കോഴിക്കോട്: തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കനികയ്ക്ക് കഴിഞ്ഞിട്ടില്ല.ആശുപത്രിയിൽ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങുന്ന കനികയെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഉഴലുകയാണ് ഉറ്റവരും സുഹൃത്തുക്കളും.തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റെജിലാലിന് ജീവൻ നഷ്ടമായത് എന്ന വസ്തുതയാണ് കനികയെ കൂടുതൽ തളർത്തുന്നത്.

ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് രജിലാലും നൊടിയിടയിൽ ഒഴുകിപ്പോവുകയായിരുന്നു.നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്.

കനികയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. റജിലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മലബാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു റെജിലാലും കനികയും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തിൽ മാർച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയിൽ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്.

കുടുംബത്തോടൊപ്പം വീണ്ടും ആ പ്രകൃതിസൗന്ദര്യം നുകരാനെത്തിയ യാത്രയ്‌ക്കൊടുവിലാണ് റെജിയുടെ ജീവൻ പുഴയുടെ കയങ്ങൾ കവർന്നത്.പ്രകൃതിരമണീയമായ ചവറംമൂഴി പറമ്പൽ ഭാഗത്ത് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇരുവരും യാത്രപുറപ്പെട്ടത്. കനികയുടെ അച്ഛൻ സുരേഷും ഒപ്പമുണ്ടായിരുന്നു.

ഇക്കോ ടൂറിസം മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും. ഇവിടെ പുഴയിൽ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചില നേരങ്ങളിൽ പുഴ മുറിച്ചുകടക്കാനാകുമെങ്കിലും പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനാൽതന്നെ 'ചതിയൻ പുഴ'യെന്നും നാട്ടുകാരിൽ ചിലർ ഈ പുഴയെ വിളിക്കാറുണ്ട്.

ഉരുളൻകല്ലുകളും ചുഴികളും നിറഞ്ഞ ഈ ഭാഗത്ത് കല്ലിൽ നിന്ന് വഴുതി ചുഴിയിൽപ്പെട്ട പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അപായസൂചന നൽകുന്ന ബോർഡുകളും മറ്റുമില്ലാത്തതിനാൽ പുഴ കാണാനെത്തുന്ന പലരും അപായമുണ്ടാകുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പുകൾ മുഖവിലയ്‌ക്കെടുക്കാത്തത് ഇവിടെ നേരത്തെതന്നെ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.

ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് റെജി. ഗൾഫിലുള്ള സഹോദരൻ രഥുലാൽ എത്തിയ ശേഷം സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.നാട്ടുകാർക്കേവർക്കും പ്രിയങ്കരനായിരുന്ന രജിലാലിന്റെ വേർപാടിൽ തരിച്ചുനിൽക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാവും മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കുക. മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കനികയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.