- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിന്റെ കോട്ടകാത്ത അമരീന്ദർ പുറത്തേക്ക്; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും അകത്തേക്ക്; ഇരുവരുടേയും കോൺഗ്രസ് പ്രവേശനം ഈ മാസം 28 നെന്ന് സൂചന; പിന്നിൽ പ്രശാന്ത് കിഷോർ; യുവാക്കളെ ലക്ഷ്യമിട്ട് നീക്കം
ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ മഹാമേരുവായി നിലകൊണ്ട അമരീന്ദർ സിങ് കടപുഴകി വീഴുമ്പോൾ മറുവശത്ത് യുവനേതാക്കളായ കനയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും പാർട്ടിയിലേക്ക് വരവേൽക്കാനൊരുങ്ങി ദേശീയ നേതൃത്വം. ഇരുവരും സെപ്റ്റംബർ 28ന് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്.
സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും പാർട്ടിയിൽ അംഗത്വമെടുക്കും.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്ന് വിവരം. സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു.
ഇരുവരുടെയും കോൺഗ്രസ് പ്രവേശനം സെപ്റ്റംബർ 28ന് ഉണ്ടായേക്കുമെന്നാണ് വിവരം. കനയ്യയെയും മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടാണ്. ബിഹാറിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കനയ്യ കുമാറിനെ കൊണ്ടുവരണമെന്നത് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പദ്ധതിയാണ്.
കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 2019 തെരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്.
നിലവിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാർ. ജിഗ്നേഷ് മേവാനി ഗുജറാത്തിൽ എംഎൽഎയാണ്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ കനയ്യയെ കണ്ടിരുന്നു. കനയ്യ പാർട്ടി വിടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ കനയ്യയെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.
തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസ് യുവ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ നീക്കമാരംഭിച്ചത്. ദേശീയ തലത്തിൽ ജനപ്രിയനേതാക്കളുടെ അഭാവം കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാണ് യുവനേതാക്കളെ പാർട്ടിയിലെത്തിക്കാൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നീക്കമാരംഭിച്ചത്.
ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുകളിലൂടെയാണ് ദേശീയ ശ്രദ്ധയാകർഷിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെഗുസറായി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനി മികച്ച ജനപിന്തുണയുള്ള യുവമുഖമാണ്. രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എന്ന സംഘടനയുടെ കീഴിൽ ദലിത് പ്രശ്നങ്ങളിൽ ഇടപെട്ടാണ് മേവാനി ശ്രദ്ധേയനായത്. നിലവിൽ വഡ്ഗാം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.
ന്യൂസ് ഡെസ്ക്