കോതമംഗലം: എക്‌സൈസ് അധികൃതർ നടപടികൾ കടുപ്പിച്ചിട്ടും കിഴക്കൻ മേഖലയിൽ നിന്നും കഞ്ചാവിന്റെ ഒഴുക്ക് ഊർജ്ജിതം. ഹൈറേഞ്ചിൽ ഒരിടത്തും കഞ്ചാവ് കൃഷിയില്ലെന്ന അധികൃതരുടെ ആവർത്തിച്ചുള്ള വെളിപ്പെടുത്തലുകൾക്കിടെയാണ് കിഴക്കൻ മേഖലയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള കഞ്ചാവ് ഒഴുക്ക് വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത് .

അടുത്തിടെ കഞ്ചാവ് കടത്തൽ കേസിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ പതിനഞ്ചോളം വരുന്ന പ്രതികളിൽ എല്ലാവരും കഞ്ചാവ് വാങ്ങിയത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണെന്നാണ് മൊഴിനൽകിയിട്ടുള്ളത്. രാജാക്കാട് പൂപ്പാറ വട്ടവട തുടങ്ങിയ പ്രദേശങ്ങളിലെ മുൻ കഞ്ചാവ് കൃഷി സംഘങ്ങളായിരിക്കാം ഇപ്പോൾ സജീവമായിട്ടുള്ള കഞ്ചാവ് കടത്തിന് പിന്നിലെന്ന് പരക്കെ സംശയമുയർന്നിട്ടും ഇതുസംബന്ധിച്ചുള്ള മുൻ നിഗമനങ്ങളിൽ നിന്നും പിന്മാറാൻ അധികൃതർ തയ്യാറായിട്ടില്ല. 

ഹൈറേഞ്ച് മേഖലയിൽ നിന്നും കഞ്ചാവ് കടത്തൽ കേസിൽ അടുത്തിടെ എക്‌സൈസ് -പൊലീസ് വലയിൽ കുടുങ്ങിയവരെല്ലാം മലയാളികളാണെന്നത് ഈ വഴിക്കുള്ള സംശയം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഹൈറേഞ്ചിലെ കഞ്ചാവ് കർഷകർ ഒഡീഷയിലേക്കും ആന്ധ്രയിലേക്കും ചേക്കേറിയിരിക്കുകയാണെന്നും ഇവരിലാരും നാട്ടിൽ തലപൊക്കിയിട്ടില്ലന്നുമാണ് ഇടുക്കി-എറണാകുളം ജില്ലകളിലെ തലമുതിർന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാദം.

കഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാഹനപരിശോധനക്കിടെ പെരുമ്പാവൂരിലേക്ക് കഞ്ചാവുമായി പോവുകയായിരുന്ന നാല് പേരെയും ഇവർ സഞ്ചരിച്ചിരുന്ന ആഡംബരകാറും എക്‌സൈസ് സംഘം പിടികൂടിയിരുന്നു.രാജാക്കാട് നിന്നുമാണ് തങ്ങൾക്ക് കഞ്ചാവ് ലഭിച്ചതെന്നാണ് ഇവരുടെ മൊഴി. പെരുമ്പാവൂർ പൂപ്പാനി മംഗലശ്ശേരി ഷാ മൻസിൽ മാഹിൻ ഷാ (47), വേങ്ങുർ കണ്ടലൻ ചേരി പുതിയേടം അരുൺ അയ്യപ്പദാസ്(23) ,അശമന്നൂർ പനിച്ചയം മുതുവാശ്ശേരി സത്താർ (43), കവളങ്ങാട് കരിമ്പനക്കൽ കാപ്പിരി ജോണി എന്ന് വിളിക്കുന്ന ജോണി (47) ,എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. . അര കിലോയോളം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഇവർക്ക് കഞ്ചാവ് കൈമാറിയവരെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെകടർ റ്റി.എം.കാസിം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ അഞ്ചാമാത്തെ കഞ്ചാവ് വില്പനസംഘത്തെയാണ് എക്‌സൈസ് സംഘം പിടികൂടുന്നത്. രണ്ട് ദിവസം മുൻപ് കാറിൽ കഞ്ചാവ് കടത്തിയ നാലംഗ വിദ്യാർത്ഥി സംഘത്തെ പിടികൂടിയിരുന്നു. മൂന്നാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവു കടത്തിയ നാല് പേരെയും ബസിൽ കഞ്ചാവുമായി പോവുകയായിരുന്നകോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെയും കുമളി എറണാകുളം കെ.എസ്.ആർ.ടി.സിബസിൽ നിന്നും ഒന്നര കിലോ കഞ്ചാവുമായി രണ്ട് കൊലപാതക കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശിയെയും പിടികൂടിയിരുന്നു .

റെയിഡിന് സർക്കിൾ ഇൻസ്‌പെക്ടർ ,ഇൻസ്‌പെക്ടർ സിറിൾ കെ. മാത്യുസ്, അസി.ഇൻസ്പക്ടർ സി.കെ.സൈഫുദ്ധീൻ, സിവിൽ ഓഫിസർമാരായ കെ.എം.അബ്ദുള്ള കുട്ടി, പി.വി.ഷാജു, പി.എൽ.ജോസ്, കെ.എസ്.ഇബ്രാഹിം, എൽ.സി.ശ്രികുമാർ, എന്നിവർ പങ്കെടുത്തു.പ്രതികളെ കോതമംഗലീ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.