- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവക കത്തുകൊടുക്കാത്തതിൽ തുടങ്ങിയ വൈരാഗ്യം; പള്ളി വികാരിയെ കൈകാര്യം ചെയ്യാനെത്തിയപ്പോൾ ജോൺസൺ ഓടിച്ചുവിട്ടു; പോൾസണിനെ കണിച്ചുകുളങ്ങര മോഡലിൽ എത്തിച്ച പകയുടെ കഥ ഇങ്ങനെ; അനാഥമായത് സുബിന്റെ കുടുംബം
ആലപ്പുഴ : കൂടെയുണ്ടായിരുന്ന ജോൺസണോടുള്ള വ്യക്തിവിരോധം ഇരട്ടക്കൊലപാതകത്തിനു വഴിമാറിയപ്പോൾ ഒന്നുമറിയാത്ത സുബിന്റെയും ജീവൻ നഷ്ടപ്പെട്ടു, അനാഥമായത് സുബിന്റെ കുടുംബവും. ഈ അവസ്ഥയുണ്ടാകാൻ തന്റെ മകൻ എന്തു കുറ്റം ചെയ്തുവെന്നു സുബിന്റെ രോഗിണിയായ അമ്മ ചോദിക്കുന്നു. കണിച്ചുകുളങ്ങര മോഡൽ ഇരട്ടക്കൊലപാതകത്തിൽ ദാരുണമായി കൊല്ലപ്പെട്ട സുബി
ആലപ്പുഴ : കൂടെയുണ്ടായിരുന്ന ജോൺസണോടുള്ള വ്യക്തിവിരോധം ഇരട്ടക്കൊലപാതകത്തിനു വഴിമാറിയപ്പോൾ ഒന്നുമറിയാത്ത സുബിന്റെയും ജീവൻ നഷ്ടപ്പെട്ടു, അനാഥമായത് സുബിന്റെ കുടുംബവും. ഈ അവസ്ഥയുണ്ടാകാൻ തന്റെ മകൻ എന്തു കുറ്റം ചെയ്തുവെന്നു സുബിന്റെ രോഗിണിയായ അമ്മ ചോദിക്കുന്നു.
കണിച്ചുകുളങ്ങര മോഡൽ ഇരട്ടക്കൊലപാതകത്തിൽ ദാരുണമായി കൊല്ലപ്പെട്ട സുബിൻ സംഭവവുമായി പുലബന്ധം പോലുമില്ലാത്ത പാവപ്പെട്ടവനാണ്. തൊഴിലില്ലാതെ വീട്ടിലിരുന്ന സുഹൃത്തിനു ജോലി വാങ്ങിക്കൊടുത്തുവെന്ന ഒറ്റക്കാര്യം മാത്രമാണ് സുബിൻ ചെയ്തത്. സുബിന്റെ വേർപാടോടെ അനാഥമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ ഇന്ന് ആരും തന്നെയില്ല. രോഗിയായ മാതാവ്, അവിവാഹിതയായ സഹോദരി, ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സുബിൻ. സുബിന്റെ മരണത്തോടെ നിത്യവൃത്തിക്കു മാർഗമില്ലാതെ വിഷമിക്കുകയാണ് കുടുംബം.ഈ കുടുംബത്തിന്റെ ദുരിതം കാണാൻ അധികാരികൾ കണ്ണ് തുറക്കുന്നില്ല.
ചേർത്തല തീരദേശ റോഡിൽ ഒറ്റമശ്ശേരിയിൽ കഴിഞ്ഞ 13ന് വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡ് കളത്തിൽ പാപ്പച്ചന്റെ മകൻ സുബിൻ (27), 17-ാം വാർഡ് കൂട്ടുങ്കൽ തയ്യിൽ യോഹന്നാന്റെ മകൻ ജോൺസൺ (40) എന്നിവരാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. സാധാരണ അപകടമായിരുന്നുവെന്നാണ് പൊലീസ് ഇതിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ പിറ്റേദിവസമാണ് അപകടം ആസൂത്രിതമാണെന്ന് മനസിലായത്. അപകടത്തിനുശേഷം നിർത്താതെ പോയ ലോറിയിൽ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ പോൾസണിനെ നാട്ടുകാർ കണ്ടിരുന്നു. ഇയ്യാളുടെ സാന്നിദ്ധ്യമാണ് അപകടത്തിൽ സംശയം ജനിപ്പിച്ചത്.
പിന്നീട് നടന്ന അന്വേഷണത്തിലാണ് ജോൺസണുമായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്. പോൾസണിന്റെ സഹോദരൻ ടാനീഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പള്ളിവികാരി ഇടവക കത്ത് നൽകാതിരുന്നതാണ് പ്രശ്‌നത്തിന് തുടക്കമായത്. നിലവിൽ പോൾസണിന്റെയും കുടുംബത്തിന്റെയും പശ്ചാത്തലം അറിയാവുന്ന പള്ളി വികാരി ബോധപൂർവ്വമാണ് വിവാഹത്തിനായി പള്ളിയിൽനിന്നും കത്ത് നൽകാതിരുന്നത്. വികാരിയോടുള്ള പക മനസിൽ കൊണ്ടുന്ന പോൾസൺ പിന്നീട് അയൽവാസിയായ ജോൺസണിന്റെ വീട്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ പള്ളി വികാരി വന്നതറിഞ്ഞ് അവിടെയെത്തി.
വികാരി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്താൻ എത്തിയ പോൾസണിനെയും കൂട്ടരെയും നാട്ടുകാരും ജോൺസണും ചേർന്ന് ഓടിച്ചുവിട്ടിരുന്നു. ഇതോടെയാണ് ജോൺസണും കൊലയാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. പിന്നീട് പല തവണ ജോൺസണെ കൊല്ലാൻ കൊലയാളി സംഘം ശ്രമിച്ചിരുന്നു. എന്നാൽ തന്നെ കൊല്ലാൻ നടക്കുന്ന ഗുണ്ടകളിൽനിന്നും രക്ഷപ്രാപിക്കാൻ ജോൺസൺ വീട്ടിൽതന്നെ കഴിയുകയായിരുന്നു. കൂലിവേലക്കാരനായ ജോൺസൺ ആഴ്ചകളോളം വീട്ടിലിരുന്നപ്പോൾ കുടുംബം പട്ടിണിയിലായി. കുടുംബത്തിന്റെ വിശപ്പ് അടക്കാൻ പണി ആവശ്യപ്പെട്ടാണ് ജോൺസൺ സുബിനെ സമീപിച്ചത്. സുഹൃത്തിന്റെ ദയനീയസ്ഥിതി മനസിലാക്കിയ സുബിൻ പിറ്റേദിവസം തന്നോടൊപ്പം പണിക്കു വരാൻ പറഞ്ഞ് മടക്കി അയച്ചു. സുബിൻ നൽകിയ ഉറപ്പിൽ പിറ്റേദിവസം പണിക്കിറങ്ങിയതാണ് ജോൺസൺ. പണി കഴിഞ്ഞു വൈകുന്നേരം മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്.
മൽസ്യത്തൊഴിലാളികളായ ഇവർ കടലിൽ പണി മോശമായപ്പോഴാണ് മരാമത്ത് പണിക്കായി പട്ടണത്തിലെത്തിയത്. പുലർച്ചെ പണിക്കിറങ്ങിയ ജോൺസണെ ക്വട്ടേഷൻ സംഘം വൈകുന്നേരം വരെ നിരീക്ഷിച്ചിരുന്നു. ഈ വിവരം അറിയാതെയാണ് നിരപരാധിയായ സുബിനും ജോൺസണോടൊപ്പം യാത്രചെയ്തിരുന്നത്. പെട്ടെന്നാണ് അപകടം നടന്നതും. ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ഇടിച്ചിട്ട വാഹനമോടിച്ച ഡ്രൈവർ ഷിബു ഉൾപ്പെടെ മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. അപകടമുണ്ടായ ഉടനേ ഓടി രക്ഷപ്പെട്ട ഷിബുവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
പോൾസൺ കാപ്പനിയമപ്രകാരം ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയയാളാണ്. ഇവരെ പിടികൂടാൻ പൊലീസ് സോഷ്യൽ മീഡിയയുൾപ്പെടെ സഹായം തേടിയിട്ടുണ്ട്.
പോൾസണും ടാനിഷും പിടിയിൽ
അതിനിടെ ഒറ്റമശ്ശേരി കൊലപാതകത്തിൽ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ പിടിയിൽ. കൊലപാതകം ആസൂത്രണം ചെയ്ത പോൾസൺ സഹോദരൻ ടാനിഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആദ്യം സാധാരണ അപകടമാണെന്നാണ് നാട്ടുകാരും പൊലീസും കരുതിയത്. അന്നു രാത്രിതന്നെ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ലോറി ഓടിച്ചിരുന്ന തുമ്പിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയാണുണ്ടായത്.
ലോറിയോടിച്ചിരുന്ന ഷിബുവും മറ്റു നാലുപേരും സമീപത്തെ കള്ളുഷാപ്പിലാണ് ആദ്യം സംഗമിച്ചത്. ഇവിടെ ഏറെനേരം സംഘം ഉണ്ടായിരുന്നതായാണ് പൊലീസിനു വിവരം ലഭിച്ചിട്ടിട്ടുണ്ട്. ഇതിനുശേഷം ഇവർ തൈക്കലിൽതന്നെ കറങ്ങുകയായിരുന്നു. വെള്ളിയാഴ്ച പ്രദേശത്തെ പല ഭാഗങ്ങളിലും ലോറി പാർക്ക് ചെയ്തത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജോൺസന്റെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രാവിലെ എത്തിയ സംഘത്തിന് അവസരം ലഭിച്ചത് വൈകിട്ടാണ്. അവർ ലോറിയുമായി പിന്നാലെയെത്തി ബൈക്കിൽ ഇടിച്ചശേഷം വിട്ടുപോവുകയായിരുന്നു. ലോറിയും ഡ്രൈവർ ഷിബുവും പിടിയിലാകുന്നതിനു മുമ്പുതന്നെ മറ്റു നാലുപേർ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ചാലക്കുടിയിലെ ബിയർ നിർമ്മാണ കമ്പനിയിലെ മാലിന്യങ്ങൾ ലോറിയിലെത്തിച്ച് പല ഭാഗങ്ങളിൽ കളയുന്നതാണ് ഷിബുവിന്റെ ജോലി. സംഘത്തിലെ അംഗങ്ങൾ പല കേസുകളിലും പ്രതികളാണ്. ഇവർ നാളുകളായി പരിചയക്കാരാണെന്നാണ് പൊലീസിന്റെ നിഗമനം.