കുവൈത്ത് സിറ്റി : പ്രവാസ ലോകത്ത് സേവന പ്രവർത്തനങ്ങൾ പുതുമയുള്ളതല്ല. മാതൃരാജ്യത്തിന്റെ സ്പന്ദനങ്ങൾ സസൂക്ഷമം വിലയിരുത്തുന്ന പ്രവാസികൾ പിറന്ന നാടിന്റെ വികസന പദ്ധതികളിൽ എന്നും സജീവ പങ്കാളികളാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു സേവന പ്രവർത്തനം തികച്ചും വേറിട്ട് നിൽക്കുന്നതും മാതൃകാപരവുമായി.

കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ കെ.ഐ.ജി യുടെ സാമൂഹിക സേവനവിഭാഗമായ കനിവ് , കുവൈത്തിലെ മലയാളി ഫുട്ബോൾ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും കൂട്ടായ്മയായ കെഫാക്കിന്റെ സഹകരണത്തോടെ ഉത്തരേന്ത്യയിൽ ഒരു സ്‌കൂൾ നിർമ്മാണ പദ്ധതിയിലെക്കായി സ്വരൂപിച്ചു നൽകിയത് 12 ലക്ഷം രൂപയാണ്.

വെള്ളിയാഴ്ചകളിലെ വൈകുന്നേരങ്ങളിൽ കെഫാക് മത്സരങ്ങൾ നടക്കുന്ന ഫുട്ബോൾ ഗ്രൗണ്ടിൽ കനിവ് വളണ്ടിയർമാർ ചായയും ചെറുവിഭവങ്ങളുമടങ്ങിയ തട്ട് കട നടത്തി ലഭിച്ച ലാഭവിഹിതമാണ് പദ്ധതിക്കായി കൈമാറിയത്. പലതുള്ളി പെരുവെള്ളം എന്ന പഴമൊഴിയെ അന്വർത്ഥമാക്കും വിധം മാതൃരാജ്യത്തെ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വിദ്യ പകർന്നുനൽകുന്ന സ്ഥാപനത്തിനായി ചെറുതെങ്കിലും തങ്ങളുടെയെല്ലാം വിഹിതമുണ്ടല്ലോ എന്ന ചാരിതര്ത്യത്ത്തിൽ ഫുട്ബോൾ കളിക്കാരുടേയും കാണികളുടെയും മനസ്സ് നിറഞ്ഞു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹുമൻ വെൽഫെയർ ഫൗണ്ടേഷന്റെ വിഷൻ 2026 മുഖേനയാണ് സ്‌കൂൾ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം മിശ്രിഫ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സെക്രെട്ടറി ടി.ആരിഫലിക്ക് കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ 12 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രെട്ടരി ഫിറോസ് ഹമീദ് , ട്രഷറർ എസ്.എ.പി ആസാദ് കനിവ് കൺവീനർ നൈസാം സി പി , കെഫാക് ജനറൽ സെക്രെട്ടരി മൻസൂർ കുന്നത്തേരി , ട്രഷറർ ഒ.കെ അബ്ദുറസാഖ്, വൈസ് പ്രസിഡണ്ട് ആഷിക് കാദിരി , കെഫാക് പ്രതിനിധികളായ ബേബി നൗഷാദ് , ഷബീർ കളത്തിങ്കൽ, ഷംസുദ്ദീൻ , കെ.സി റബീഷ് എന്നിവർ സംബന്ധിച്ചു.

ഈ കൂട്ടായ്മയിൽ കഴിഞ്ഞ പ്രവർത്തന വർഷത്തെ വിഹിതമായ് 9 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ഡൽഹി ശിഫ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകിയിരുന്നു.