- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ ജീവിതം കനയ്യയെ ദേശീയ നേതാവാക്കി; അഗ്നി പടർത്തുന്ന വാക്കുകളുമായി കാമ്പസിനകത്ത്; ആരവത്തോടെ കെട്ടിപ്പിച്ചിടിച്ച് വിദ്യാർത്ഥികൾ; ബിഹാറിലെ ഗ്രാമീണ വിദ്യാർത്ഥി ഉയരുന്നത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായി
ന്യൂഡൽഹി: സംഘപരിവാറിന്റെ നുണക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ജയിൽ മോചിതനായി എത്തി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് കാമ്പസിൽ ഉജ്ജ്വല സ്വീകരണം. മൂന്നാഴ്‌ച്ച നീണ്ട ജയിൽ ജീവിതത്തിന ശേഷം വർദ്ധിത വീര്യത്തോടെ പുറത്തിറങ്ങിയ കനയ്യയുടെ വാക്കുകൾ രാജ്യത്താകെ അഗ്നി പടർത്തുന്ന വിധത്തിലായിരുന്നു. രാജ്യത്തിൽ നിന്നും സ്വാതന്
ന്യൂഡൽഹി: സംഘപരിവാറിന്റെ നുണക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ജയിൽ മോചിതനായി എത്തി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് കാമ്പസിൽ ഉജ്ജ്വല സ്വീകരണം. മൂന്നാഴ്‌ച്ച നീണ്ട ജയിൽ ജീവിതത്തിന ശേഷം വർദ്ധിത വീര്യത്തോടെ പുറത്തിറങ്ങിയ കനയ്യയുടെ വാക്കുകൾ രാജ്യത്താകെ അഗ്നി പടർത്തുന്ന വിധത്തിലായിരുന്നു. രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യമല്ല വേണ്ടതെന്ന് പറഞ്ഞ കനയ്യ രാജ്യത്തിന് അകത്ത് സ്വാതന്ത്ര്യമാണ് വേണ്ടെന്ന് പറഞ്ഞു തുടങ്ങി കത്തിക്കയറുകയിരുന്നു. രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥി തികഞ്ഞ ദേശീയ നേതാവായി മാറുന്ന കാഴ്‌ച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കാമ്പസിൽ എത്തിയ കനയ്യയ്ക്ക് വേണ്ടി വീരോചിതമായ സ്വീകരണവും വിദ്യാർത്ഥികൾ ഒരുക്കി.
കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കനയ്യ മോചിതനായത്. എട്ടു മണിയോടെ ക്യാംപസിലെത്തി. മുദ്രാവാക്യങ്ങൾ മുഴക്കിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിദ്യാർത്ഥികൾ കനയ്യയുടെ വരവ് ആഘോഷിച്ചു. മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കാനായി രഹസ്യ വഴിയിലൂടെയാണ് കനയ്യയെ ജയിലിൽ നിന്നു പുറത്തിറക്കിയത്. കനയ്യയുടെ മോചനം കാത്ത് ഇന്നലെ രാവിലെ മുതൽ തിഹാർ ജയിലിനു മുന്നിൽ മാദ്ധ്യമ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ച ബോണ്ടുകൾ കെട്ടിവച്ച് അഭിഭാഷകർ വൈകിട്ടോടെ ജാമ്യ ഉത്തരവ് കൈപ്പറ്റി. സർവകലാശാലയിലെ പ്രഫ.എസ്.എൻ.മലകാർ ആണ് കനയ്യയ്ക്കു വേണ്ടി ജാമ്യം നിന്നത്. ജാമ്യ ഉത്തരവുമായി അഭിഭാഷകർ ജയിലിലെത്തിയ ഉടൻ മോചനത്തിനുള്ള നടപടികൾ തുടങ്ങി.
ഇതിനിടെ, കനയ്യ പുറത്തുവരുമ്പോൾ സംഘർഷത്തിനു സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വൈകിട്ടോടെ തിഹാർ ജയിലിനു ചുറ്റും പൊലീസ് കമാൻഡോകളെ നിയോഗിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് ജയിൽ ജീവനക്കാരുടെ റസിഡൻഷ്യൽ കോളനി വഴിയാണു കനയ്യയെ പുറത്തിറക്കിയത്. ഗേറ്റിനു പുറത്ത് സർവകലാശാലയിലെ അദ്ധ്യാപകരും ചില വിദ്യാർത്ഥികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കനയ്യയുടെ സഹോദരൻ മണികാന്തും അമ്മാവനും കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന്, മൂന്നു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹരി നഗർ പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നു ജെഎൻയുവിലേക്കും കൊണ്ടുപോയി.
കനയ്യ കുമാറിനെതിരെ ഇന്നലെ രാവിലെ ജെഎൻയു ക്യാംപസിന്റെ പ്രധാന പ്രവേശന കവാടത്തിനു പുറത്ത് ഒരു സംഘം പ്രതിഷേധിച്ചിരുന്നു. കനയ്യയെ ഹാജരാക്കിയപ്പോൾ പട്യാല ഹൗസ് കോടതി വളപ്പിലുണ്ടായതിനു സമാനമായ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യ വിവരവും പൊലീസിനു ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ക്യാംപസിലും പരിസരത്തും വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. തുടർന്ന് ആയിരങ്ങൾ സ്വീകരണത്തിൽ കനയ്യ നടത്തി പ്രസംഗം നരേന്ദ്ര മോദി സർക്കാറിനും ആർഎസ്എസിനും എതിരായിരുന്നു.
രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കനയ്യ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ ഉപകരണമാക്കിയെന്നു കനയ്യ കുമാർ പറഞ്ഞു. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന വിദ്യാർത്ഥി സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായി അറിയിച്ചു കൊണ്ടാണ് കനയ്യ തുടങ്ങിയത്.
പാർലമെന്റിലിരുന്നു ശരിയും തെറ്റും നിർണയിച്ച രാഷ്ട്രീയക്കാർക്കും അവരുടെ പൊലീസിനും അവരുടെ മാദ്ധ്യമങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നുവെന്നും കളിയാക്കൽ രൂപത്തിൽ കനയ്യ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എ.ബി.വി.പിയെ ശത്രുക്കളായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങൾ അവരെ കാണുന്നത്. ജെ.എൻ.യുവിലെ എ.ബി..വി.പി പ്രവർത്തകർ പുറത്തുള്ള എ.ബി.വി.പി പ്രവർത്തകരേക്കാൾ യുക്തി ഉള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് എതിർപ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ് അതിനോട് എനിക്ക് യോജിപ്പാണുള്ളത്.
ഇപ്പോൾ തനിക്കെതിരെ നടക്കുന്നത് വളരെ ആസൂത്രിതമായ ആക്രമണമാണ്. രോഹിത് വെമുല വിഷയത്തിൽ നിന്നും യുജിസി പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ളതാണ്. അതിർത്തിയിൽ മരിച്ചു വീഴുന്ന ജവാന്മാരെ കുറിച്ച് മാത്രമാണ് ഒരു ബിജെപി എംപി പാർലമെന്റിൽ സംസാരിച്ചത്. ഇവിടെ മരിച്ചു വീഴുന്ന കർഷകരെ കുറിച്ചു സംസാരിക്കുന്നില്ല. ജവാന്മാരും കർഷകരും സംരക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. സർക്കാരിനെതിരെ സംസാരിച്ചാൽ ഉടൻ തന്നെ അവരുടെ സൈബർസെൽ നിങ്ങൾക്കെതിരായ വ്യാജ വീഡിയോകൾ പുറത്തുവിടും. നിങ്ങളുടെ ക്യാമ്പസ് ഹോസ്റ്റലിലെ കോണ്ടങ്ങളുടെ എണ്ണമെടുക്കുമെന്നും കന്നയ്യ പറഞ്ഞു.
ജെ.എൻ.യുവിന് വേണ്ടി സംസാരിക്കുന്നവരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്ത് ദേശീയതയാണ്. രാജ്യത്തെ 69 ശതമാനം വരുന്ന ജനങ്ങൾ ബിജെപിയുടെ ആശയങ്ങൾക്കെതിരെ വോട്ടു ചെയ്തവരാണ്. ജെ.എൻ.യുവിൽ പ്രവേശനം കിട്ടുക എളുപ്പമല്ല. അതു പോലെ ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല. ഇന്ത്യയിൽ നിന്നുള്ള സ്വതന്ത്ര്യമല്ല ആവശ്യപ്പെട്ടത്. രാജ്യത്തിനകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. സംഘികളിൽ നിന്നാണ് സ്വതന്ത്ര്യം വേണ്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിർത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്.
മോദി മൻകീ ബാത്ത് പറയുന്നു പക്ഷെ അദ്ദേഹം കേൾക്കാൻ തയ്യാറാവുന്നില്ല. മോദി ക്രൂഷ്‌ചേവിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഹിറ്റ്‌ലറെ കുറിച്ച് കൂടി സംസാരിക്കണമെന്നാണ്. യെച്ചൂരിയെയും രാഹുൽ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹത്തിന് ജയിലിലിട്ടു. 'രാജ്യദ്രോഹം' രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഈ സർക്കാരിനെ മൂന്ന് വർഷം കൂടെ നമ്മൾ സഹിക്കേണ്ടതുണ്ട്. നിങ്ങൾ രോഹിത് വെമുലയെ കൊന്നു ഇപ്പോൾ അദ്ദേഹത്തിന് വേണ്ടിയുള്ള സമരം വലുതായിരിക്കുകയാണ്. ജെ.എൻ.യുവിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങൾ സത്യത്തെയാണ് പിന്തുണയിക്കുന്നത്.
സൂര്യനെ നിങ്ങൾക്ക് ഒരിക്കലും ചന്ദ്രനെന്ന് വിളിക്കാൻ കഴിയില്ല അതു പോലെ സത്യത്തെ കളവാക്കാൻ കഴിയില്ല. വ്യാജ ട്വീറ്റുകളിൽ നിന്നും സ്വാതന്ത്യം വേണമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിനെ പറ്റി ചോദിച്ചപ്പോൾ വീണ്ടും മുദ്രാവാക്യം വിളിക്കുമെന്ന് പറഞ്ഞു. പൊലീസുകാർ തന്നോട് ചോദിച്ചത് ലാൽ സലാം എന്താണന്നാണ്. വ്യാജ ട്വിറ്റുകൾ ചെയ്യുന്നവരിൽ നിന്ന് സ്വാതന്ത്യം വേണമെന്ന് താൻ പൊലീസിനോട് പറഞ്ഞു. തങ്ങൾക്കും അത് തന്നെയാണ് വേണ്ടതെന്നാണ് പൊലീസ് പ്രതികരിച്ചത്. ഇതൊരു നീണ്ട യുദ്ദമാണ്. ക്യാംപസിനകത്തും പുറത്തും ഇത് മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്.- കനയ്യ പറഞ്ഞു.
കനയ്യയുടെ പ്രസംഗത്തിന് ശേഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു വേദി. ആരിലും ആവേശം ജനിപ്പിക്കുന്ന വിധത്തിൽ 'ആസാദി' മുദ്രാവാക്യങ്ങളാൽ കാമ്പസ് മുഖരിതമായി. അതേസമയം ആവേശം വിതറുന്ന കനയ്യയുടെ പ്രസംഗത്തെ കോടതിഅലക്ഷ്യമായി ചിത്രീകരിക്കുമോ എന്ന ആശങ്കയും ശക്തമാണ്. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച പ്രസംഗമായിരുന്നു കനയ്യയുടേത്. കനയ്യയുടെ പ്രസംഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹങ്ങൾ തന്നെയായിരുന്നു. കനയ്യയുടെ പ്രസംഗം അത്യുജ്ജ്വലമായിരുന്നു എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്.
What a brilliant speech by Kanhaiya...
- Arvind Kejriwal (@ArvindKejriwal) March 3, 2016
23 ദിവസത്തെ തടവിനുശേഷമാണ് കന്നയ്യകുമാർ ഇന്നലെ ജയിൽ മോചിതനായത്. ഡൽഹി ഹൈക്കോടതി കന്നയ്യകുമാറിന് ആറു മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരുന്നത്. രാജ്യദ്രോഹ കുറ്റത്തിന് ജെഎൻയു ക്യാമ്പസിൽ കയറിയാണ് പൊലീസ് കന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് ശേഷം പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ പൊലീസ് നോക്കിനിൽക്കെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ മർദ്ദിച്ചിരുന്നു.
തുടർന്ന് കനയ്യ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിർദ്ദേശം.അതേസമയം സമാന സംഭവത്തിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനിബർ ഭട്ടാചാര്യ എന്നിവർക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.