ബോളിവുഡ് സൂപ്പർ നായിക കങ്കണ റണൗട്ടിന്റെ ഹെയർ സ്‌റ്റൈലിസ്റ്റിനെ പീഡനക്കേസിൽ പൊലീസ് പിടികൂടി. 42കാരനായ ആഫ്രിക്കൻ വംശജൻ ബ്രണ്ടൻ അലിസ്റ്റർ ഡി ജീ ആണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കങ്കണ അഭിനയിക്കുന്ന ചത്രത്തിന്റെ സെറ്റിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഒരു ഡേറ്റിങ്ങ് ആപ്പിൽ തനിക്ക് 18 വയസായെന്ന് കാണിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. തനിക്ക് പുരുഷന്മാരോടാണ് താത്പര്യം എന്ന് പ്രത്യേകം പരാമർശിച്ചിരുന്ന കുട്ടി ബ്രെൻഡണെ സൈറ്റിൽ വച്ച് പരിചയപ്പെടുകയായിരുന്നു. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപ്പെട്ട് വേറെയും പുരുഷന്മാരുമായി കുട്ടി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ അമ്മയാണ് തന്റെ മകനെ ഒരു പുരുഷനൊപ്പം റൂമിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനുമായി ബന്ധപ്പെട്ട പുരുഷന്മാരെക്കുറിച്ച് കുട്ടി അമ്മയോട് പറയുന്നത്. ബ്രെൻഡന്റെ പേരും ഇതിലുണ്ടായതിനെത്തുടർന്നാണ് ഇയാളുൾപ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്‌കൂൾ അദ്ധ്യാപകൻ മുതൽ ബിനിനസ്സുകാർ വരെയുണ്ട്.എന്നാൽ കങ്കണ ഇതിനെകുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ബോളിവുഡിലെ പുതിയ മീ ടൂ വിവാദത്തിന് തുടക്കം കുറിച്ച തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാൻ തനുശ്രീ കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു.