ആലപ്പുഴ: വന്നുകയറിയവർ പാരമ്പര്യ ചികിൽസാ വിധികൾ ഏറ്റെടുത്തപ്പോൾ കുളംതോണ്ടിയത് ആയൂർവേദ ചികിൽസയിൽ അഗ്രഗണ്യരായ കണ്ടംകുളത്തി കുടുംബം. സ്വദേശികളെയും വിദേശികളെയും ഒരുപോലെ വഞ്ചിച്ച് കൃത്രിമ അരിഷ്ടം നിർമ്മിച്ചാണ് കുണ്ടംകുളത്തിയുടെ ആയൂർവേദ പാരമ്പര്യം കളങ്കപ്പെടുന്നത്. ആയൂർവേദ കുടുംബത്തിൽ മരുമകളായി എത്തിയ ഡോ. റോസ്‌മേരിയാണ് പാരമ്പര്യം അവകാശപ്പെട്ട് മരുന്നുനിർമ്മാണം നടത്തുന്നത്. കാലങ്ങളായി വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കരുത്തിൽ മരുന്നുവാങ്ങി ഉപയോഗിച്ചവർ ഫലം ലഭിക്കാതായതോടെ കണ്ടംകുളത്തിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ്. ഡോ. റോസ് മേരിക്കെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കയാണ്.

എറണാകുളം, അങ്കമാലി സൗത്ത് പോസ്റ്റിനു സമീപം പുറക്കാട് വീട്ടിൽ സിജോ എബ്രഹാം (41) ആണ് ഡോ. റോസ് മേരിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ മാളയിൽ പ്രവർത്തിക്കുന്ന മെസേഴ്‌സ് കെ പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയ്‌ക്കെതിരെ കോടതിയിലെത്തിയത്. മരുന്നുവിൽപ്പന നടത്തുന്ന അത്താണിയിലെ വ്യാപാരകേന്ദ്രം മാനേജർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ക്രിമിനൽ നിയമം 190,156 (3),93 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് നൽകിയിട്ടുള്ളത്. ചേരുവകളുടെ കുറവാണ് ഉപഭോക്താക്കളെ കോടതിയിലെത്തിക്കാൻ സാഹചര്യമൊരുക്കിയത്.

കേസും പൊല്ലാപ്പും ഇപ്പോൾ വൈദ്യകുടുംബത്തിലെ ഇതര ശാഖകൾക്കും വിനയാകുകയാണ്. സഹസ്രയോഗ വിധിപ്രകാരം നിർമ്മിക്കപ്പെടുന്ന 'സ്വാരസ്വതാരിഷ്ടം' പ്രായഭേദമന്യേ ആർക്കും നിർലോപം ഉപയോഗിക്കാവുന്ന ജീവാമൃതമാണെന്നാണ് പരസ്യവാചകം നൽകിയിട്ടുള്ളത്. ഇത് കുടിച്ചാൽ വയോധികൻ തുള്ളിച്ചാടും, യുവാക്കൾ ആവേശഭരിതരാകും, സ്ത്രീകൾ ഭർത്തൃതല്പരരാകും.... വെറേയെന്തുവേണം സാധാരണക്കാരൻ വെട്ടിലാകാൻ പറയുന്നതാകട്ടെ പാരമ്പര്യ വൈദ്യകുടുംബത്തിലെ പ്രധാനകണ്ണി.

ആളുകൾ ആവോളം വാങ്ങി കുടിച്ചു. പക്ഷേ തുള്ളിച്ചാട്ടവും ആവേശവുമൊന്നും ഉണ്ടായില്ല. റോസ് മേരി പറ്റിക്കുന്നത് സ്വദേശികളെയും വിദേശികളെയും. പാരമ്പര്യത്തിന്റെ മറവിൽ പതിറ്റാണ്ടുകളായി ഇവരുടെ നേതൃത്വത്തിൽ മരുന്നുനിർമ്മാണം പൊടിപൊടിക്കുകയാണ്. കഴിഞ്ഞ 26 കൊല്ലമായി മരുന്നുവിറ്റ് കോടികൾ സമ്പാദിച്ച റോസ് മേരി ഇപ്പോൾ ആതിരപ്പള്ളിയിൽ ആയൂർവേദ റിസോർട്ട് തുടങ്ങി നാട്ടുകാരെയും വിദേശികളെയും ചികിൽസിച്ചുവരികയാണ്. പരസ്യത്തിൽ ആകൃഷ്ടരായി വിദേശികളുടെ ഒഴുക്കുതന്നെയാണ് ഇവിടെയുള്ളത്.

സ്ഥാപനത്തിൽ പൊലീസും അധികൃതരും പരാതിയെ തുടർന്ന് റെയ്ഡ് ചെയ്ത് അരിഷ്ടം പിടിച്ചെടുത്തെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് വകുപ്പ് 25 ഡി റൂൾ 154 പ്രകാരം ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഇവർക്കു സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ അനുമതി നൽകിയിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ നെടുമ്പാശേരിയിലെ അത്താണി ശാഖയിൽനിന്നും പൊലീസ് പിടിച്ചെടുത്ത മരുന്നുകളുടെ സാമ്പിളുകൾ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെയും വകുപ്പിനെയും പ്രീണിപ്പിച്ച് റോസ് മേരി നടത്തുന്ന മരുന്നുനിർമ്മാണശാല അടച്ചുപൂട്ടാൻ നാട്ടുകാർ രംഗത്തെത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

മൂന്നു വർഷമായി സാരസ്വതാരിഷ്ടം കഴിച്ചിട്ടും ഉള്ള ഊർജം കൂടി നഷ്ടപ്പെട്ട സാഹചര്യത്തിൽ കണ്ടംകുളത്തിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് സിജോയെന്ന യുവാവ്. ഇതോടെയാണ് കണ്ടംകുളത്തി വിവാദത്തിലാകുന്നത്. അരിഷ്ടത്തിൽ പറയുന്ന യാതൊന്നും അടങ്ങിയിട്ടില്ലെന്നു കാട്ടി പൊലീസിനു നല്കിയ പരാതിയിൽ കേസെടുത്തിരിക്കുകയാണ് നെടുമ്പാശേരി പൊലീസ്. സാരസ്വതാരിഷ്ടത്തിന്റെ സാമ്പിൾ പിടിച്ചെടുത്ത ശേഷം ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. ഇതോടെ വ്യാജ അവകാശവാദങ്ങൾ മുഴക്കി പരസ്യം കൊടുത്തു പണമുണ്ടാക്കുന്ന നിരവധി ആയൂർവേദമരുന്നുകളുടെ ഗണത്തിലേക്ക് കേരളത്തിലെ ഏറ്റവും പാരമ്പര്യം അവകാശപ്പെടുന്ന കണ്ടൻകുളത്തിയും പെടുകയാണ്.

സഹസ്രയോഗ വിധിപ്രകാരം നിർമ്മിച്ചതാണെന്നാണ് പേരുകേട്ട കണ്ടൻകുളത്തി കെ പി പത്രോസ് വൈദ്യന്റെ പിൻതലമുറക്കാർ പ്രചരിപ്പിക്കുന്നത്. അരിഷ്ടം നിർമ്മിച്ച് കുപ്പിയിൽ ലേബലൊട്ടിച്ച് നാടുമുഴുവൻ വില്ക്കുമ്പോൾ അവർ അറിഞ്ഞില്ല പിടിവീഴുമെന്ന്. ലോകപ്രശസ്ത ആയൂർവേദ പണ്ഡിതന്മാർ നിറഞ്ഞ, തൃശൂർ ആസ്ഥാനമായുള്ള കണ്ടംകുളത്തി കുടുംബത്തെ കുളംതോണ്ടിയാണ് ഇപ്പോൾ പിൻതലമുറക്കാർ ആയൂർവേദ ചികിൽസാരീതിയുടെ മറവിൽ സമൂഹത്തെയും പറ്റിക്കുന്നതെന്നാണ് ആരോപണം. രാജ്യത്താകമാനം വിറ്റഴിക്കപ്പെടുന്ന ആയൂർവേദ മരുന്നാണ് സാരസ്വതാരിഷ്ടം. സഹസ്രവിധി പ്രകാരമുള്ള അളവിലും തയ്യാറാക്കലിലും ഔഷധഘടകങ്ങളുടെ കൃത്യമായ ഒത്തുചേരലിലും സൂക്ഷ്മത പാലിക്കണമെന്നാണ്. എന്നാൽ ഈ വിധി പ്രകാരം തയ്യാറാക്കുന്ന അരിഷ്ടത്തിൽ ചേരുവകളുടെ കാര്യമായ കുറവ് കണ്ടെത്തിയതാണ് പാരമ്പര്യ വൈദ്യകുടുംബത്തിന് അപമാനമായത്.

സഹസ്രയോഗ പ്രകാരം പൂയം നക്ഷത്രദിവസം ബ്രാഹ്മമൂഹൂർത്തത്തിലെടുത്ത ബ്രഹ്മി സമൂലം പലം ഇരുപത്, ശതാവരി കിഴങ്ങ്, പാൽമുരുക്കിൻ കിഴങ്ങ്, കടുക്കാത്തോട്, രാമച്ചം , ഇഞ്ചി, ശതകപ്പ് ഇവ അഞ്ചുപലം ഇവ എല്ലാംകൂടി പതിനാറിടങ്ങഴി വെള്ളത്തിൽ കഷായംവച്ചു നാലൊന്നാക്കി ഒരു തുണികൊണ്ട് അരിച്ചെടുക്കണം. തേൻ പലം പത്ത്, പഞ്ചസാര പലം ഇരുപത്തിയഞ്ച് ഇവയും താതിരപൂവ് പലം അഞ്ച്, അരേണുകം ( വാൽ മുളക്) ത്രികൊലക്കൊന്ന തിപ്പലി, ഗ്രാമ്പൂവ്, വയമ്പ്, കൊട്ടം, അമുക്കരം, താന്നിക്കാത്തോട് , അമൃതിൻനൂറ്, വിഴാലരി, ഇലവർഗത്തൊലി ഇവ മൂന്നു കഴഞ്ചു വീതമെടുത്തു പൊടിച്ചപൊടിയും ചേർത്ത് ഒരു സ്വർണ്ണക്കുടത്തിലോ പുതിയ മൺകുടത്തിലോ ആക്കി ചെറുതായി നുറുക്കിയ മൂന്നു കഴഞ്ച് സ്വർണ്ണ തകിടും ഇട്ട് കെട്ടി ഒരു മാസം സ്വർണ്ണതകിടുകൾ ലയിച്ച് ചേർന്നതിനുശേഷം എടുത്ത് ഒരു മുണ്ടുകൊണ്ടരിച്ച് നെയ ്‌തേച്ചു മയങ്ങിയ ഒരു പാത്രത്തിലാക്കി വെയ്ക്കുക.

ഈ സാരസ്വതാരിഷ്ടം അമൃതിന് തുല്യമാണെന്നാണ് സഹസ്രയോഗം വിധിച്ചിട്ടുള്ളത്. ഇത് പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർക്കും കുട്ടികൾക്കും ഉപയോഗിക്കാം. ശുക്ലദോഷം, ആർത്തവ സംബന്ധമായ അസുഖം, ഓർമ്മ, ബലക്കുറവ് എന്നിവ മാറ്റി പുതുമനുഷ്യനാക്കുന്ന മരുന്നാണത്രേ സാരസ്വതാരിഷ്ടം. എന്നാൽ കഴിഞ്ഞ മൂന്നുകൊല്ലമായി ഈ അരിഷ്ടം കഴിക്കുന്ന അങ്കമാലി സ്വദേശിനാല്പത്തിയൊന്നുകാരനായ സിജോ അബ്രഹാമിന് മരുന്നിൽ വിവരിച്ചിട്ടുള്ള യാതൊരു ഗുണവും അനുഭവപ്പെടാതിരുന്നതിനെ തുടർന്നാണ് സംശയം ഉടലെടുത്തത്. ലക്ഷക്കണക്കിന് ആളുകൾ സേവിക്കുന്ന അരിഷ്ടത്തിന്റെ ഉൽപാദനത്തെ കുറിച്ച് അന്വേഷിക്കാൻ ഇതോടെ സിജോ തീരുമാനിച്ചു.

വിവരാവകാശപ്രകാരം കിട്ടിയ രേഖകളിൽനിന്നും ആയുർവേദ അരിഷ്ടത്തിന്റെ വിവരങ്ങൾ ശേഖരിച്ച സിജോയ്ക്ക് കഴിച്ച മുരുന്നിനെ കുറിച്ചോർത്തപ്പോൾ ഞെട്ടലാണുണ്ടായത്. ബോട്ടിലിലാക്കിയ അരിഷ്ടത്തിലെ ചേരുവകളുടെ കാര്യത്തിൽ കമ്പനി കാട്ടിയ കൃത്രിമമാണ് മരുന്നിന്റെ ഗുണം ഇല്ലാതാക്കിയതെന്ന് മനസിലായി. ആയൂർവേദ ഔഷധങ്ങളിൽ സ്വർണം ചേർക്കാൻ നിഷ്‌ക്കർക്കുന്ന ഏക അരിഷ്ടമാണ് സാരസ്വതാരിഷ്ടം. 14 ലിറ്റർ അരിഷ്ടനിർമ്മാണത്തിന് ഏകദേശം 12 ഗ്രാം സ്വർണം എന്നാണ് കണക്ക്. എന്നാൽ സ്വർണം ചേർന്നാൽ മാത്രം സ്വാരസ്വതമാകുന്ന അരിഷ്ടത്തിൽ കണ്ടംകുളത്തിക്കാർ സ്വർണ്ണമേ ചേർത്തിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ചേരുവകകളുടെ കൃത്യതയും സ്വർണ്ണത്തിന്റെ അളവും അംഗീകൃത സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ ഗുരുതരമായ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. വർഷങ്ങളായി ഇത് വാങ്ങി ഉപയോഗിക്കുന്നവർക്ക് ഗുണം ചെയ്യാതെ ദോഷത്തിലേക്ക് തള്ളിവിട്ടവർ അഴിയെണ്ണുന്ന അവസ്ഥ.