- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച, ഭഗത് സിംങിന്റെ ജന്മദിനത്തിൽ അനുയായികൾക്കൊപ്പം പാർട്ടി പ്രവേശനം; ഇരുവർക്കും നിർണായക സ്ഥാനങ്ങൾ നൽകിയേക്കും
ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യകുമാറും, രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എംഎൽഎ ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. ഭഗത് സിങ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ കഴിഞ്ഞ ചർച്ച നടത്തിയിരുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്ന വാർത്തകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ പിന്നീട് നടന്ന ചർച്ചയിൽ ഇത് നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഭഗത്സിംഗിന്റെ ജന്മവാർഷികമാണ്. അതേസമയം കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവിൽ ബിജെപിക്കെതിരെ പടയൊരുക്കം നടത്തുന്നതിനായി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് കനയ്യകുമാറിനെയും, ജിഗ്‌നേഷ് മേവാനിയെയും പാർട്ടിയിലേക്ക് സ്വീകരിക്കുന്നത്. ഇരുവർക്കും പാർട്ടി നിർണായക സ്ഥാനങ്ങൾ നൽകുമെന്നും സൂചനയുണ്ട്. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 2019 തെരഞ്ഞെടുപ്പിൽ ഒരുകാലത്ത് സിപിഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ബിജെപി സ്ഥാനാർത്ഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്.
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് കൂടിയായ കനയ്യ കുമാർ കോൺഗ്രസിൽ ചേരുന്നെന്ന പ്രചാരണം അസംബന്ധമെന്നാണ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദർശിച്ചിരുന്നു.
കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ, കനയ്യകുമാറിനെ അനുനയിപ്പിക്കാൻ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ തന്നെ രംഗത്തെത്തിയിരുന്നു. ബിഹാർ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിർദ്ദേശങ്ങളൊന്നും രാജ മുൻപോട്ട് വച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാർട്ടിയിൽ കനയ്യയെ പിടിച്ചുനിർത്തണമെന്ന ആവശ്യം ബിഹാർ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല.
ബിഹാറിൽ സംസ്ഥാന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ദേശീയ നിർവാഹക സമിതിയിൽ പരസ്യമായി ശാസിച്ചതോടെയാണ് കനയ്യ കുമാറിന് നേതൃത്വവുമായുള്ള അകൽച്ച വർധിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായും കനയ്യ സ്വരച്ചേർച്ചയില്ലായ്മയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിൽ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിച്ചത്.
ബീഹാറിൽ ആർജെഡിയും കോൺഗ്രസും സിപിഐയും സഖ്യകക്ഷികളായാണ് കഴിഞ്ഞതവണ മൽസരിച്ചത്. കനയ്യയ്ക്ക് സീറ്റ് നൽകരുതെന്ന് തേജസ്വി യാദവ് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സ്വതന്ത്രനായാണ് കനയ്യ മൽസരിച്ചത്. യുവാക്കൾക്കിടയിൽ സ്വാധീനമുള്ള കനയ്യയ്ക്ക് അവസരങ്ങൾ ലഭിച്ചാൽ തന്റെ ജനകീയത മങ്ങുമെന്ന് തേജസ്വി ഭയപ്പെടുന്നു.
ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ ഹിന്ദി ബെൽറ്റിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അദ്ദേഹം പ്രതിച്ഛായയും യുവാക്കളിൽ ആവേശം ജനിപ്പിക്കുന്ന പ്രസംഗങ്ങളും കോൺഗ്രസിന് മുതൽക്കൂട്ടായേക്കും. കനയ്യ കോൺഗ്രസിൽ ചേർന്നാൽ ഡൽഹിയിലെ ചുമതലകൾ നൽകിയേക്കും. രാജ്യസഭാ അംഗത്വം ലഭിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം തന്നെ കനയ്യകുമാറും, ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം ഇരുവരും നിഷേധിക്കുകയായിരുന്നു. ഇതിനിടെ കനയ്യകുമാർ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ഈ സൂചനകൾക്ക് ബലമേകി.എന്നാൽ കോൺഗ്രസിൽ ചേരാനില്ലെന്നായിരുന്നു കനയ്യയുടെ പ്രതികരണം.
പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്.
ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസ് പ്രവേശനത്തിനൊരുങ്ങുന്നതോടെ അതിനിർണ്ണായക രാഷ്ട്രീയനീക്കങ്ങളാണ് ദേശീയതലത്തിൽ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയങ്ങൾക്കെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു മേവാനി പറഞ്ഞത്. ഇതേ തുടർന്ന് മേവാനി മത്സരിച്ച മണ്ഡലത്തിൽ നിന്നും തങ്ങളുടെ സ്ഥാനാർത്ഥികളെ കോൺഗ്രസും ആംആദ്മിയും പിൻവലിക്കുകയായിരുന്നു. ദലിത് രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ജിഗ്‌നേഷ് നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു.
ഹൈക്കമാൻഡ് രാഷ്ട്രീയ ഉപദേഷ്ടാവ് പ്രശാന്ത് കിഷേറിന്റെ നീക്കമാണ് ഇതിന് പിന്നിലുമെന്നാണ് സൂചന. അതേസമയം, സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്നും കോൺഗ്രസിന് ആശങ്കയുണ്ട്. ബിഹാറിലെ സിപിഐ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നത് മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക്