ഇടുക്കി: കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്‌കൂളിൽ മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിക്ക് ഇനി പകുതി ഫീസ് മാത്രം. നാലാമത്തെ കുട്ടിക്ക് സൗജന്യ പഠനവും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്‌കോളർഷിപ്പ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപനം. പാലായിൽ നിന്ന് ഇടുക്കിയിലേക്ക് കയറുകയാണ് പുതിയ സഹായ ഹസ്തം.

കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയ്ക്ക് പിന്നാലെയാണ് ഇടുക്കി രൂപതയുടെ കീഴിലുള്ള സ്‌കൂൾ മാനേജ്‌മെന്റിന്റെ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ, പ്രിൻസിപ്പൽ ജോസ് ജെ. പുരയിടം എന്നിവർ അറിയിച്ചു.

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിനെ പ്രോത്സാഹിപ്പിച്ചും അത്തരം കുടുംബങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും സീറോ മലബാർ സഭയുടെ സഭയുടെ കീഴിലുള്ള പാലാ രൂപത എത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കുടുംബവർഷം 2021 ആചരണത്തോട് അനുബന്ധിച്ച് ഓൺലൈൻ യോഗത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പലവിധ ചർച്ചകൾ തുടങ്ങി. ഇതിനിടെയാണ് ഈ സ്‌കൂളും പിന്തുണയുമായി എത്തുന്നത്.

രണ്ടായിരത്തിനു ശേഷം വിവാഹിതരായ, അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപോസ്തലേറ്റ് വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകും എന്നിങ്ങനെയാണ് കുടുംബവർഷം 2021-ന്റെ ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.

അതിനിടെ പാലാ രൂപതയുടെ കുടുംബ പ്രോത്സാഹന പദ്ധതികൾ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് വിദ്യാഭ്യാസവിചക്ഷണനും എം.ജി.യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് പറഞ്ഞു. പാലാ ബിഷപ്പും രൂപതയും കുടുംബങ്ങളെക്കുറിച്ച് പുതിയ ആശയങ്ങളും തത്ത്വങ്ങളും നിലപാടുകളും മുന്നോട്ടുവെച്ചിട്ടില്ല. നിലവിലുള്ള നിലപാടുകൾക്കനുസൃതമാണ് പ്രോത്സാഹന പദ്ധതികൾ എന്ന് സിറിയക് തോമസ് പറയുന്നു.

രാജ്യത്തിന്റെ നിയമങ്ങൾ ഒരു കുടുംബത്തിൽ ഇത്ര കുട്ടികളേ പാടുള്ളൂവെന്ന് ഇന്നുവരെ നിയമപരമായി ക്ലിപ്തപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഭരണഘടനയ്ക്ക് എതിരല്ലെന്നാണ് വാദം. തീരുമാനം ക്രൈസ്തവ തത്വങ്ങൾ അനുസരിച്ച് എടുത്തതാണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചിരുന്നു.

നൂറുശതമാനവും ഞാൻ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിൽ ഞാൻ സർക്കുലർ ഇറക്കും. ഞാൻ പറഞ്ഞത് തന്നെയാണ്. അണുവിട അതിൽനിന്ന് ഞാൻ പിറകോട്ട് പോവില്ല. എന്റെ സ്റ്റാൻഡ് ആണിത്'- ഇതായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം.