കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കൽപ്പറ്റ സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2018 ജൂലായ് ആറിനായിരുന്നു കേസിനാസ്പദമായ ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുത്തപ്പോഴാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊലപ്പെടുത്തിയത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപ്പെടുകയായിരുന്നു. കേസിൽ 2020 നവംബറിലാണ് വിചാരണ ആരംഭിച്ചത്. കൊലപാതകത്തിന്‌ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാൻ വാതിലിന് സമീപവും പരിസരത്തും മുളക് പൊടി വിതറിയിട്ടാണ് പ്രതി കടന്നുകളഞ്ഞത്. കിടപ്പുമുറിയിൽ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിൻവാതിൽ കുത്തിതുറന്ന് അകത്ത് കയറിയ പ്രതി കൃത്യം നടത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച് മുങ്ങുകയായിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാൽ രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിശ്വനാഥൻ തൊട്ടിൽപാലത്ത് പിടിയിലാവുന്നത്.

ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് കൊല നടത്തിയ വീടിനു മുൻവശത്തെ വയലിൽ നിന്നും കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസിന് കാണിച്ചു കൊടുത്തു. ഇതോടെ, കേസ് വഴിത്തിരിവിലെത്തുകയായിരുന്നു. 700ലധികം പേരെ പൊലീസ് നിരീക്ഷിച്ച കേസിൽ അന്വേഷണം കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും നീണ്ടു. തുടക്കത്തിൽ ഏറെ ദുരൂഹത നിറഞ്ഞ സംഭവത്തിൽ പ്രതി പിടിയിലാവാത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

വളരെ ആസൂത്രിതമായാണ് ഇരട്ട കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് എന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കിയത്. ഇത്, ക്വട്ടേഷൻ സംഘത്തിലേക്ക് സംശയം നീളാനും ഇടയാക്കി. ഉമറിന്റെയും ഭാര്യയുടെയും ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഒടുക്കം മൊബൈൽ ഫോൺ പിന്തുടർന്നുള്ള സൈബർ അന്വേഷണവും ശാസ്ത്രീയ പരിശോധനകളുമാണ് ഒടുക്കം പ്രതിയെ വലയിലാക്കിയത്.

ഫോൺ കണ്ടെത്താൻ കഴിയാഞ്ഞതും ഒരു ഘട്ടത്തിൽ പൊലീസിനെ വലച്ചു. പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കോളുകളും റോഡിനോട് ചേർന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളവും പരിശോധിച്ചു. നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. മാനന്തവാടി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് സിഐമാരും നാല് എസ്‌ഐമാരുമുൾപ്പെട്ട സംഘം ആറ് ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തിയത്.