ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്‌സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് പങ്കുവെച്ച ട്വീറ്റിന് എതിരെ വ്യാപക വിമർശനം.

കങ്കണ ട്വീറ്റ് ചെയ്തതിങ്ങനെ: ''ആർക്കെങ്കിലും ഓക്‌സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതൊക്കെ ചെയ്യണം. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്‌സിജൻ ക്ഷാമത്തിനുള്ള സ്ഥിരമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്ത്രങ്ങളെ പുനരുപയോഗം ചെയ്യുക. വേദിക് ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീറാം''.

എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി നിരവധി പേർ രംഗത്തെത്തി. ജനങ്ങൾ പ്രാണവായുവിനായി കേഴുമ്പോഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന് നിരവധി പേർ മറുപടിയായി പറഞ്ഞു. ഐ.സി.യുവിൽ ഓക്‌സിജനായി ഡോക്ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത് തലച്ചോറില്ലാത്ത നിർദേശമാണെന്നും നിരവധി പേർ മറുപടി നൽകി.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ചികിത്സാർഥം കൂടുതൽ ഓക്‌സിജൻ സംഭരിക്കണമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ചത്തീസ്ഗഢ്, കർണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ എന്നിവയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇവിടങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണം. കഴിഞ്ഞ ഓഗസ്റ്റിലേതിനെക്കാൾ ഓക്‌സിജന്റെ ആവശ്യം ഇപ്പോൾത്തന്നെ ആശുപത്രികൾക്കുണ്ട്. ആശുപത്രികളിൽ ഓക്‌സിജൻ ഉപയോഗം വിവേകപൂർണമാകണമെന്നും പാഴാക്കുന്നത് കുറയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

2020 ഓഗസ്റ്റ് രണ്ടാംവാരം കോവിഡ് ചികിത്സയിലുള്ളവരിൽ 2.43 ശതമാനം പേർക്കാണ് മെഡിക്കൽ ഓക്‌സിജൻ വേണ്ടിവന്നത്. ഇപ്പോൾ 4.50 ശതമാനം രോഗികൾക്ക് ഓക്‌സിജൻ വേണം. രോഗികളുടെ വർധന കണക്കാക്കിയാൽ ഇനിയും തോതുയർന്നേക്കും.

ഓഗസ്റ്റിൽ ഐ.സി.യു.വിലുള്ള 1.77 ശതമാനം രോഗികൾക്കും വെന്റിലേറ്ററിലുള്ള 0.25 ശതമാനം പേർക്കുമാണ് നിരന്തരം ഓക്‌സിജൻ വേണ്ടിവന്നത്. ഇപ്പോഴത് യഥാക്രമം 2.31 ശതമാനം, 0.46 ശതമാനം എന്നിങ്ങനെ വർധിച്ചു.


രാജ്യത്ത് നിലവിൽ ഓക്‌സിജൻ പ്ലാന്റുകളിലും ആശുപത്രികളിലുമായി 50,000 മെട്രിക് ടൺ ഓക്‌സിജനാണ് സ്റ്റോക്കുള്ളത്. എന്നാൽ, ആവശ്യത്തിന്റെ തോതനുസരിച്ച് 50,000 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻകൂടി ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

എല്ലാ പ്ലാന്റുകളിലുമായി പ്രതിദിനം 7,127 മെട്രിക് ടൺ ഓക്‌സിജൻ ഉത്പാദനശേഷിയാണുള്ളത്. നിലവിൽ 3,842 മെട്രിക് ടൺ ഓക്‌സിജനാണ് പ്രതിദിന ഉപയോഗം.

പുതുതായി 162 ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റ് തുടങ്ങാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു.