മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റർ മിംസ് കോട്ടക്കൽ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് കനിവ് കാർഡിയാക് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതി മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി ആൻജിയോഗ്രാം പരിശോധനയ്ക്ക് 5000 രൂപയും, ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്ക് മിതമായ നിരക്കുമായിരിക്കും ഈടാക്കുക.

സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന പ്രദേശത്തെ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തിയ രേഖയുമായാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ആസ്റ്റർ മിംസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തുടർചികിത്സകൾ നടപ്പാക്കുക. ചടങ്ങിൽ ആസ്റ്റർ മിംസ് കോട്ടക്കൽ കാർഡിയോളജിസ്റ്റുമാരായ ഡോ. തഹ്‌സിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ്, ഡോ. ജെനു ജെയിംസ്, ഡോ. ഗിരീഷ്, കാർഡിയോ വാസ്‌കുലാർ സർജൻ ഡോ. ബിനോയ് ജേക്കബ്, ചീഫ് മെഡിക്കൽ സർവ്വീസസ് ഡോ. ഹരി, ഡെപ്യൂട്ടി സിഎം എസ്. ഡോ. സുമിത് എസ് മാലിക്, സീനിയർ മാനേജർ ഓപ്പറേഷൻസ് നൗഷാദ് എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് +91 9656530003.