ആലപ്പുഴ : സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി ശ്രീനാരായണ ധർമ്മ വേദി ജനറൽ സെക്രട്ടറി ബിജു രമേശ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിനു തൊട്ടുപിന്നാലെ വെള്ളാപ്പള്ളിക്ക് നേരത്തെയും ചില കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി കണിച്ചുകുളങ്ങര ക്ഷേത്ര സംരക്ഷണ ജനാധിപത്യസമിതിയും രംഗത്തെത്തി.

ഇതോടെ വെള്ളാപ്പള്ളിയുടെ തട്ടകത്തിൽത്തന്നെ പട രൂപപ്പെട്ടതായാണ് സൂചന. നാലു കൊലപാതകങ്ങളുമായി വെള്ളാപ്പള്ളിക്കു നേരിട്ടു ബന്ധമുണ്ടെന്നാണ് സമിതി പറയുന്നത്. ഇതിൽ ഒരു കേസിൽ വെള്ളാപ്പള്ളി രണ്ടാം പ്രതിയായി ആലപ്പുഴ കോടതിയിൽ കേസും നടക്കുന്നുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രഭരണസമിതി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട് കാലങ്ങളായി നടന്നുവന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

കണിച്ചുകുളങ്ങരയിലെ പ്രമുഖ കുടുംബങ്ങളായ ചാരങ്കാടും വെള്ളാപ്പള്ളിയും ക്ഷേത്രഭരണം കൈപ്പിടിയിലൊതുക്കാൻ കാലങ്ങളായി ശ്രമിച്ചുക്കൊണ്ടിരുന്നു. ആദ്യഘട്ടത്തിൽ ചാരങ്കാട്ടുക്കാരുടെ അധീനതയിലായിരുന്ന ക്ഷേത്രം പിടിച്ചെടുക്കാൻ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് നാലു കൊലപാതകങ്ങളും നടന്നതത്രേ. ഉൽസവനാളുകളാണ് കൊലപാതകങ്ങൾക്കായി വെള്ളാപ്പള്ളി തെരഞ്ഞെടുത്തിരുന്നതെന്ന് സമിതി പറയുന്നു.

ഉൽസവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ അരങ്ങേറിയ വേലപ്പടയണിക്കിടയിലാണ് ചേർത്തല ചേന്നവേലി സ്വദേശിയും അരയവിഭാഗത്തിൽപ്പെട്ട ആളുമായ രാജൻ കൊലചെയ്യപ്പെട്ടത്. പടയണി നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. രാജനെ കുത്തിവീഴ്‌ത്തിയവരെ കുറിച്ച് ഇതുവരെയും യാതൊരു തെളിവും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ സാക്ഷി പറയാൻപോലും ആളുണ്ടായില്ല. വെള്ളാപ്പള്ളിയുടെ സ്വാധീനവും ഗുണ്ടാശക്തിയും ഭയന്നാണ് ആളുകൾ ഇതിനു മുതിരാതിരുന്നതെന്ന് സമിതി ആരോപിക്കുന്നു.

മറ്റൊരു ഉൽസവനാളിലായിരുന്നു വെള്ളാപ്പള്ളിക്കെതിരെ ശബ്ദമുയർത്തിയ ഉദയഭാനു കൊലചെയ്യപ്പട്ടത്. മകരസംക്രമനാളിൽ ക്ഷേത്രത്തിൽ നടന്ന തേങ്ങയേറിനിടയിലാണ് ഉദയഭാനു എന്ന യുവാവ് കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ശ്യാമളൻ കൊലചെയ്തത് വെള്ളാപ്പള്ളിക്കുവേണ്ടിയായിരുന്നുവെന്നു വ്യക്തമാക്കിയിരുന്നു. ശ്യാമളൻ കണിച്ചുകുളങ്ങര സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. ഈ കേസിലാണ് വെള്ളാപ്പള്ളി രണ്ടാം പ്രതിയായത്.

1978 ൽ നടന്ന കൊലപാതകത്തിന്റെ തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നു കരുതിയിരുന്ന വെള്ളാപ്പള്ളിക്ക് ഇടിത്തീയായാണ് ബാബുവെന്ന ചെറുപ്പക്കാരൻ സാക്ഷിയായി രംഗത്തെത്തിയത്. കൊലപാതകവുമായി വെള്ളാപ്പള്ളിക്ക് നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ 1982 -ൽ ചേർത്തല എസ് എൻ കോളേജ് വിദ്യാർത്ഥിയായിരുന്ന ബാബുവിനെ ദുരൂഹസാഹചര്യത്തിൽ തിരുവിഴാ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിശദമായ പരിശോധനക്കിടയിൽ ബാബുവും കുത്തേറ്റു മരിച്ചതായി കണ്ടെത്തി. ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജയൻ വെള്ളാപ്പള്ളിയുടെ പാലക്കാട് ഷാപ്പിലെ മാനേജർ പോസ്റ്റിൽ ജോലിചെയ്യുകയാണ്. പിന്നീട് വെള്ളാപ്പള്ളിയുടെ വലംകൈയായി പ്രവർത്തിച്ചിരുന്ന മന്തൻകുട്ടൻ അതിദാരുണമായി കൊലചെയ്യപ്പെട്ടു. ഇതിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്നാണ് കണിച്ചുകുളങ്ങര ക്ഷേത്രസമിതിയുടെ ആരോപണം.

വെള്ളാപ്പള്ളിയുടെ മുഴുവൻ ഗുണ്ടാപ്രവർത്തനങ്ങൾക്കും മന്തൻ കുട്ടനായിരുന്നുവത്രേ ചുക്കാൻ പിടിച്ചിരുന്നത്. ജീവിച്ചിരുന്നാൽ അപകടമാകുമെന്നു കണ്ടാണ് മന്തൻ കുട്ടനെയും വകവരുത്തിയതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. ഏതായാലും സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണമുയർത്തിയ വിവാദങ്ങൾക്കുപിന്നാലെ പുതിയ ആരോപണങ്ങളും വിവാദം കാത്തു ചർച്ച ചെയ്യപ്പെടുകയാണ്.