- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ഒക്കച്ചങ്ങാതിയായ കടന്നപ്പള്ളിക്ക് ഇക്കുറിയും കണ്ണൂരിൽ സീറ്റുണ്ട്; കണ്ണൂരിലെ പാർട്ടി എതിർത്തിട്ടും തുണയായത് മുഖ്യമന്ത്രിയുടെ ആശ്രിത വാത്സല്യം; കണ്ണൂർ സിപിഐക്ക് കൊടുത്ത് പകരം ഇരിക്കൂർ കേരളാ കോൺഗ്രസിന് കൊടുക്കാമെന്ന ധാരണയും തള്ളി
കണ്ണൂർ: ഇടതു മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒക്ക ചങ്ങാതിയായ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിക്ക് കണ്ണൂരിൽ ഇക്കുറിയും സീറ്റുണ്ട്. കണ്ണൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ കടന്നപ്പള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശപ്രകാരം നിശബ്ദ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് എസിൽ നിന്നും ഇക്കുറി കണ്ണൂർ മണ്ഡലം തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ആവശ്യമുയർന്നിരുന്നു. കണ്ണൂർ സിപിഐക്ക് കൊടുത്ത് പകരം ഇരിക്കൂർ കേരളാ കോൺഗ്രസിന് കൊടുക്കാമെന്നായിരുന്നു ധാരണ.
ഒരു അംബാസിഡർ കാറിൽ പോലും കയറ്റാൻ ആളില്ലാത്ത പാർട്ടിയായ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസിനെ ഇനിയും ചുമക്കേണ്ടതില്ലെന്ന പൊതുവികാരമാണ് യോഗത്തിൽ നിന്നുയർന്നത്. മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനിറക്കി കണ്ണൂർ സീറ്റ് നിലനിർത്തണമെന്നും ആവശ്യമുയർന്നു. എന്നാൽ കണ്ണൂരിലെ സിറ്റിങ് എം എൽ എ യെന്ന നിലയിൽ കടന്നപ്പള്ളിക്ക് സീറ്റു നൽകണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പാർട്ടിയുടെ അംഗബലം നോക്കി സീറ്റു നിഷേധിക്കുന്നത് എൽ.ഡി.എഫ് രീതിയല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ അദ്ദേഹം വ്യക്തമാക്കിയതാണ് സൂചന.
എൽ.ഡി.എഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തനും അതിവിധേയത്വവും കാണിച്ചിരുന്ന മന്ത്രിമാരിലൊരാളാണ് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി. കഴിഞ്ഞ തവണ കോൺഗ്രസ് എസിലെ തന്നെ പുത മുഖങ്ങളിലൊരാൾ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് എസിന് സീറ്റ് ആവശ്യമില്ലെന്നായിരുന്നു കടന്ന പള്ളിയുടെ പ്രതികരണം. ഇതോടെയാണ് ഡി സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിക്കെതിരെ കടന്നപ്പള്ളിയെ രംഗത്തിറങ്ങാൻ സിപിഎം തയ്യാറായത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഇക്കുറി വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് കടന്നപ്പള്ളി.
എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചിത്രം തെളിഞ്ഞു വരുന്നതേയുള്ളു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിൽ പറഞ്ഞുകേൾക്കുന്നത് ' കെപിസിസി അധ്യക്ഷൻ മുല്ല പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഒടുവിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ എന്ന വാക്കിന് രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ്കാരുടെ ഈറ്റില്ലം എന്ന അർത്ഥം രാഷ്ട്രീയ നിരീക്ഷകർ പലപ്പോഴും നൽകാറുണ്ട് . എന്നാൽ മുസ്ലിം ലീഗിനും കോൺഗ്രസിനും ഏറെ സ്വാധീനമുള്ള കണ്ണൂർ മണ്ഡലം എന്നും വലതു ചേരിയോട് ചേർന്നാണ് സഞ്ചരിച്ചിരുന്നത്.
പുറം ലോകം കണ്ണൂർ ജില്ലയെ കമ്മ്യൂണിസ്റ്റ് കോട്ടയായി വിലയിരുത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊണ്ടത് കണ്ണൂർ ജില്ലയിലെ പാറപ്രത്തായതിനാലാണ്. കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തരായ നേതാക്കളായ എകെജിയും, ഇ.കെ. നായനാരും ചടയൻ ഗോവിന്ദനുംഉൾപ്പെടെ നിരവധി പേർക്ക് ജന്മം നൽകിയ നാടാണ് കണ്ണൂർ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിൽ രണ്ടാമൻ ഇ.പി.ജയരാജനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കണ്ണൂരുകാരാണ്. കണ്ണൂർ ലോബി എന്ന പദപ്രയോഗങ്ങൾ തന്നെ രാഷ്ട്രീയ കേരളം ഒരുപാട് ചർച്ച ചെയ്തതാണ് എന്നാൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ ഒരു തവണപോലും ഒരു എംഎൽഎയെ എത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
1965 ൽ രൂപീകൃതമായ മണ്ഡലത്തിൽ 1967ൽ ആദ്യമായി മുസ്ലിം ലീഗ് നേതവ് ഇ. അഹമ്മദ് നിയമസഭയിലെത്തി. പിന്നീട് 70 മുതൽ 77 വരെ എൻകെ കുമാരനും അതിനു ശേഷം പി. ഭാസ്കരനും നിയമസഭയിലെത്തി. പി. ഭാസ്കരന് ശേഷം 1991 ൽ എൻ. രാമകൃഷ്ണനും കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തി. 1996 മുതൽ 2006 വരെ കണ്ണൂരിനെ പ്രതിനിധീകരിച്ച കെ. സുധാകരൻ കണ്ണൂരിലെ പ്രബലനും മന്ത്രിയുമായി. 2009ൽ കെ സുധാകരൻ ലോക്സഭാംഗമായതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്തുവന്ന എ.പി. അബ്ദുള്ളക്കുട്ടി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽ നിന്ന് എംഎൽഎയായി.
2011ലും അബ്ദുള്ളക്കുട്ടി ജയം ആവർത്തിച്ചു. പക്ഷേ 2016ൽ സ്ഥിതി മാറി. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. പിണറായി മന്ത്രി സഭയിൽ മന്ത്രിയായ കടന്നപ്പള്ളി കണ്ണൂരിൽ നിറഞ്ഞു നിന്നുവെങ്കിലും ഇതുവരെ ഒരു കമ്മ്യൂണിസ്റ്റകാരെ കണ്ണൂർ മണ്ഡലത്തിൽ നിന്ന് വിജയപ്പിച്ചെടുക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കടന്നപ്പള്ളിയെ മുൻ നിർത്തി മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് ഒരുങ്ങുന്നത്. കോൺഗ്രസിന് കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ തികച്ചും അനുകുല സാഹചര്യമാണെന്നാണ് വിലയിരുത്തൽ.
മുസ്ലിം ലീഗുമായുള്ള പടലപ്പിണക്കങ്ങൾ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിനും കാലുവാരലിനും ഏറെ ശമനമായിട്ടുണ്ട്. മണ്ഡലത്തിൽ ക്ളീൻ ഇമേജുള്ള സതീശൻ പാച്ചേനി ഡി.സി.സി. പ്രസിഡന്റെന്ന നിലയിൽ അണികൾക്കും യു.ഡി.എഫിലെ മറ്റു പാർട്ടികൾക്കും ഏറെ സ്വീകാര്യനായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാച്ചേനിയാണ് എതിർ സ്ഥാനാർത്ഥിയെങ്കിൽ കണ്ണൂർ മണ്ഡലം നിലനിർത്തണമെങ്കിൽ എൽ.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.