ഝാൻസി റാണിയായി വാളെടുത്ത നടി കങ്കണ റാവത്തിന് ഷൂട്ടിംഗിനിടെ ഗുരുതര പരിക്ക്. നെറ്റിയിൽ മൂക്കിന് മുകളിലായി പരിക്കേറ്റ കങ്കണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഝാൻസി റാണിയുടെ ജീവിതകഥ പറയുന്ന മണികർണിക- ദ ക്യൂൻ ഓഫ് ഝാൻസി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്. വാൾപയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് കങ്കണയ്ക്ക് പരിക്കേറ്റത്. ഡ്യൂപ്പിനെ വെയ്ക്കാമെന്ന് പറഞ്ഞെങ്കിലും താരം അതിന് തയ്യാറാവാതെ വാളെടുക്കുകയായിരുന്നു.

വാളുപയോഗിച്ചുള്ള സംഘടനം ചിത്രീകരിക്കുന്നതിനിടെ വാൾ കങ്കണയുടെ നെറ്റിയിൽ അടിക്കുകയായിരുന്നു. തുടർന്ന് ക്രമാതീതമായി രക്തം വാർന്നൊലിക്കുകയും ചെയ്തു. ഉടൻ തന്നെ താരത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നെറ്റിയിൽ പതിനഞ്ച് തുന്നലുകളുണ്ട്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്.

സംഘട്ടന രംഗത്തിൽ ഡ്യൂപ്പിനെ വയ്ക്കാമെന്ന് പറഞ്ഞെങ്കിലും കങ്കണ നിരസിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കമാൽ ജെയിൻ പറഞ്ഞു. ഒരു പാട് തവണ റിഹേഴ്സൽ ചെയ്ത ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാൾപ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാൾ കങ്കണയുടെ നെറ്റിയിലടിച്ചത്.

മുറിവ് ഭേദമായാലും പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ഝാൻസി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും കങ്കണ പറഞ്ഞു. ആശുപത്രി വിട്ടതിന് ശേഷം കങ്കണ ഉടൻ തന്നെ ചിത്രത്തിന്റെ സെറ്റിലെത്തും. അടുത്ത വർഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.