- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
കാസർകോട് : കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇർഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്.
ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ഔഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആക്രമണത്തിൽ ഔഫിന്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിൽ നാല് പേർക്ക് നേരിട്ട് പങ്കെന്ന് വിവരം. ഔഫിന്റെ ഭാര്യയെ സമാധാനിപ്പിക്കാൻ ഇനിയും ബന്ധുക്കൾക്കും കൂട്ടുകാർക്കും ആയിട്ടില്ല.
ഗർഭിണിയായ ഭാര്യയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകർത്ത് അവർ കഠാര കുത്തിക്കയറ്റിയത്. പഴയകടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെയും നിത്യരോഗിയായ ആയിഷയുടെയും മകനാണ് ഔഫ്. ഉപ്പ ഉപേക്ഷിച്ചതോടെ നാടൻപണിയെടുത്ത് കുടുംബംപോറ്റിയ ചെറുപ്പക്കാരൻ നാട്ടിലെല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു. കുറച്ചുകാലം ഗൾഫിലും ജോലിനോക്കി, പള്ളി കമ്മിറ്റിയുടെ സഹായത്താൽ നിർമ്മിച്ച ചെറിയ വീട്ടിലായിരുന്നു താമസം.
ഷാഹിനയെ ജീവിതസഖിയാക്കിയിട്ട് ഏറെകാലമായില്ല. ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന്റെ ഇടപെടലിലൂടെ നിരവധി ലീഗുപ്രവർത്തകർ ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചതെന്ന് സിപിഎം പറയുന്നു. ഒന്നാം പ്രതി യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദ്. ഇയാൾക്കും പ്രവർത്തകരായ ഹസൻ, ഇസ്ഹാഖ് എന്നിവർക്കെതിരെയുമാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി വിനോദ്കുമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ഇർഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിലായി. വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിന്റെ വീട് സ്ഥിതിചെയ്യുന്ന പഴയകടപ്പുറവും സന്ദർശിച്ചു. വിരടലയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്ന് കരുതുന്ന കണ്ണടയും ചെരുപ്പും കമ്പിവടിയും കണ്ടെടുത്തു. ഔഫിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുഹൈബിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് മൊഴിയെടുത്തു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കൾചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊണ്ടുവന്നു. പഴയകടപ്പുറം ജുമാ മസ്ജിദിൽ പൊതുദർശനത്തിനുവച്ചശേഷം കബറടക്കി. വഴിനീളെ ആയിരങ്ങൾ പ്രിയ സഖാവിന് അന്ത്യാഞ്ജലിയർപ്പിച്ചു. നിർധന കുടുംബാംഗമായ ഔഫ് ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ സുഹൃത്തിന്റെ കൈയിൽനിന്ന് പണം കടംവാങ്ങി വരുമ്പോഴാണ് ബുധനാഴ്ച രാത്രി മാരകായുധങ്ങളുമായെത്തിയ മുസ്ലിംലീഗുകാർ ബൈക്ക് തടഞ്ഞ് കുത്തിവീഴ്ത്തിയത്. വലതു നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനുണ്ടായ തിരിച്ചടിയെതുടർന്ന് പ്രദേശത്ത് നിരവധി അക്രമങ്ങൾ സിപിഐ എം പ്രവർത്തകർക്കെതിരെ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഔഫിന്റെ കൊലപാതകവും.
പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, എം വി ഗോവിന്ദൻ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, കെ പി സതീഷ് ചന്ദ്രൻ, ടി വി രാജേഷ് എംഎൽഎ എന്നിവർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. എസ് കെ സജീഷ് ഡിവൈഎഫ്ഐ പതാക പുതിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹിം, വൈസ് പ്രസിഡന്റ് എം വിജിൻ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ