ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതി കേസിൽ കുറ്റവിമുക്തരായ ശേഷം ചെന്നൈയിൽ എത്തിയ കനിമൊഴിക്കും എ. രാജയ്ക്കും ഉജ്വല സ്വീകരണം. ഇരുവരെയും ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ സ്വീകരിച്ചു. നൂറുകണിക്കിനു ഡിഎംകെ പ്രവർത്തകരാണ് ചെന്നൈയിൽ ഇരുവരെയും സ്വീകരിക്കാൻ എത്തിയത്.

ചെന്നൈയിൽ എത്തിയ ഇരുവരും ഡിഎംകെ അധ്യക്ഷൻ എം. കരുണനിധിയുമായി കൂടിക്കാഴ്ച നടത്തി. ഗോപാലപുരത്തെ വസതിയിൽ എത്തിയാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ടുജി അഴിമതി കേസിൽ രാജ, കനിമൊഴി എന്നിവരടക്കമുള്ള മുഴുവൻ പ്രതികളെയും ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു.

അതേസമയം ചെന്നൈ ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരും. 79 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. 2016 ഉപതിരഞ്ഞെടുപ്പിനെക്കാൾ രണ്ട് ശതമാനം കൂടുതലാണിത്. അണ്ണാ ഡി എം കെ സ്ഥാനാർത്ഥി ഇ.മധുസൂദനൻ, ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേശ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി ടി വി ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മൽസരം.