പാലക്കാട്: കനയ്യ കുമാറിന്റെ സന്ദർശനത്താൽ ദേശീയ ശ്രദ്ധയാകർഷിച്ച പട്ടാമ്പി മണ്ഡലത്തിൽ ജെ.എൻ.യു വിദ്യാർത്ഥി മുഹ്‌സിൻ നേടിയത് വെറും വിജയമല്ല. വിദ്യാർത്ഥി സമരങ്ങളാൽ പ്രക്ഷുബ്ധമായ ജെ.എൻ.യു കാമ്പസിൽ നിന്നിറങ്ങി വന്ന് സിപിഐയുടെ സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് കച്ചമുറുക്കിയ മുഹ്‌സിന്റെ വിജയം അക്ഷരാർഥത്തിൽ എതിരാളികൾക്ക് വൻ ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ്.

ഫാസിസത്തിനെതിരായുള്ള ദേശീയ സമരമുഖത്തിലെ യുവ പോരാളിയും സഹപാഠിയുമായ കനയ്യ കുമാറിന്റെ മണ്ഡല സന്ദർശനവും തകർപ്പൻ പ്രസംഗവും മുഹ്‌സിന്റെ വിജയത്തിലേക്കുള്ള വഴികൾ എളുപ്പമാക്കി. മുഹ്‌സിന്റെ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്ന് കനയ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ആയിരക്കണക്കിന് പേരാണ് കനയ്യയുടെ പ്രസംഗം കേൾക്കാർ പട്ടാമ്പിയിലേക്ക് ഒഴുകിയത്. മണ്ഡലത്തിന് പുറത്തുള്ളവർ പോലും ഇവിടെയത്തെി. യൂടൂബിലുടെയടക്കം ഹിറ്റായ പ്രസംഗത്തിന് യുവജനങ്ങളിൽ നിന്നടക്കം വൻ സ്വീകാര്യതയാണ് ലഭിച്ചത്.

2001 മുതൽ പതിനഞ്ച് കൊല്ലത്തോളം തുടർടച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസിന്റെ സിപി മുഹമ്മദിനെ അട്ടിമറിച്ചാണ് മുഹസ്സിൻ തെരഞ്ഞെടുക്കപ്പെട്ടത്. പണം നൽകി വോട്ട് പിടിക്കാനുള്ള സിപിയുടെ ശ്രമം ഇത്തവണ വിലപ്പോയില്ല. ഒപ്പം മോദി സർക്കാരിന്റെ ഫാസിസത്തിനെതിരെ രാജ്യമാകെ അലയടിച്ച ജെഎൻയു പോരാട്ടം പട്ടാമ്പിയിലും പ്രതിഫലിച്ചു.

ഇടതുപക്ഷം തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലമാണ് പട്ടാമ്പി. ഇ.എം.എസും ഇ.പി.ഗോപാലനും പ്രതിനിധീകരിച്ച മണ്ഡലം. സിപിഐയുടെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ ആറ് തവണ ഇവിടെ മത്സരിച്ച് വിജയവും പരാജയവും ഒരേ പോലെ അറിഞ്ഞിട്ടുണ്ട് ഇവിടെ. എന്നാൽ, കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ നിന്ന് വിജയിക്കുന്നത് കോൺഗ്രസിന്റെ സി.പി മുഹമ്മദാണ്. പ്രചാരണത്തിനിടെ സി.പി മുഹമ്മദ് വോട്ടർക്ക് പണം കൈമാറുന്ന വിഡിയോ ദൃശ്യങ്ങൾ വൻ വിവാദമായിരുന്നു. കനയ്യയുടെ മിന്നുന്ന പ്രകടനത്തിനൊപ്പം ഇതും സി.പിക്ക് കനത്ത തിരിച്ചടിയായി.

പട്ടാമ്പിയിൽ വിജയം കൈപ്പിടിയിൽ നിന്നും അകന്നതോടെയാണ് കഴിഞ്ഞവർഷം മുതൽ പരീക്ഷണമെന്ന നിലയിൽ പുതുമുഖങ്ങളെ സിപിഐ ഇവിടെ അണിനിരത്താൻ തുടങ്ങിയത്. ജില്ലാ സെക്രട്ടറിയും, മണ്ഡലത്തിനു പുറത്തുള്ള കെ.പി സുരേഷ് രാജ് കഴിഞ്ഞ തവണ ആദ്യമായി മത്സരത്തിനിറങ്ങിയെങ്കിലും വിജയിക്കാനായിരുന്നില്ല. നേരത്തെ ഈ മണ്ഡലം സിപിഐഎമ്മിന് വിട്ടുകൊടുത്ത് പകരം മറ്റേതെങ്കിലും മണ്ഡലം സ്വീകരിക്കാനും സിപിഐ ശ്രമിച്ചിരുന്നു.

ജെഎൻയുവിലെ സമരവും, സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റുമായ കന്നയ്യകുമാറും ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടതും, ജെഎൻയുവിലെ സമരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ യുവാക്കൾക്കിടയിലുണ്ടായ ഐക്യപ്പെടലുമാണ് പട്ടാമ്പിയിലേക്ക് നാട്ടുകാരനും ജെഎൻയു ഗവേഷക വിദ്യാർത്ഥിയുമായ മുഹമ്മദ് മുഹ്‌സിനെ തന്നെ പരിഗണിക്കാൻ സിപിഐ ജില്ലാ നേതൃത്വത്തെയും, സംസ്ഥാന നേതൃത്വത്തെയും പ്രേരിപ്പിച്ചത്. അതു തെറ്റിയില്ല.

മണ്ഡലത്തിലും പുറത്തും വേരോട്ടവും സ്വാധീനവുമുള്ള ഓങ്ങല്ലൂരിലെ അറിയപ്പെടുന്ന പണ്ഡിതരുടെ തറവാട്ടിലെ അംഗമായ മുഹ്‌സിന്റെ കന്നിമത്സരമാണിത്. മുസ്ലിം വിഭാഗങ്ങൾ നിർണായകമായ മണ്ഡലത്തിൽ പ്രദേശത്തെ പ്രമുഖ മതപണ്ഡിതന്റെ പേരക്കുട്ടി എന്ന ഖ്യാതിയും മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ വീഴ്‌ത്തുന്നതിൽ മുഹസിനെ തുണച്ചു. പട്ടാമ്പിയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാരക്കാട് മാനു മുസ്ലിയാരുടെ പേരമകനാണ് മുഹമ്മദ് മുഹ്‌സിൻ. ചിലയിടങ്ങളിൽ ഈ ടാഗ് ലൈൻ ഉപയോഗിച്ച് പ്രചാരണ ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കേരള സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയാണ് മുഹ്‌സിൻ ജെ.എൻ.യുവിൽ എത്തുന്നത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ മുഹ്‌സിൻ സർവകലാശാല സോഷ്യൽ വർക്‌സ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്. അട്ടപ്പാടിയിലെ ആദിവാസിപ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസംഘം നിയോഗിച്ച സംഘത്തിലും അംഗമായിരുന്നു.

സാംസ്‌കാരിക യുവകലാസാഹിതിയുടെ പ്രവർത്തകനായിട്ടാണ് മുഹ്‌സിൻ രാഷ്ട്രീയസാംസ്‌കാരിക രംഗത്തേക്ക് വരുന്നത്. നാടകാഭിനയവും ലൈബ്രറി പ്രവർത്തനങ്ങളുമൊക്കെയായി പട്ടാമ്പിയിൽ സജീവമായിരുന്നു. ജെ.എൻ.യുവിൽ അഡൾട്ട് എജ്യുക്കേഷൻ പോളിസി എന്ന വിഷയത്തിൽ ഗവേഷണം അവസാന ഘട്ടത്തിലത്തെി നിൽക്കുമ്പോഴാണ് സിപിഐ മുഹ്‌സിന് പുതിയ ദൗത്യം നൽകുന്നത്. കന്നി വിജയത്തോടെ കേരള നിയമസഭയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ ആയേക്കും മുഹ്‌സിൻ.