കോഴിക്കോട്: ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്ക് കുതിക്കുമ്പോഴും 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അടങ്ങുന്നില്ല. ജീവിച്ചിരുന്ന വ്യക്തികളുടെ ജീവിതം സിനിമയാക്കുമ്പോൾ ഉണ്ടാകുന്ന താരതമ്യാണ് പലപ്പോഴും സിനിമയെ വിവാദത്തിൽ ചാടിച്ചത്. മൊയ്തീന്റെ വിധവയായി ജീവിച്ച കാഞ്ചനമാലയുടെ സേവന പ്രവർത്തനങ്ങളിലേക്ക് സിനിമ കണ്ണോടിക്കുന്നില്ലെന്നതായിരുന്നു ഒരു വിവാദത്തിന് കാരണമായത്. പിന്നീട് സിനിയുടെ തിരക്കഥയിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി കാഞ്ചനമാല കോടതിയെ സമീപിക്കുകയും ഉണ്ടായി. എന്നാൽ, ഇന്നലെ നടൻ ദിലീപിന്റെ അഭ്യർത്ഥന പ്രകാരം കാഞ്ചനമാല സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരായ കാഞ്ചനമാല പിൻവലിച്ചു എന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ, ഇപ്പോൾ ഈ വിഷയമാണ് പുതിയ വിവാദമായി മാറിയിരിക്കുന്നത്.

കാഞ്ചമാല കേസ് പിൻവലിച്ചത് ശരിക്കും ദിലീപ് നിർബന്ധിച്ചതിനെ തുടർന്നല്ലെന്നാണ് സിനിമയുടെ നിർമ്മാണ രംഗത്തുള്ള ചിലർ വ്യക്തമാക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കേസ് നേരത്തെ തന്നെ നടക്കുന്നതായിരുന്നു. ഇത് കോടതിയിൽ നിന്നും പിൻവലിക്കാൻ വേണ്ടി സിനിമയുടെ അണിയറ ശിൽപ്പികൾ നേരത്തെ തന്നെ കാഞ്ചനമാലയെ സമീപിച്ചിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒടുവിൽ ഉണ്ടായ സ്വാഭാവിക നടപടി മാത്രമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കേസ് പിൻവലിക്കുന്നതിന് വേണ്ടി നിർമ്മാതാക്കൾ ലക്ഷങ്ങൾ കാഞ്ചനമാലയ്ക്ക് നഷ്ടപരിഹാരമായി നൽകിയെന്നുമാണ് അറിയുന്നത്.

സിനിമയുടെ റിലീസിന് മുമ്പ് തന്നെ കാഞ്ചനമാലയ്ക്ക് പണം നൽകിയിരുന്നു. അതുകൊണ്ടാണ് റിലീസ് ആയ വേളയിൽ ഇത് കൂടുതൽ വിവാദമാകാതിരുന്നതെന്നുമാണ് അണിയറക്കാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ദിലീപ് ബി.പി. മൊയ്തീൻ സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിൽ വച്ച് കാഞ്ചനമാലയോട് കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെ കോടതിയിൽ നിന്നുമുള്ള നടപടിക്രമങ്ങൾ സ്വാഭാവികമായി പൂർത്തിയായത് ഇന്നലെയാണെന്നുമാണ് സിനിമയുടെ അണിയറ ശിൽപ്പിക്കൾ പറയുന്നത്.

അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കാഞ്ചനമാല സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നേരത്തെ കേസ് നൽകിയുരുന്നത്. കാഞ്ചനമാലയെ തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെ നടന്നതെന്നായിരുന്നു സിനിമയുടെ സംവിധായകൻ ആർഎസ് വിമൽ നേരത്തെ അഭിപ്രായപ്പെട്ടത്. കേസ് പിൻവലിച്ച നടപടിക്രമങ്ങൾ പൂർത്തിയായതോടെ ദിലീപിന്റെ അഭ്യർത്ഥനപ്രകാരമാണ് കാഞ്ചനമാല കേസ് പിൻവലിച്ചതെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു എന്നുണാണ് അറിയുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദിലീപ് നടത്തിയ നിരന്തരപരിശ്രമം തന്നെയാണ് കാഞ്ചനമാലയുടെ മനസ് മാറ്റാൻ കാരണമായതെന്ന വിധത്തിൽ മാദ്ധ്യമങ്ങളെല്ലാം വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ബിപി മൊയ്തീൻ സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം ദിലീപ് ഏറ്റെടുത്ത് നിർവഹിച്ചത്. ബി.പി. മൊയ്തീൻ സേവാമന്ദിർ പൂർത്തിയാകുമ്പോൾ അതിനു പിന്നിൽ എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രവർത്തകരും ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ കാഞ്ചനമാല പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞിരുന്നു. മൊയ്തീൻ സിനിമയുടെ പ്രവർത്തകരോട് തനിക്കു ദേഷ്യമില്ലെന്നും എന്നാൽ അവരുടെ പ്രവൃത്തികൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കും വിധം തന്നെ അസ്വസ്ഥയാക്കിയെന്നും കാഞ്ചനമാല അന്ന് പറയുകയും ചെയ്തു.

ബി.പി. മൊയ്തീൻ സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങായിരുന്നു ദിലീപിന്റെ അഭ്യർത്ഥനയ്ക്കും കാഞ്ചനമാലയുടെ മറുപടിക്കും വേദിയായത്. സേവാമന്ദിറിനായുള്ള കെട്ടിട നിർമ്മാണത്തിന് സഹായവുമായി ആരും മുന്നാട്ടു വരുന്നില്ലെന്നു കണ്ടപ്പോഴാണ് ദിലീപ് അത് ഏറ്റെടുക്കുന്നത്. അതിന് ശേഷമാണ് ഇപ്പോൾ ദിലീപ് അഭ്യർത്ഥിച്ചിട്ടാണ് കാഞ്ചനമാല കേസ് പിൻവലിച്ചതെന്ന വിധത്തിൽ മാദ്ധ്യമവാർത്തകളും വന്നത്.