കൊച്ചി: ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരാതിക്കാരിയായ യുവതി പൊലീസിന് നൽകിയ മൊഴി ഭയാനകമാണ്. സ്വന്തം ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറയുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭർത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസിൽ പരാതി നൽകിയത്.

2014 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അഞ്ചു വർഷത്തോളം പ്രണയിച്ചതിന് ശേഷം യുവതിയുടെ സഹോരനോട് ഇഷ്ടം പറയുകയും പിന്നീട് വിവാഹം നടക്കുകയുമായിരുന്നു. ഇവർക്ക് ഏഴും മുന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ആദ്യ കുട്ടി ജനിച്ച് മൂന്നര വർഷം കഴിഞ്ഞപ്പോഴാണ് യുവതിയോട് മറ്റു പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് കേട്ട് ഞെട്ടിയ യുവതിയോട് എനിക്ക് നീ മറ്റു പുരുഷന്മാരോടൊപ്പം കിടക്കുന്നത് കാണാനാണ് ഇഷ്ടം എന്നും അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന യുവതിയെ പലതും പറഞ്ഞ് നിർബന്ധിപ്പിച്ചെങ്കിലും യുവതി പേടിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ അവിടെയെത്തി ഇയാൾ കരഞ്ഞു കാലു പിടിച്ചു തിരിച്ചു കൊണ്ടു പോകുകയായിരുന്നു. .

ഭർത്താവിന് എന്നിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു. വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ യുവതി എതിർത്തു. 'നീ ഒരുത്തന്റെ കൂടെ കിടക്കുന്നതു കാണുമ്പഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ. എന്റെ സന്തോഷം കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കിൽ ഞാൻ തൂങ്ങിച്ചാകും'. എന്നിട്ടും സമ്മതിക്കാതായതോടെ കയർ കഴുത്തിൽ കുരുക്കിട്ട് എന്റെ മരണത്തിനുത്തരവാദി നിന്റെ വീട്ടുകാരാണെന്ന് ഞാൻ എഴുതി വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതോടെ യുവതി ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു. ഭർത്താവിന്റെ നിർദ്ദേശ പ്രകാരം നിരവധി പുരുഷന്മാർക്കൊപ്പമാണ് ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത്. റൂമിൽ കയറുമ്പോൾ രണ്ടു മണിക്കൂറിന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ ഭർത്താവ് ഉപയോഗിക്കും.

നരകയാതനകൾക്കിടയിൽ യുവതി ഇനിയും ഇത് പറ്റില്ല എന്ന് പറഞ്ഞപ്പോൾ പലരുമായി വേഴ്ച നടത്തുന്ന വീഡിയോ ദൃശ്യം തന്റെ കയ്യിലുണ്ടെന്നും അത് സഹോദരങ്ങൾക്ക് അയച്ചു കൊടുക്കുകയും സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീണ്ടു പ്രതിസന്ധിയിലായ യുവതി ഇയാളുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വന്നു. കുട്ടികളെ ഓർത്തും മറ്റുള്ളവർ അറിഞ്ഞാലോ എന്ന ഭയം ഉള്ളതു കൊണ്ടും എല്ലാം സഹിച്ചു. ഇതിനിടയിൽ പലവട്ടം 'എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാർ മറ്റുള്ളവർക്കൊപ്പം കിടക്കുന്നതാണ് സന്തോഷം' എന്ന് പറയുമായിരുന്നു. രണ്ടു കുട്ടികൾ ആയതോടെ യുവതിയുടെ പ്രസവം ഇയാൾ നിർബന്ധിപ്പിച്ചു നിർത്തി. മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോൾ കുട്ടികൾ ഉണ്ടാകാതിരിക്കാനായാണ് എന്നാണ് അതിന് പറഞ്ഞ കാരണം.

സ്വന്തം വീട്ടിൽ വച്ചായിരുന്നു ഏറെയും ഇത്തരം ചൂഷണത്തിന് വിധേയയായത്. മൂത്ത കുട്ടിയോട് എപ്പോഴും പറയും 'അമ്മ മനസ്സു വച്ചാൽ നമുക്ക് സുഖമായി ജീവിക്കാം. അമ്മയോട് അച്ഛൻ പറയുന്നതു പോലെ അനുസരിക്കാൻ പറയണം'. ഇത്തരത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടതിനാൽ യുവതിക്ക് ഇയാൾ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നു. ഒടുവിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു വ്ളോഗറോട് തന്റെ ദുരിത പൂർണ്ണമായ ജീവിക കഥ പറയുകയും വ്ളോഗറുടെ നിർദ്ദേശ പ്രകാരം യുവതി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതോടെയാണ് ഭർത്താവടക്കമുള്ള സംഘത്തെ പൊലീസ് പിടികൂടിയത്.

അതേ സമയം സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസിൽ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തൽ. ഇവരിൽ ആറുപേരാണ് പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേരിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേർ തനിച്ചെത്തിയവരാണ്. ഇവരെ 'സ്റ്റഡ്' എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം. കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തൽ.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നു ഡിവൈഎസ്‌പി എസ്.ശ്രീകുമാർ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു. കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിനാണ് അന്വേഷണച്ചുമതല.