ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച കസ്റ്റഡിയിലെടുത്ത ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിന് ക്രൂര മർദ്ദനമെന്ന് റിപ്പോർട്ട്. കസ്റ്റഡിയിലുള്ള കനയ്യയെ മൂന്ന് മണിക്കൂർ മർദിച്ചെന്ന് ബിജെപി അനുഭാവമുള്ള അഭിഭാഷകൻ വിക്രംസിങ് ചൗഹാന്റൈ വെളിപ്പെടുത്തൽ. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പട്യാല ഹൈക്കോടതിയിൽ അഭിഭാഷകർക്കും വിദ്യാർത്ഥികൾക്കും നേരെ നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാൻ.

പൊലീസ് കസ്റ്റഡിയിൽ വച്ച് കനയ്യയെ മർദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയിൽ പറയുന്നു. വീഡിയോയുടെ സാധുത സ്ഥീരീകരിച്ചിട്ടില്ല. ചൗഹാനെ കൂടാതെ യശ്പാൽ ശർമ്മ, ഓം ശർമ്മ എന്നീ അഭിഭാഷകരൂം വീഡിയോയിൽ ഉണ്ട്.

സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്:

വിക്രം ചൗഹാൻ : ഞങ്ങൾ അവനെ മൂന്ന് മണിക്കൂർ മർദിച്ചു
റിപ്പോർട്ടർ : നിങ്ങളോ?
ചൗഹാൻ : അതേ
റിപ്പോർട്ടർ : ആരെ? മാദ്ധ്യമപ്രവർത്തകരെയോ, കനയ്യയെയോ?
ചൗഹാൻ : കനയ്യയെ. ഞങ്ങൾ അവനെ അടിച്ചു ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു
റിപ്പോർട്ടർ : അവൻ വിളിച്ചോ?
ചൗഹാൻ : അതെ, അവൻ വിളിക്കുക മാത്രമല്ല അടിച്ചു മൂത്രമൊഴിപ്പിക്കുകയും ചെയ്തു.

കനയ്യയെ ഇനിയും മർദിക്കുമെന്നും ആവശ്യമെങ്കിൽ പെട്രോൾ ബോംബ് ഉപയോഗിക്കുമെന്നും പട്യാല കോടതിയിലുണ്ടായ സംഭവം ആവർത്തിക്കുമോ എന്ന ചോദ്യത്തിന് യശ്പാൽ സിങ് മറുപടി നൽകുന്നു. കൊലപാതക കുറ്റം ചുമത്തിയാൽപോലും തനിക്ക് ഭയമില്ല. എന്നാൽ കനയ്യയെ വെറുതെ വിടില്ലെന്നും യശ്പാൽ പറഞ്ഞു. തങ്ങൾക്ക് പൊലീസിന്റെ പിന്തുണയുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്നവർ ഈ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയെന്നും യശ്പാൽ പറഞ്ഞു.

ഇന്ത്യാടുഡേയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വിഷയം പാർലമെന്റിനും ഉന്നയിക്കപ്പെട്ടു. കോടതിയും ഈ വിഷയത്തിൽ ഇടപെടാൻ സാധ്യതയുണ്ട്. കനയ്യയോട് ഡൽഹി പൊലീസ് ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ തെളിവാണ് ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നത്. അതിനിടെ കന്നയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തതോടെയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത് നീട്ടിയത്.