധത്തെക്കാൾ പരോക്ഷമായ പ്രചാരണത്തിലൂടെ ചിന്തകൾ വളർത്തിയെടുക്കാൻ കുടുംബശ്രീകളുടെയും സ്വയം സഹായ സംഘങ്ങളുടെയും വേദികൾ ഉപയോഗിച്ചു. രഹസ്യങ്ങൾ സ്ത്രീകളിൽമാത്രം ഒതുക്കി നിർത്താനും നേതാക്കളില്ലാത്ത പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങളും ആത്മീയ ഗുരുക്കളിൽനിന്നു കിട്ടിയതോടെ തൊഴിലാളികൾ സ്വയം സംഘടിതരാകുകയായിരുന്നു.

ഓണക്കാലത്ത് കുറഞ്ഞ ബോണസ് ലഭിക്കുമെന്ന അറിയിപ്പ് നേരത്തെതന്നെ സ്ത്രീകൂട്ടായ്മകളിൽ ചർച്ചയായി. തൊഴിലാളി നേതാക്കളുടെ നിസംഗമനോഭാവവും കമ്പനി തീരുമാനങ്ങളോടുള്ള ആഭിമുഖ്യവും സ്ത്രീതൊഴിലാളികൾ പങ്കുവയ്ക്കുകയും ഉപദേശം ആരായുകയും ചെയ്തു. അർഹമായത് കിട്ടുംവരെ ഒറ്റക്കെട്ടായി പൊരുതാനുള്ള മറുപടിയാണ് ലഭിച്ചത്. ഭാഷാപ്രശ്‌നം, സംഘർഷം, രാഷ്ട്രീയ ഇടപെടൽ, അക്രമം ഇവയൊന്നും ആവശ്യങ്ങൾ നേടാൻ തടസമാകരുതെന്നും ഓണം കഴിയും വരെ കാക്കാനും ഉപദേശം ലഭിച്ച സ്ത്രീതൊഴിലാളികൾ അക്ഷരംപ്രതി പാലിച്ചു. അകലെനിന്നുള്ള ഉപദേശങ്ങൾ മൊബൈൽ ഫോണിലൂടെ സ്വീകരിക്കാനും കാതോടുകാതോരം അവ കൈമാറി യുദ്ധതന്ത്രത്തെ മറയ്ക്കാനും സ്ത്ീശക്തിയുടെ അജയ്യതയ്ക്കു കഴിഞ്ഞതു സമരത്തിന്റെ വിജയത്തിൽ അടിസ്ഥാനഘടകമായി. തമിഴ് ജനതയുടെ ഏറ്റവും വൈകാരിക പ്രശ്‌നങ്ങളിലൊന്നാണെങ്കിലും, പ്രത്യക്ഷമായി തങ്ങളെ ബാധിക്കാത്ത മുല്ലപ്പെരിയാർ വിഷയത്തിൽപ്പോലും ഇടപെട്ട് പ്രതിഷേധമുയർത്തിയ മൂന്നാറിലെ തമിഴ് വംശജർ തൊഴിലാളി സമരത്തിലുടനീളം തികഞ്ഞ അച്ചടക്കം പാലിച്ചതും ഉപദേഷ്ടാക്കളുടെ വിജയതന്ത്രങ്ങളിലൊന്നായിരുന്നു. സമരം അക്രമത്തിന്റെ പാതയിലേയ്ക്ക് നീണ്ടിരുന്നെങ്കിൽ തമിഴ് വിഭാഗക്കാർ ഏറെ പഴി കേൾക്കേണ്ടി വന്നേനെ.

സംസ്ഥാനത്തെ പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് സമരത്തിന്റെ പിന്നണിയിലെ നീക്കങ്ങൾ ആദ്യദിനങ്ങളിൽത്തന്നെ പകൽപോലെ വ്യക്തമായിരുന്നു. എന്നാൽ ചരടുവലികൾ തമിഴ്‌നാട്ടിൽനിന്നാണെന്നു പ്രചരിക്കുന്നത് അന്തർസംസ്ഥാന സംഘർഷത്തിനും മലയാളികളും തമിഴരും തമ്മിലുള്ള ഭിന്നതയ്തക്കും കാരണമാകുമെന്നും വലിയൊരു കലാപത്തിലേയ്ക്കു പ്രശ്‌നങ്ങൾ നീളുമെന്നും വിലയിരുത്തലുണ്ടായി. അതുകൊണ്ടുതന്നെ ഇതൊരു തൊഴിൽ സമരം മാത്രമാണെന്നും അതിനപ്പുറത്തേയ്ക്കുള്ള യാതൊരു നിരീക്ഷണങ്ങളോ, കമന്റുകളോ, നടപടികളോ പാടില്ലെന്നും പൊലിസ് സേനയ്ക്ക് സർക്കാരിന്റെ കർശനമായ നിർദ്ദേശവും ലഭിച്ചു. തൊഴിലാളി സമരം അതിന്റെ അന്ത:സത്തയ്‌ക്കൊത്ത വിധം പര്യവസാനിക്കുന്നതിനു സർക്കാരും ജില്ലാ ഭരണകൂടവും പൊലിസും ഒരുമയോടെ നിന്നതു തുണയായി. വളരെപ്പെട്ടന്നു സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ തൊഴിലാളികളുടെ ഉള്ളിലെ രോഷം പിന്നെയും ബാക്കിയായേനെ. അതൊരു ബോണസ് സമരം മാത്രമാകുമായിരുന്നു.

ഒൻപത് നാളുകൾകൊണ്ട് തൊഴിലാളികളുടെ ദുരിതജീവിതവും തൊഴിലാളി യൂണിയനുകളുടെ ചൂഷണവുമാണ് രാജ്യം ചർച്ച ചെയ്തത്. കൈമെയ് മറന്നു കിലോമീറ്ററുകൾ നടന്നും കുന്നും മലയും താണ്ടിയും മഞ്ഞും തണുപ്പും സഹിച്ചും തങ്ങളോളം തൂക്കമുള്ള കൊളുന്തു ചാക്കുകൾ ചുമക്കുന്ന തൊഴിലാളികളെ ജനങ്ങൾ കണ്ടു. അവരുടെ ഒറ്റമുറി പാർപ്പിടങ്ങളും കതകില്ലാത്ത ശൗചാലയങ്ങളും അരക്ഷിതമായ ജീവിതാന്തരീക്ഷവും കുടുംബം പോറ്റാൻ കടം വാങ്ങേണ്ട ദുരവസ്ഥയും തിരിച്ചറിഞ്ഞു. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് തൊഴിലാളി യൂണിയൻ നേതാക്കളെന്ന ബോധ്യം മറ്റുള്ളവർക്ക് പകരാൻ കോടികൾ സമ്പാദിച്ച നേതാക്കളുടെ ആസ്തികൾവരെ തൊഴിലാളികൾ പുറത്തുവിട്ടു. ആത്യന്തിക ഫലം അധ്വാനവർഗത്തിനു തന്നെയാകുമെന്ന് ഉറപ്പാക്കുന്ന ദിനങ്ങളാണ് മൂന്നാറിൽ കഴിഞ്ഞുപോയത്. മൊത്തത്തിലുള്ള മാറ്റമാകും തൊഴിലാളികൾക്കുണ്ടാവുക.