കണ്ണൂർ: ഇ.കെ.നായനാർ ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിൽ ഇത് ചെയ്തവരെ ചൂരലെടുത്ത് അടിച്ചേനെയെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ രോഷത്തോടെ പ്രതികരിച്ചു. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർ, ഡിടിപിസി അധികൃതർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം പുറത്തിറങ്ങിയ ശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

തന്റെ ജീവിതം കലക്കു വേണ്ടി ഉഴിഞ്ഞു വച്ചതാണ്. അതുകൊണ്ടുതന്നെ തന്റെ ശില്പങ്ങളെ ഉപദ്രവിക്കുന്നത് തെറ്റാണ്. ഒരു ടവർ സ്ഥാപിക്കാനുള്ള സ്ഥലമല്ല അത്. ടവർ സ്ഥാപിക്കാൻ ഉചിതമായ സ്ഥലം ഞാൻ കാണിച്ചു കൊടുക്കാം. മുഖ്യമന്ത്രി ഇ.കെ നായനാർ പറഞ്ഞതുപോലെ വരുന്നവർക്ക് വിശ്രമിക്കാനുള്ള ഒരു സ്ഥലം കൂടിയാണിത്. ആദ്യമായി ടവർ മാറ്റണം. അതാണ് ആദ്യം ചെയ്യേണ്ടത്. ടവർ മാറ്റിയേ പറ്റൂവെന്നും കാനായി പ്രതികരിച്ചു.

മുറിവേൽപ്പിക്കപെട്ട തന്റെ ശിൽപങ്ങൾ നേരിൽ കണ്ട് സാംസ്‌കാരിക കേരളത്തോട് ലോക പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ ഹൃദയമുരുകി പറഞ്ഞു: 'ഇതെന്റെ മക്കളാണ്. ഇവയെ നശിപ്പിക്കരുത്'.

പയ്യാമ്പലത്ത് കൈയേറ്റത്തിനിരയായ കാനായിയുടെ റിലാക്‌സേഷൻ ശിൽപത്തിന് മുൻപിൽ ചിത്രകാരന്മാരും ശിൽപികളും സാംസ്‌കാരികപ്രവർത്തകരും കാനായിക്കൊപ്പം നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ കേരളം ഇതുവരെ കാണാത്ത ഒരു സാംസ്കാരിക മുന്നേറ്റത്തിന് സാക്ഷികളായി.

കണ്ണൂർ പയ്യാമ്പലം പാർക്കിൽ ലോക പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും ശിൽപം ഫലത്തിൽ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. റിലാക്‌സിങ് എന്ന ശിൽപത്തിന് തൊട്ടരികിലാണ് വാക്ക് വേ എന്നപേരിൽ ഡി.ടി.പി.സി അധികൃതർ കൂറ്റൻ ടവർ സ്ഥാപിച്ചത്. ശിൽപത്തിന്റെ കൈകൾ അടക്കം ഇപ്പോൾ കാണാതായിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ഭാര്യ നളിനിക്കൊപ്പം കാനായി ശിൽപങ്ങളുടെ ദുരവസ്ഥ കാണാനെത്തിയത്. കാനായിയുടെ വരവറിഞ്ഞ് ചിത്രകലാപരിഷത്ത് പ്രവർത്തകരും ശിൽപികളും പയ്യാമ്പലത്ത് എത്തിയിരുന്നു. ശിൽപി വത്സൻ കൂർമ്മകൊല്ലേരി, കെ. എം ശിവകൃഷ്ണൻ, ഡോ. എ.ടി മോഹൻരാജ്, വി. എസ് അനിൽകുമാർ,ഹരീന്ദ്രൻ ചാലാട്, ശശികുമാർ കതിരൂർ, പ്രസാദ് ചൊവ്വ, ചിത്രൻ കുഞ്ഞിമംഗലം, തുടങ്ങിയവരും ശിൽപി വരുന്നതറിഞ്ഞ് അവിടെ എത്തിയിരുന്നു.